ഒക്ടോബര്‍ 1 മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയില്‍ അടിമുടി മാറ്റം; വിശദാംശം അറിയാം

September 29, 2020 |
|
News

                  ഒക്ടോബര്‍ 1 മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയില്‍ അടിമുടി മാറ്റം; വിശദാംശം അറിയാം

ഒക്ടോബര്‍ ഒന്നു മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയില്‍ അടിമുടി മാറ്റം. ക്ലെയിമില്‍ പെടാത്ത നിലവിലുള്ള അസുഖങ്ങളുടെ മാനദണ്ഡം, പുതിയ രോഗങ്ങളെ ഉള്‍പ്പെടുത്തല്‍, എട്ടു വര്‍ഷം തുടര്‍ച്ചയായി പ്രീമിയം അടച്ചവര്‍ക്ക് ക്ലെയിം നിരസിക്കാതിരിക്കല്‍ എന്നിങ്ങനെ ഉപഭോക്താവിന് കൂടുതല്‍ നേട്ടമുണ്ടാകുന്ന തരത്തിലുള്ള നിരവധി മാറ്റങ്ങളാണ് ഈ മേഖലയില്‍ വരുന്നത്.

ഐആര്‍ഡിഎഐയുടെ സര്‍ക്കുലര്‍ അനുസരിച്ച് എട്ട് വര്‍ഷം തുടര്‍ച്ചയായി പ്രീമിയം അടച്ചിട്ടുണ്ടെങ്കില്‍ പിന്നീട് തക്കതായ കാരണമില്ലാതെ അയാള്‍ക്ക് ക്ലെയിം നിഷേധിക്കാനാവില്ല. തെളിയിക്കപ്പെട്ട വഞ്ചനയുടെ പേരിലോ അല്ലെങ്കില്‍ ഒഴിവാക്കപ്പെട്ട അസുഖങ്ങളുടെ പട്ടികയിലുള്ള പേരിലോ അല്ലാതെ ഇത്തരം കേസുകളില്‍ ക്ലെയിം നിഷേധിക്കാന്‍ ഇനി ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കാവില്ല.

വിവിധ കമ്പനികളുടെ വ്യത്യസ്തങ്ങളായ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളെ ഏകരൂപമാക്കുന്നതിന്റെ ഭാഗമായി 'പ്രീ എക്സിസ്റ്റിംഗ്' രോഗങ്ങളുടെ മാനദണ്ഡങ്ങളില്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി മാറ്റങ്ങള്‍ വരുത്തി. പോളിസി നല്‍കുന്നതിന് 48 മാസങ്ങള്‍ക്ക് മുമ്പ് ഏതെങ്കിലും ഒരു ഫിസിഷ്യന്‍ കണ്ടെത്തുന്ന രോഗം ഇനി പ്രീ എക്സിസ്റ്റിംഗ് ഡിസീസ് ആയി പരിഗണിക്കപ്പെടും.

ആധുനിക ചികിത്സാ രീതികള്‍ കവറേജിന്റെ ഭാഗമാക്കും. പോളിസി കരാറില്‍ നിന്ന് ഇത്തരം ചികിത്സകള്‍ ഒഴിവാക്കുന്നില്ല എന്നറുപ്പു വരുത്തും. യുറിന്‍ ആര്‍ട്ടറി എംബോളിസേഷന്‍, എച്ച് ഐ എഫ് യു, ബലൂണ്‍ സിനുപ്ലാസ്റ്റി, ഡീപ്പ് ബ്രെയിന്‍ സ്റ്റിമുലേഷന്‍, ഓറല്‍ കീമോ തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി, ഇന്‍ട്രാവിട്രീയല്‍ ഇന്‍ഞ്ചക്ഷന്‍, സ്റ്റെം സെല്‍ തെറാപ്പി ഇവ ക്ലെയിമിന്റെ ഭാഗമാക്കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ പലപ്പോഴും ആശുപത്രിയില്‍ പോകാന്‍ മടിക്കുകയാണ്. ഇത് വ്യക്തിയ്ക്കും സമൂഹത്തിനും രോഗം വരുത്തി വയ്ക്കാന്‍ ഇടയാകുമെന്നതിനാല്‍ ടെലി മെഡിസിനും പോളിസിയുടെ ഭാഗമാക്കും. അതായത് ആശുപത്രികളില്‍ ഹാജരാകാതെ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നടത്തിയാലും ഇത് ഇന്‍ഷൂറന്‍സ് ക്ലെയിമിന്റെ പിരധിയില്‍ കൊണ്ടുവന്നിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved