ഉപഭോക്താക്കള്‍ കുറഞ്ഞെങ്കിലും മികച്ച അറ്റാദായം നേടി റിലയന്‍സ് ജിയോ

May 07, 2022 |
|
News

                  ഉപഭോക്താക്കള്‍ കുറഞ്ഞെങ്കിലും മികച്ച അറ്റാദായം നേടി റിലയന്‍സ് ജിയോ

ന്യൂഡല്‍ഹി: കഴിഞ്ഞ ഡിസംബറിലെ താരിഫ് വര്‍ധനവിന് ശേഷമുള്ള മൊബൈല്‍ സിം ഏകീകരണം ഉപഭോക്തൃ എണ്ണത്തില്‍ 10.9 ദശലക്ഷത്തിന്റെ കുറവിന് കരണമായെങ്കിലും റിലയന്‍സ് ജിയോയുടെ നാലാം പാദത്തിലെ അറ്റാദായം 24 ശതമാനം വര്‍ധിച്ച് 4,173 കോടി രൂപയിലെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ജിയോയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 20.4 ശതമാനം വര്‍ധിച്ച് 20,901 കോടി രൂപയായി.

2022 മാര്‍ച്ച് പാദത്തിലെ മൊത്ത വരുമാനം 26,139 കോടി രൂപയായി. ഇത് ഏകദേശം 21 ശതമാനം കൂടുതലാണ്. 2022 മാര്‍ച്ചിലെ മൊത്തം ഉപഭോക്തൃ എണ്ണം 410.2 ദശലക്ഷമാണ്. അതേസമയം എല്ലാ ടെലികോം കമ്പനികള്‍ക്കും ഒരു പ്രധാന മെട്രിക് ആയ എആര്‍പിയു (ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം) ഈ പാദത്തില്‍ ഒരു വരിക്കാരന് പ്രതിമാസം 167.6 രൂപയാണ്. ഡിസംബര്‍ പാദത്തില്‍ ഒരു ഉപഭോക്താവിന്റെ ശരാശരി എആര്‍പിയു പ്രതിമാസം 151.6 രൂപയായി കണക്കാക്കിയിട്ടുണ്ട്. ഈ പാദത്തില്‍ മൊത്തം ഡാറ്റ ട്രാഫിക് 24.6 ബില്യണ്‍ ജിബി ആയിരുന്നു. ഇത് 47.5 ശതമാനം വളര്‍ച്ചയിലേക്ക് നയിച്ചു.

മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ജിയോ പ്ലാറ്റ്‌ഫോമുകളുടെ മൊത്ത വരുമാനം 17.1 ശതമാനം വര്‍ധിച്ച് 95,804 കോടി രൂപയായി ഉയര്‍ന്നു. ജിയോ പ്ലാറ്റ്‌ഫോമിന്റെ 2022 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 15,487 കോടി രൂപയാണ്. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 23.6 ശതമാനം കൂടുതലാണ്. 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ടെലികോം സേവന വിഭാഗമായ റിലയന്‍സ് ജിയോയുടെ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം 23 ശതമാനം വര്‍ധിച്ച് 14,854 കോടി രൂപയായി. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 12,071 കോടി രൂപയായിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved