പേടിഎമ്മിന്റെ കഥയറിയാം

January 06, 2020 |
|
News

                  പേടിഎമ്മിന്റെ കഥയറിയാം

സര്‍ക്കാര്‍ ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ നിരോധിച്ച കാലം. ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ഇടപാടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ഈ സമയത്ത് രക്ഷകനായി എത്തിയത് പേടിഎം ആയിരുന്നു. പണം പേടിഎം വാലറ്റില്‍ നിക്ഷേപിച്ച് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വ്യാപകമായി ഇടപാടുകള്‍ നടന്നു. പണം കൊണ്ടു നടക്കുന്നതിലും സമയത്തിലും ഏറെ ലാഭം ജനങ്ങള്‍ പേടിഎം എന്ന മൊബൈല്‍ ആപ്പിനെ വിശ്വസ്തനായ പങ്കാളിയാക്കി. ഏത് സേവനത്തിനും പേടിഎം ഉപയോഗിക്കാമെന്ന നിലയിലെത്തിയപ്പോള്‍ വിജയിച്ചത് വിജയ് ശേഖര്‍ ശര്‍മ്മയെന്ന സംരംഭകനായിരുന്നു. ഇന്ത്യയില്‍ ഡിജിറ്റല്‍ ബാങ്കിങ് രംഗത്തെ ജനകീയമാക്കിയ വ്യക്തിയാണ് വിജയ് ശേഖര്‍ ശര്‍മ്മ. വിജയുടെ വിജയത്തിന് പിന്നില്‍ ത്യാഗത്തിന്റേയും ആത്മ സര്‍പ്പണത്തിന്റേയും ഒട്ടേറെ കഥകളുണ്ട്. ഉത്തര്‍പ്രദേശില്‍ അലിഗഢിനോട് ചേര്‍ന്ന ചെറു നഗരത്തിലാണ് വിജയ് ശേഖര്‍ ശര്‍മയുടെ ജനനം. പഠന കാലത്ത് തന്നെ മികച്ച വിദ്യാര്‍ത്ഥിയെന്ന പേര് അദ്ദേഹത്തിന് ലഭിച്ചിരുന്നു. പത്താം തരം പാസായി ഉടനെ പതിനാലാം വയസില്‍ സെക്കണ്ടറി വിദ്യാഭ്യാസവും അദ്ദേഹം പൂര്‍ത്തിയാക്കി. എഞ്ചിനീയറാവുകയായിരുന്നു ലക്ഷ്യം. ഇതിനായി ശ്രമിച്ചെങ്കിലും എന്‍ട്രസ് 

എഴുതാന്‍ പ്രായമായില്ലെന്ന് പറഞ്ഞതോടെ ആ ശ്രമം നടന്നില്ല. ഡല്‍ഹി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ പ്രത്യേക അനുമതിയോടെ പരീക്ഷയെഴുതിയാണ് അഡ്മിഷന്‍ നേടിയത്. കോളേജ് വിദ്യാഭ്യാസം ചെയ്യുന്ന കാലം മുതല്‍ തന്നെ വിജയ് സംരംഭകനായിരുന്നു. മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ സഹപാഠിയുമായി ചേര്‍ന്ന് ആദ്യ സ്റ്റാര്‍ട്ടപ്പ് സംരംഭം തുടങ്ങി. ഓണ്‍ലൈന്‍ വെബ് സൈറ്റുകള്‍ക്ക് സഹായകമായ കണ്ടെന്റ് മാനേജ്മെന്റ് സിസ്റ്റംസ് (സി.എം.എസ.) തയ്യാറാക്കി നല്‍കുന്നതായിരുന്നു ആദ്യ സംരംഭം. കോളജിന്റെ വെബ്സൈറ്റും ഇമെയില്‍ സര്‍വ്വീസും സൗജന്യമായി ഹാന്‍ഡില്‍ ചെയ്യാമെന്ന വ്യവസ്ഥയില്‍ ക്യാംപസിനുളളില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ അവസരം ഒരുങ്ങി. പിന്നീട് പല സംരംഭങ്ങളും ആരംഭിച്ചെങ്കിലും വിജയിച്ചില്ല. വണ്‍97 കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും ഈ കാലത്ത് ആരംഭിച്ചു. ഇരുന്നൂറ് രൂപ കൊണ്ട് രണ്ടാഴ്ച കാലം ജീവിച്ചതും രണ്ട് കാപ്പി മാത്രം കുടിച്ച് ഒരു ദിവസത്തെ വിശപ്പ് അടക്കിയതും പണം ലാഭിക്കാനായി ബിസിനസ് മീറ്റിങുകള്‍ക്കായി പതിനാല് കിലോമീറ്റര്‍ നടന്നതുമെല്ലാം ഈ കഷ്ടപ്പാടിന്റെ കാലത്തായിരുന്നു. 

