'ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങള്‍ മുതല്‍ ഓലയും യൂബറും വരെ ജീവനക്കാരുടെ എണ്ണം പങ്കുവെക്കണം'; തിരഞ്ഞെടുക്കപ്പെട്ട 23 സ്ഥാപനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി സര്‍ക്കാര്‍

August 13, 2019 |
|
News

                  'ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങള്‍ മുതല്‍ ഓലയും യൂബറും വരെ ജീവനക്കാരുടെ എണ്ണം പങ്കുവെക്കണം'; തിരഞ്ഞെടുക്കപ്പെട്ട 23 സ്ഥാപനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്തെ പ്രഫഷണല്‍ സ്ഥാപനങ്ങളായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കമ്പനികള്‍,ആര്‍ക്കിടെക്ടുകളുടെ സ്ഥാപനങ്ങള്‍ തുടങ്ങി രാജ്യത്തെ ഓണ്‍ലൈന്‍ ടാക്‌സി ഭീമന്മാരായ ഓലയും യൂബറും വരെ ജീവനക്കാരുടെ വിവരങ്ങള്‍ ഫയല്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതിനായി സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഉന്നതതല യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ 23 സ്ഥാപനങ്ങളോടാണ് ഇത്തരത്തില്‍ ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇതില്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളായ ഓലയും യൂബറും അടങ്ങും. ഇവര്‍ റിക്രൂട്ട് ചെയ്യുന്ന ഡ്രൈവര്‍മാരുടെ കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കണമെന്നാണ് നിര്‍ദ്ദേശം. മാത്രമല്ല രാജ്യത്തെ ജോലികളുടെ ഗുണനിലവാരം സംബന്ധിച്ചും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആശങ്കകള്‍ ഉയരുന്നുണ്ട്. മാത്രമല്ല രാജ്യത്തെമ്പാടുമുള്ള പ്രഫഷണല്‍ ബോഡികളില്‍ നിന്നും ജീവനക്കാരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കണമെന്നും സര്‍ക്കാരിനുള്ളില്‍ തന്നെ പൊതു അഭിപ്രായം ഉയരുന്നുണ്ട്. 

ശേഖരിക്കുന്ന വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ലേബര്‍ ബ്യൂറോയില്‍ ശേഖരിക്കും. ഡാറ്റാ അനാലിസിസ് സെല്‍ വഴി ഇത്തരത്തില്‍ വിവരശേഖരണം നടത്താന്‍ നീതി ആയോഗ് ആദ്യം ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ പങ്കെടുക്കാന്‍ സ്ഥാപനങ്ങള്‍ വിമുഖത കാട്ടിയതോടെ പദ്ധതി പാളിപ്പോവുകയായിരുന്നു. 

തൊഴില്‍ നിയമങ്ങളുടെ എണ്ണം കുറയ്ക്കുക, നിയമങ്ങള്‍ ലളിതവും യുക്തിസഹവുമാക്കുക എന്നീ ലക്ഷ്യങ്ങള്‍ അവകാശപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ കോഡ് ഓണ്‍ വേജസ് പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിച്ചു നിയമമാക്കി മാറ്റാനുള്ള പ്രാഥമിക നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞിരിക്കയാണ്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ 1936ലെ പേയ്മെന്റ ് ഓഫ് വേജസ് ആക്ട്, 1948ലെ മിനിമം വേജസ് ആക്ട്, 1965ലെ ബോണസ് ആക്ട്, 1976ലെ ഈക്വല്‍ റെമ്യൂണറേഷന്‍ ആക്ട് എന്നിവ റദ്ദാക്കപ്പെടും.

രണ്ടാം ലേബര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടിലാക്കാന്‍ ഉദ്ദേശിക്കുന്ന നാല് ലേബര്‍ കോഡുകളില്‍ ഒന്നാണ് വേജ് കോഡ്. മിനിമം വേജസ് ആക്ടിനോടു ചേര്‍ന്നുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്കു ചുരുങ്ങിയ വേതനം നിര്‍ണയിക്കാനുള്ള അധികാരമേ ഇപ്പോള്‍ സര്‍ക്കാരുകള്‍ക്കുള്ളൂ.

എന്നാല്‍ പുതിയ കോഡിലെ വ്യവസ്ഥകളനുസരിച്ച് ഏതു മേഖലയിലെ തൊഴിലാളിക്കും കുറഞ്ഞ കൂലി ബാധകമാക്കാവുന്നതാണ്. രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും കുറഞ്ഞ വേതനം നിര്‍ണയിക്കാനുള്ള അധികാരം പുതിയ കോഡ് കേന്ദ്ര സര്‍ക്കാരിനു നല്‍കുന്നുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved