'ട്രൈബറുമായി' നിരത്ത് കീഴടക്കാന്‍ റെനോ; അഞ്ചു ലക്ഷം വില വരുന്ന വാഹനം സമ്മാനിക്കുന്നത് ഏഴ് സീറ്റ് കപ്പാസിറ്റി മുതല്‍ 20.5 കിലോമീറ്റര്‍ മൈലേജ് വരെ

August 30, 2019 |
|
Lifestyle

                  'ട്രൈബറുമായി' നിരത്ത് കീഴടക്കാന്‍ റെനോ; അഞ്ചു ലക്ഷം വില വരുന്ന വാഹനം സമ്മാനിക്കുന്നത് ഏഴ് സീറ്റ് കപ്പാസിറ്റി മുതല്‍ 20.5 കിലോമീറ്റര്‍ മൈലേജ് വരെ

വാഹന രംഗത്ത് കടുത്ത പ്രതിസന്ധി നേരിടുന്ന വേളയിലാണ് പുത്തന്‍ മോഡലുകള്‍ ഇറക്കി വിപണി കീഴടക്കാന്‍ മുന്‍നിര ബ്രാന്‍ഡുകള്‍ മത്സരിക്കുന്നത്. ഈ വേളയിലാണ് ചെറു വാഹനങ്ങളുമായും എസ്‌യുവികളുമായും രംഗത്തെത്തി ശ്രദ്ധ നേടിയ റെനോ പുത്തന്‍ കാറുമായി വിപണി ഗോദായിലേക്ക് ഇറങ്ങുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ ലഭിക്കുന്ന ഏഴ് സീറ്റര്‍ വാഹനങ്ങളില്‍ ഏറ്റവും വിലക്കുറവുമായിട്ടാണ് ട്രൈബര്‍ രംഗത്തെത്തുന്നത്. അടിസ്ഥാന മോഡലായ എക്‌സ് എല്‍ഇയ്ക്ക് 4.95 ലക്ഷം രൂപയാണ് വില. ആര്‍എക്‌സ്എല്ലിനും ആര്‍എക്‌സ്ടിയ്ക്കും 5.49 ലക്ഷവും 5.99 ലക്ഷവുമാണ് വില. ആര്‍എക്‌സ്ഇസെഡ് മോഡലിന് 6.49 ലക്ഷം രൂപയാണ് വിലയെന്നും കമ്പനി അറിയിച്ചു.

ഇന്ത്യയിലേയും ഫ്രാന്‍സിലേയും ഡിസൈന്‍ സെന്ററുകള്‍ സംയുക്തമായാണ് പുതിയ വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ ഇന്ത്യയിലും പിന്നീട് ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലുമടക്കമുള്ള വിപണികളില്‍ ഈ വാഹനം വില്‍പ്പനയ്‌ക്കെത്തും. നാലു മീറ്ററില്‍ താഴെ നീളവും എസ്യുവി ചന്തവുമാണ് ട്രൈബറിന്.  റെനൊയുടെ ഗ്ലോബല്‍ വാഹനങ്ങളോട് സാമ്യം തോന്നുന്ന വലിയ ഗ്രില്ലും പ്രൊജക്ടര്‍ ഹെഡ്ലാംപുകളും ഡേടൈം റണ്ണിങ് ലാംപും. മുന്‍വശം കൂടുതല്‍ സ്‌പോര്‍ട്ടിയാക്കാന്‍ ബ്ലാക്ക് ക്ലാഡിങ്ങും സില്‍വര്‍ ഫിനിഷുള്ള സ്‌കീഡ് പ്ലേറ്റും നല്‍കിയിട്ടുണ്ട്. 3990 എംഎം നീളവും 1739 എംഎം വീതിയും (മിററുകള്‍ ഉള്‍പ്പെടുത്താതെ) 1643 എംഎം ഉയരവും (റൂഫ് റെയില്‍ ഇല്ലാതെ) 2636 എംഎം വീല്‍ബെയ്‌സുമുണ്ട് വാഹനത്തിന്.

ഉയരത്തിലും നീളത്തിലുമെല്ലാം നാലു മീറ്ററില്‍ താഴെയുള്ള കോംപാക്റ്റ് വാഹനങ്ങളോട് അടുത്തു നില്‍ക്കുമെങ്കിലും വീല്‍ബെയ്‌സ് എല്ലാവരെക്കാളും മുകളിലാണ്. ഒരു ലീറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന ട്രൈബറിന് 72 പിഎസ് കരുത്തും 96 എന്‍എം ടോര്‍ക്കുമുണ്ട്. മികച്ച പെര്‍ഫോമന്‍സും ഇന്ധനക്ഷമതയുമുള്ള എന്‍ജിന് പരിപാലനച്ചെലവ് വളരെ കുറവാണ്. 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളില്‍ ട്രൈബര്‍ ലഭിക്കും. ലീറ്ററിന് 20.5 കിലോമീറ്റാണ് ട്രൈബറിന്റെ എആര്‍എഐ സര്‍ട്ടിഫൈഡ് ഇന്ധനക്ഷമത. 

5, 6, 7 എന്നീ കോണ്‍ഫിഗറേഷനുകളിലേക്ക് ക്രമീകരിക്കാവുന്ന സീറ്റുകളാണ് ട്രൈബറിനുള്ളത്. നിലവാരമുള്ള സീറ്റുകള്‍. ഏഴു സീറ്റും ഉപയോഗിക്കുകയാണെങ്കില്‍ 84 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റിയും 6 സീറ്റ് കോണ്‍ഫിഗറേഷനിലാണെങ്കില്‍ 320 ലീറ്റര്‍ കപ്പാസിറ്റിയും 5 സീറ്റ് കോണ്‍ഫിഗറേഷനിലാണെങ്കില്‍ 625 ലീറ്റര്‍ ബൂട്ട് കപ്പാസിറ്റിയുമുണ്ട്. ആധുനികവും വിശാലവും എന്നാല്‍ ഒതുക്കമുള്ളതുമായ അള്‍ട്രാ മോഡുലാര്‍ രൂപമുള്ള വാഹനമാണ് ട്രൈബര്‍. മികച്ച ഫിനിഷുള്ള ഡ്യുവല്‍ ടോണ്‍ ഇന്റരീയര്‍.

എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം (നിലവിലെ റെനൊ വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിനെക്കാള്‍ വലുത്), റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, റിവേഴ്‌സ് ക്യാമറ എന്നിവയും പ്രധാന ആകര്‍ഷണങ്ങള്‍. യുഎസ്ബി, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയവയുള്ള ഇന്‍ഫോടെന്‍മെന്റ് സിസ്റ്റമാണ്. 3.5 ഇഞ്ച് എല്‍സിഡി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ട്രൈബറിന്റെ മറ്റൊരു പ്രത്യേകത.

Related Articles

© 2024 Financial Views. All Rights Reserved