വായ്പാ പലിശ നിരക്കുകളില്‍ ഇളവ് വരുത്തി പഞ്ചാബ് നാഷണല്‍ ബാങ്ക്

October 15, 2021 |
|
News

                  വായ്പാ പലിശ നിരക്കുകളില്‍ ഇളവ് വരുത്തി പഞ്ചാബ് നാഷണല്‍ ബാങ്ക്

ഉത്സവകാല സീസണ്‍ മുന്‍നിര്‍ത്തിക്കൊണ്ട് പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്വര്‍ണ വായ്പാ പലിശ നിരക്കുകളില്‍ കുറവ് വരുത്തി. സ്വര്‍ണാഭരണങ്ങള്‍, സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി) എന്നിവ ഈടായി നല്‍കിക്കൊണ്ടുള്ള വായ്പകളുടെ പലിശ നിരക്കില്‍ 1.45 ശതമാനം കുറവ് വരുത്തിയിരിക്കുന്നതായി പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു. സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്ക് മേലുള്ള വായ്പകളില്‍ 7.20 ശതമാനവും, സ്വര്‍ണാഭരണങ്ങള്‍ക്ക് മേലുള്ള വായ്പകളില്‍ 7.30 ശതമാനവുമാണ് നിലവില്‍ ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്.

അതോടൊപ്പം ഭവന വായ്പകളുടെ പലിശ നിരക്കിലും ബാങ്ക് ഇളവ് വരുത്തിയിട്ടുണ്ട്. 6.60 ശതമാനമെന്ന കുറഞ്ഞ നിരക്കില്‍ ഇപ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ഉപയോക്താക്കള്‍ക്ക് ഭവന വായ്പ ലഭ്യമാകും. അതേ സമയം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കാര്‍ വായ്പ ആരംഭിക്കുന്നത് 7.15 ശതമാനം പലിശ നിരക്ക് മുതലാണ്. വ്യക്തിഗത വായ്പകള്‍ ഉപയോക്താക്കള്‍ക്ക് 8.95 ശതമാനം പലിശ നിരക്ക് മുതലും ലഭ്യമാകും.

ഭവന വായ്പകള്‍ക്കും വാഹന വായ്പകള്‍ക്കും സര്‍വീസ് ചാര്‍ജും പ്രൊസസിംഗ് ചാര്‍ജും ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അതേ സമയം ഭവന വായ്പകളുടെ മാര്‍ജിനിലും പഞ്ചാബ് നാഷണല്‍ ബാങ്ക് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രൊപ്പര്‍ട്ടി വാല്യുവിന്റെ 80 ശതമാനം വരെയാണ് ഉപയോക്താക്കള്‍ക്ക് ഭവന വായ്പയായി ലഭ്യമാവുക.

ഭവന വായ്പകള്‍ക്ക് 6.60 ശതമാനം മുതലും കാര്‍ വായ്പകള്‍ക്ക് 7.15 ശതമാനം മുതലും സോവറീന്‍ ഗോള്‍ഡ് ബോണ്ട് വായ്പകള്‍ക്ക് 7.20 ശതമാനവും, സ്വര്‍ണാഭരണ വായ്പയ്ക്ക് 7.30 ശതമാനവും, വ്യക്തിഗത വായ്പയ്ക്ക് 8.95 ശതമാനവുമാണ് ഈ ഉത്സവ കാലത്ത് പഞ്ചാബ് നാഷണല്‍ ബാങ്ക് ഈടാക്കുന്ന വായ്പാ പലിശ നിരക്കുകള്‍. അതേ സമയം വാട്‌സാപ്പിലൂടെയുള്ള തത്സമയ വായ്പാ വിതരണ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് ഐഐഎഫ്എല്‍. ഈ പുതിയ പദ്ധതി പ്രകാരം ജനകീയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഉപയോക്താക്കള്‍ക്ക് ഐഐഎഫ്എല്‍ നിന്നും ലഭ്യമാകും.

Related Articles

© 2024 Financial Views. All Rights Reserved