പണമിറക്കി ലാഭം കൊയ്യാന്‍ എല്‍ഐസി; ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു

December 13, 2021 |
|
News

                  പണമിറക്കി ലാഭം കൊയ്യാന്‍ എല്‍ഐസി;  ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു

സ്വകാരല്‍വല്‍ക്കരണത്തിനു തയാറെടുക്കുന്ന പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) നിക്ഷേപത്തിന് തയാറെടുക്കുന്നു. സ്വകാര്യ ബാങ്കായ ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ നിക്ഷേപം വര്‍ധിപ്പിക്കുക വഴി വിപണികളില്‍ പണമിറക്കി ലാഭം കൊയ്യുക എന്ന തത്വമാണ് എല്‍ഐസി പയറ്റുന്നതെന്നു വ്യക്തം. ബാങ്കിലെ ഓഹരി പങ്കാളിത്തം നിലവിലെ 4.59 ശതമാനത്തില്‍ നിന്ന് 9.99 ശതമാനം ആയി ഉയര്‍ത്താനാണ് എല്‍ഐസിക്ക് റിസര്‍വ് ബാങ്കില്‍ നിന്നും അനുമതി ലഭിച്ചത്. വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട് വിസില്‍ബ്ലോവര്‍മാര്‍ രംഗത്തെത്തിയതോടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ കഴിഞ്ഞ കുറച്ചു നാളുകളായി തളര്‍ച്ചയിലാണ്. ഈ സമയത്താണ് എല്‍ഐസിയുടെ അധിക നിക്ഷേപമെത്തുന്നതെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്‍ഡസ്ഇന്‍ഡ് ഓഹരികള്‍ ഒമ്പതു ശതമാനത്തോളം നഷ്ടം വരിച്ചിട്ടുണ്ട്. കോട്ടക് മഹീന്ദ്ര ബാങ്കിലെ നിക്ഷേപം ഉയര്‍ത്തുന്നതിനും എല്‍ഐസിക്ക് കഴിഞ്ഞ മാസം 29ന് ആര്‍ബിഐ അനുമതി നല്‍കിയിരുന്നു. നിക്ഷേപങ്ങള്‍ 4.96 ശതമാനത്തില്‍ നിന്ന് 9.99 ശതമാനമാക്കി ഉയര്‍ത്താനാണ് അനുമതി നല്‍കിയത്. നിലവില്‍ ഉദയ് കൊട്ടകിനും കുടുംബത്തിനുമായി കോട്ടക് ബാങ്കില്‍ 26 ശതമാനം ഓഹരിയുണ്ട്. കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡിന് 6.37 ശതമാനം ഓഹരിയുണ്ട്. പ്രമോട്ടര്‍മാരുടെ ഓഹരി വിഹിതം 15 ശതമാനമാക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശത്തിനെതിര്ര ഉദയ് കൊട്ടക് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പ്രമോട്ടര്‍ വിഹിതം 26 ശതമാനമായി നിജപ്പെടുത്തിയത്.

ഐപിഒയുമായി മുന്നോട്ടു പോകുന്ന എല്‍ഐസി വിപണികളിലെ സാന്നിധ്യം ശക്തമാക്കുകയാണ് ഏറ്റെടുപ്പുകളിലൂടെ ലക്ഷ്യമിടുന്നത്. എല്‍ഐസിയുടെ 10 ശതമാനം ഓഹരികളാണ് സര്‍ക്കാര്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്നത്. എല്‍ഐസിയുടെ മൂല്യനിര്‍ണയത്തില്‍ ബാങ്കര്‍മാര്‍ ഇതുവരെ പൂര്‍ണമായ സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും 10- 12 ലക്ഷം കോടി രൂപ മൂല്യമാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇത് സര്‍ക്കാരിന് കുറഞ്ഞത് ഒരു ലക്ഷം കോടി രൂപയെങ്കിലും സമാഹരിക്കുന്നതിന് കാരണമാകും. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ദിപം) ജനുവരി- മാര്‍ച്ച് പാദത്തില്‍ എല്‍ഐസി ഐപിഒ അവതരിപ്പിക്കാനാണു ലക്ഷ്യമിടുന്നത്.

245 ഓളം ഇന്‍ഷുറന്‍സ് കമ്പനികളേയും പ്രൊവിഡന്റ് സൊസൈറ്റിയേയും ഒരു കുടക്കീഴില്‍ അണിനിരത്തി 1956ലാണ് സര്‍ക്കാര്‍ എല്‍ഐസിക്കു തുടക്കമിട്ടത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍ഐസിക്ക് എട്ട് സോണല്‍ ഓഫീസുകളും 113 ഡിവിഷണല്‍ ഓഫീസുകളുമുണ്ട്. പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ സ്ഥാപനത്തിന്റെ മൂലധനം അഞ്ചു കോടി രൂപയായിരുന്നു. എന്നാല്‍ ഇന്ന് അത് 38,04,610 കോടിയാണ്(മാര്‍ച്ച് പ്രകാരം). 36,76,170 കോടി രൂപയുടെ നിക്ഷേപമുണ്ട്.

എല്‍ഐസിയുടെ ഓഹരി വില്‍പ്പന രണ്ടുഘട്ടമായി നടത്താനാണു സാധ്യതയുള്ളത്. രാജ്യം കണ്ടതില്‍വച്ച് ഏറ്റവും വലിയ ഐപിഒയാകും എല്‍ഐസിയുടേത്. ഇതോടകം വിപണിയില്‍ എല്‍ഐസി ഓഹരികള്‍ക്കായി നിക്ഷേപകര്‍ മുറവിളി തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഹരികള്‍ വഴി 2021- 22 വര്‍ഷം 1.75 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ പ്രതീക്ഷ എല്‍ഐസി ഓഹരികളിലാണ്.

Related Articles

© 2024 Financial Views. All Rights Reserved