ഒരു ലക്ഷം രൂപയുണ്ടോ? പെറ്റിക്കോട്ട് ബിസിനസില്‍ നല്ലൊരു ബ്രാന്റായി വളരാം

December 06, 2019 |
|
Lifestyle

                  ഒരു ലക്ഷം രൂപയുണ്ടോ? പെറ്റിക്കോട്ട് ബിസിനസില്‍ നല്ലൊരു ബ്രാന്റായി വളരാം

സ്വയം തൊഴിലോ സ്വന്തം സംരംഭമോ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ വന്‍തുക വേണം സ്വന്തമായൊരു സംരംഭം തുടങ്ങാന്‍ എന്ന് കരുതുന്നുണ്ടോ? അത് തെറ്റാണ്. നിങ്ങളുടെ സ്വപ്‌നപദ്ധതികളിലേക്ക് കടക്കാന്‍ അത്രവലിയ നിക്ഷേപമില്ലെങ്കിലും സാധിക്കും. കാരണം പ്രശസ്തമായ പല സംരംഭങ്ങളും ഗ്യാരേജുകളിലും സ്വന്തം വീട്ടിലുമൊക്കെ തുടങ്ങി പിന്നീട് പടര്‍ന്ന് പന്തലിച്ച ഒട്ടനവധി മാതൃകകളുണ്ട്. നിങ്ങള്‍ക്ക് വ്യാപാരത്തില്‍ അഭിരുചിയുണ്ടെങ്കില്‍ അതിന് ഭാവിയുമുണ്ടാകും. അപ്പോള്‍ പറഞ്ഞുവരുന്നത് പരമാവധി ഒരു ലക്ഷം രൂപ ചെലവിടാമെങ്കില്‍ സാധിക്കുന്ന ഒരു ബിസിനസിനെ പറ്റിയാണ്. കേരളത്തില്‍ നല്ലൊരു വിപണി ഇപ്പോഴും ബാക്കിയായുള്ള ഒന്നാണ് പെണ്‍കുട്ടികള്‍ക്കായുള്ള പെറ്റിക്കോട്ട് നിര്‍മാണം. കുട്ടികളുടെ വസ്ത്രവിപണിയില്‍ ധാരാളം ബ്രാന്റുകളുണ്ടെങ്കിലും നമുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പെറ്റിക്കോട്ടുകള്‍ക്കായി ബ്രാന്റുകള്‍ നിലവിലില്ല. വീട്ടമ്മമാര്‍ക്ക് എളുപ്പം തുടങ്ങാവുന്ന സംരംഭമാണിത്.

പെറ്റിക്കോട്ട് ബിസിനസ്

മൂന്ന് മുതല്‍ പന്ത്രണ്ട് വയസുവരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ആവശ്യം വരുന്ന പെറ്റിക്കോട്ടുകള്‍ക്ക് ഇപ്പോള്‍ നല്ല വിപണിയാണ്. സാധാരണ കോട്ടണ്‍മാത്രം ഉപയോഗിച്ചുള്ള പെറ്റിക്കോട്ടുകള്‍ ലഭ്യമാണെങ്കിലും കാഴ്ചയില്‍ മനോഹരമായ നല്ലയിനം ക്ലോത്തുകള്‍ കൊണ്ടുള്ള പെറ്റിക്കോട്ടുകള്‍ ലഭ്യമാകുന്ന കടകള്‍ വളരെ വിരളമാണ്. ഈ മേഖലയില്‍ വ്യതിരിക്തമായി നില്‍ക്കാന്‍ സാധിച്ചാല്‍ വന്‍ വിപണി തന്നെ പിടിക്കാം. 

 ബിസിനസ് തുടങ്ങുന്നത് എങ്ങിനെ?

ആദ്യമായി തയ്യല്‍ അറിയാവുന്ന സ്ത്രീകളെ സംഘടിപ്പിക്കുക. അവരുടെ വീട്ടിലോ അല്ലെങ്കില്‍ നമുക്ക് തന്നെയോ മുറി സൗകര്യം ഒരുക്കി നല്‍കാം. ഇതിനിടെ ഭാവിയില്‍ നല്ലൊരു ബ്രാന്റായി ഉയര്‍ന്നുവരാവുന്ന ഒരു പേര് സ്ഥാപനത്തിനായി കണ്ടുവെക്കാം. മൂലധനമായി ഒരു ലക്ഷം രൂപയും കരുതാം. പിന്നീട് തിരുപ്പൂര്‍,ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ കോട്ടണ്‍ തുണികള്‍ മൊത്തകച്ചവടക്കാരില്‍ നിന്ന് കുറഞ്ഞ തുകയ്ക്ക് നേരിട്ട് വാങ്ങാം. മൂലധനത്തിന്റെ എണ്‍പത് ശതമാനവും ചെലവഴിക്കാം. പാക്കിങ്ങിനും മറ്റുമായി പതിനായിരം രൂപയും മാറ്റിവെക്കാം. ട്രാവല്‍ അടക്കമുള്ള ചെലവുകള്‍ക്ക് പതിനായിരം രൂപയും കാണാം.നമ്മുടെ സംരംഭത്തിനായി ജോലി ചെയ്യാന്‍ തയ്യാറുള്ള തയ്യലുകാരെ കമ്മീഷന്‍ അടിസ്ഥാനത്തില്‍ എടുക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ പീസ് വര്‍ക്കായി വീതിച്ചു നല്‍കാം. അങ്ങിനെ ചെയ്യുമ്പോള്‍ കുറഞ്ഞ ചെലവ് മാത്രമേ നമുക്ക് വരികയുള്ളൂ. നല്ല ഡിസൈനിലും കാഴ്ചയില്‍ മനോഹരമായുമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുക.

വിപണി

കേരളത്തില്‍ മാത്രം 25 ലക്ഷത്തില്‍പരം പെണ്‍കുട്ടികളാണ് മൂന്ന് വയസിനും പന്ത്രണ്ട വയസിനും ഇടയില്‍ പ്രായമുള്ളവരായുള്ളത്. എന്നാല്‍ മികച്ച പെറ്റിക്കോട്ടുകള്‍ ലഭിക്കുന്ന തദ്ദേശീയ ബ്രാന്റുകളില്ല. ഇക്കാര്യം മനസിലുണ്ടായാല്‍ വിപണി പിടിക്കാം. മികച്ച ലാഭം കൊയ്താല്‍ സംരംഭസാധ്യതകള്‍ വിപുലമാക്കുകയും ഭാവിയില്‍ കൂടുതല്‍ മുതല്‍മുടക്കിലേക്ക് നീങ്ങുകയും ചെയ്യാം.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved