ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുക്കല്‍: ലോങ് സ്റ്റോപ്പ് ഡേറ്റ് നീട്ടി റിലയന്‍സ്

April 05, 2021 |
|
News

                  ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുക്കല്‍: ലോങ് സ്റ്റോപ്പ് ഡേറ്റ് നീട്ടി റിലയന്‍സ്

മുംബൈ: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍, ഹോള്‍സെയില്‍ ബിസിനസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ലോങ് സ്റ്റോപ്പ് ഡേറ്റ് നീട്ടി റിലയന്‍സ്. ഓഹരി കൈമാറ്റം സംബന്ധിച്ച എല്ലാ നിബന്ധനകളും പരസ്പരം അംഗീകരിക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്ന കാലാവധിയുടെ അവസാന ദിനമാണ് ലോങ് സ്റ്റോപ്പ് ഡേറ്റ്. ആമസോണുമായി ബന്ധപ്പെട്ട നിയമ യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ കാലാവധി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയില്‍ വെഞ്ചേഴ്‌സ് നീട്ടിയിരിക്കുന്നത്.

2021 മാര്‍ച്ച് 31 എന്ന് നിശ്ചയിച്ചിരിക്കുന്ന തീയതി സെപ്റ്റംബര്‍ 30 ലേക്ക് നീട്ടിയിരിക്കുന്നത്. 24,713 കോടി രൂപ മൂല്യമുളളതാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് -റിലയന്‍സ് ഓഹരി വില്‍പ്പന ഇടപാട്. 2020 ഓഗസ്റ്റ് 29 നാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ്- റിലയന്‍സ് ഇടപാട് പ്രഖ്യാപിക്കുന്നത്. ഇതിനെതുടര്‍ന്ന് യുഎസ് ഇ- കൊമേഴ്‌സ് ഭീമനായ ആമസോണ്‍ നിയമപോരാട്ടം ആരംഭിച്ചു. മുന്‍ നിശ്ചയിച്ച കരാറിന്റെ ലംഘനം ആരോപിച്ചാണ് ആമസോണ്‍ നിയമപോരാട്ടം തുടങ്ങിയത്.

യുഎസ് റീട്ടെയില്‍ കമ്പനി 2019 ഓഗസ്റ്റ് മാസം ഫ്യുച്ചര്‍ കൂപ്പണ്‍സില്‍ നിക്ഷേപം നടത്തിയിരുന്നു. മൂന്ന് മുതല്‍ 10 വര്‍ഷത്തിനുളളില്‍ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ഓഹരികള്‍ വാങ്ങാം എന്ന ധാരണയോടെയായിരുന്നു ഈ നിക്ഷേപം. എന്നാല്‍, ഫ്യൂച്ചര്‍ ഗ്രൂപ്പ് പിന്നീട് ഇതില്‍ നിന്ന് പിന്‍മാറുകയും റിലയന്‍സുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. ഈ ഓഹരി ഇടപാട് കരാര്‍ മുന്‍ കരാറിന്റെ ലംഘനമാണെന്നാണ് ആമസോണിന്റെ വാദം.

Related Articles

© 2024 Financial Views. All Rights Reserved