മൂന്നാമതും ജിയോയില്‍ വന്‍ നിക്ഷേപം; വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സ് 11,367 കോടി രൂപ നിക്ഷേപം നടത്തുന്നു

May 08, 2020 |
|
News

                  മൂന്നാമതും ജിയോയില്‍ വന്‍ നിക്ഷേപം; വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സ് 11,367 കോടി രൂപ നിക്ഷേപം നടത്തുന്നു

മുംബൈ: സ്വകാര്യ ഇക്വിറ്റി കമ്പനിയായ വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സ് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയില്‍ 11,367 കോടി രൂപ നിക്ഷേപം നടത്തും. ഇതുവഴി ജിയോ പ്ലാറ്റ്ഫോമിന്റെ 2.32 ശതമാനം ഓഹരിയാണ് വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സ് വാങ്ങുക. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ജിയോയില്‍ നിക്ഷേപം നടത്തുന്ന മൂന്നാമത്തെ വലിയ കമ്പനിയാണിത്.

നേരത്തെ, ഫെയ്സ്ബുക്കും യുഎസ് ഇക്വിറ്റി കമ്പനിയായ സില്‍വര്‍ ലേക്കും ജിയോയില്‍ നിക്ഷേപം നടത്തിയിരുന്നു. ജിയോയുടെ ഒരു ശതമാനം വരുന്ന ഓഹരിയാണ് സില്‍വര്‍ ലേക്ക് വാങ്ങിയത് (5,655.75 കോടി രൂപ). ജിയോയില്‍ 9.99 ശതമാനം ഓഹരി ഫെയ്‌സ്ബുക്കിനുണ്ട്. 570 കോടി ഡോളറാണ് ഫെയ്സ്ബുക്ക് ഇതിനായി ചെലവിട്ടത്.

പുതിയ നിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ ജിയോ പ്ലാറ്റ്ഫോമുകള്‍ 4.91 ലക്ഷം കോടി രൂപയുടെ ഇക്വിറ്റി മൂല്യവും 5.16 ലക്ഷം കോടി രൂപയുടെ എന്റര്‍പ്രൈസ് മൂല്യവും കൈവരിച്ചതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് വെള്ളിയാഴ്ച്ച ഔദ്യോഗിക പ്രസ്താവനയിറക്കി. വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സിന്റെ നിക്ഷേപം കൂടിയാകുമ്പോള്‍ മൊത്തം 60,596 കോടി രൂപയില്‍ എത്തിനില്‍ക്കും ജിയോ പ്ലാറ്റ്ഫോമുകളുടെ ആസ്തി. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് റിലയന്‍സ് ജിയോ. 38 കോടിയില്‍പ്പരം വരിക്കാരുണ്ട് കമ്പനിക്ക്. ജിയോ സിനിമ, ജിയോ സാവന്‍, ഹാപ്റ്റിക് തുടങ്ങിയ കമ്പനിയുടെ മറ്റു ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ജിയോയ്ക്ക് കീഴിലാണ് നിലകൊള്ളുന്നത്.

വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സിന്റെ കാര്യമെടുത്താല്‍ സോഫ്റ്റ്വെയര്‍, ഡേറ്റ, വിവരസാങ്കേതികവിദ്യ എന്നിവയില്‍ കേന്ദ്രീകരിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഇക്വിറ്റി കമ്പനിയാണിത്. 57 ബില്യണില്‍പ്പരമുണ്ട് വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സിന്റെ മൂലധനനിക്ഷേപം. ജിയോയുടെ ഏറ്റവും മൂല്യമുള്ള പങ്കാളികളില്‍ ഒന്നായി മാറാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് വിസ്റ്റ സ്ഥാപകനും ചെയര്‍മാനും സിഇഓയുമായ റോബര്‍ട്ട് എഫ് സ്മിത്ത് പറഞ്ഞു. ഇന്ത്യന്‍ ഡിജിറ്റല്‍ സമൂഹത്തിന്റെ മാറ്റത്തിനായി റിലയന്‍സിനൊപ്പം തങ്ങളും പങ്കുചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

© 2024 Financial Views. All Rights Reserved