റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി വില കുതിച്ചുയരുന്നു; കാരണം ഇതാണ്

August 17, 2021 |
|
News

                  റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി വില കുതിച്ചുയരുന്നു; കാരണം ഇതാണ്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി വില കുതിച്ചുയരുന്നു. ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഗസ്റ്റ്16 ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ക്ക് വന്‍ കുതിപ്പാണ് പ്രകടമായത്. ഏതാണ്ട് 2.17 ശതമാനം ആണ് മൂല്യം വര്‍ദ്ധിച്ചിരിക്കുന്നത്. ഒരു ഓഹരിയ്ക്ക് 2,190.75 രൂപയാണ് വില. ഒരുഘട്ടത്തില്‍ വില 2,197 രൂപ വരെ എത്തി. ഇത് ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നതും കാണാം. എന്തായാലും കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിലയന്‍സ് ഓഹരികള്‍ മികച്ച നേട്ടത്തിലാണുള്ളത്.

ആഗോള എണ്ണ ഭീമന്‍മാരായ സൗദി അരാംകോയും റിലയന്‍സുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന എന്ന ബ്ലൂംബെര്‍ഗ് വാര്‍ത്തയായിരുന്നു ഓഹരി വിപണിയിലെ ഈ കുതിപ്പിന് കാരണം എന്നാണ് വിലയിരുത്തുന്നത്. സൗദി അരാംകോ, റിലയന്‍സിന്റെ ഓയില്‍ റിഫൈനിങ് ആന്റെ കെമിക്കല്‍ ബിസിനസില്‍ ഓഹരി നിക്ഷേപം നടത്തുമെന്നാണ് കരുതുന്നത്.

പരസ്പരമുള്ള ഒരു ഓഹരി ഇടപാടായിരിക്കും അരാംകോയും റിലയന്‍സും തമ്മില്‍ നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. റിലയന്‍സിന്റെ ഓയില്‍ ടു കെമിക്കല്‍ യൂണിറ്റിന്റെ 20 ശതമാനം ഓഹരികള്‍ ആയിരിക്കും അരാംകോ സ്വന്തമാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പകരമായി അരാംകോയുടെ 20 മുതല്‍ 25 ബില്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള ഓഹരികള്‍ റിലയന്‍സിന് കൈമാറുമെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

അരാംകോയുമായി റിലയന്‍സിന്റെ ഇടപാടുകള്‍ ഫലപ്രാപ്തിയില്‍ എത്തുമെന്നതില്‍ തര്‍ക്കമൊന്നും ഇല്ല. 2021 ന്റെ അവസാനത്തോടെ ഇടപാട് പൂര്‍ത്തിയാക്കാനാകും എന്നായിരുന്നു കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി വ്യക്തമാക്കിയത്. അതിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സവതന്ത്ര ഡയറക്ടര്‍ ആയി സൗദി അരാംകോയുടെ ചെയര്‍മാന്‍ യാസില്‍ അല്‍ റുമയ്യാനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

രണ്ട് വര്‍ഷം മുമ്പായിരുന്നു അരാംകോയുമായുള്ള ഇടപാടിനെ കുറിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രഖ്യാപിച്ചത്. തങ്ങളുടെ ഫ്ലാഗ്ഷിപ് കെമിക്കല്‍ ആന്റ് റിഫൈനിങ് ബിസിനസിന്റെ 20 ശതമാനം ഓഹരികള്‍ ആയിരുന്നു ആരാംകോയ്ക്ക് നല്‍കാന്‍ ഒരുങ്ങിയത്. 14 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കിയായിരുന്നു അത്. 2020 മാര്‍ച്ച് മാസത്തോടെ കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കിയതായിരുന്നു. എന്തായാലും ഇപ്പോള്‍ ആ ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആയിരുന്നു തങ്ങളുടെ ഓയില്‍ ടു കെമിക്കല്‍ ബിസിനസിനെ റിലയന്‍സ് ഒരു പ്രത്യേക യൂണിറ്റാക്കി മാറ്റിയത്. അരാംകോയെ പോലെയുള്ള നിര്‍ണായക കമ്പനികളുമായി പങ്കാളിത്തമുണ്ടാക്കുക എന്നത് തന്നെ ആയിരുന്നു റിലയന്‍സിന്റെ ലക്ഷ്യം. എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കലുകള്‍, ഇന്ധനങ്ങളുടെ ചില്ലറ വില്‍പന, വിമാന ഇന്ധന വില്‍പന തുടങ്ങിയവയെല്ലാം ഓയില്‍ ടു കെമിക്കല്‍ ബിസിനസ്സില്‍ റിലയന്‍സ് ഉല്‍പ്പെടുത്തുന്നുണ്ട്.

സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ആണ് അരാംകോം. ലോകത്തിലെ തന്നെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ ശേഖരം അരാംകോയുടെ പക്കലാണ്. അസംസ്‌കൃത എണ്ണ ഉത്പാദനത്തിലും ലോകത്തിലെ ഏറ്റവും വലിയ കമ്പനി അരാംകോ ആണ്. അരാംകോയുമായി കൈകോര്‍ക്കുന്നതോടെ ലോക സമ്പന്ന പട്ടികയില്‍ മുകേഷ് അംബാനി പഴയ പ്രതാപം വീണ്ടെടുക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Related Articles

© 2024 Financial Views. All Rights Reserved