 പുത്തന്‍ ആശങ്ങള്‍ എന്നും ആവേശമായിരുന്ന വിജയ് വിജയ് ശേഖര്‍ ശര്‍മ ഒടുവില്‍ പേടിഎമെന്ന തന്റെ തലവരമാറ്റിയ കണ്ടു പിടുത്തത്തിലേയ്ക്കെത്തി. പേഴ്സും സ്മാര്‍ട്ട് ഫോണും ഒന്നിപ്പിച്ചാല്‍ ഗുണകരമാകുമെന്ന ചിന്തയില്‍ നിന്നാണ് പേടിഎം ഉദയം കൊള്ളുന്നത്. 2010ല്‍ മൊബൈല്‍ റീച്ചാര്‍ജ്ജിങ് വെബ് സൈറ്റായി പേടിഎം തുടങ്ങി. ക്രമേണ ഉപഭോക്താക്കള്‍ കൂടി വന്നു. 24 മണിക്കൂര്‍ കസ്റ്റമര്‍ കെയര്‍ സര്‍വ്വീസും പേ ബാക്ക് ഓഫറും നല്‍കിയതോടെ പേടിഎം വേഗത്തില്‍ ജനങ്ങള്‍ക്കിടയിലെത്തി. 

 ചൈന സന്ദര്‍ശനത്തിനിടെ ഹോട്ടലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പണമടയ്ക്കുന്ന രീതി നേരിട്ട് കണ്ടതോടെ വിജയ് അതേ മാതൃക ഇന്ത്യയിലെത്തിക്കണമെന്ന് ഉറപ്പിച്ചു. സെക്കന്‍ഡുകള്‍ക്കുളളില്‍ പണമിടപാട് നടക്കുന്നത് നോക്കി നിന്നു കണ്ടു. ഒപ്പം പണമടച്ചതിന്റെ ഇന്‍വോയ്സും ഫോണിലേക്ക് വന്നു. സ്‌കാനറും കംപ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഉപയോഗിച്ചായിരുന്നു ഇത് സാദ്ധ്യമായത്. ഇന്റര്‍നെറ്റ് വ്യാപകമാകാതിരുന്ന രാജ്യത്ത് ഈ ആശയം നടപ്പിലാക്കിയാല്‍ വിജയിക്കുമോയെന്ന ആശങ്ക ആശയം പങ്കുവെച്ചപ്പോള്‍ മറ്റുള്ളവര്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിജയ് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി വിജയരഥത്തിലേറി. 2014 ല്‍ പേടിഎം വാലറ്റ് എന്ന ആശയം അവതരിപ്പിച്ചു.

രണ്ട് വര്‍ഷത്തിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ പേമെന്റ് സര്‍വ്വീസ് പ്ലാറ്റ്ഫോമായി പേടിഎം മാറി. രത്തന്‍ടാറ്റയും അലിബാബയും പേടിഎമ്മില്‍ നിക്ഷേപകരായെത്തി. മൊബൈല്‍ വാലറ്റ് കമ്പനിയില്‍ നിന്ന് കഴിഞ്ഞ മെയ് മാസത്തില്‍ പേമെന്റ് ബാങ്കിലേക്ക് പേടിഎം വളര്‍ന്നു. ബാങ്കിങ് നെറ്റ് വര്‍ക്ക് ശക്തമാക്കാന്‍ അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ 400 കോടി രൂപയാണ് പേടിഎം നിക്ഷേപിക്കുന്നത്. 

 

Related Articles

© 2024 Financial Views. All Rights Reserved