റബര്‍ വിപണി അനിശ്ചിതത്വത്തില്‍; ആഗോള ഉല്‍പ്പാദനവും ഉപഭോഗവും കൊറോണ പ്രതിസന്ധിയില്‍

June 04, 2020 |
|
News

                  റബര്‍ വിപണി അനിശ്ചിതത്വത്തില്‍; ആഗോള ഉല്‍പ്പാദനവും ഉപഭോഗവും കൊറോണ പ്രതിസന്ധിയില്‍

രാജ്യങ്ങളിലെമ്പാടും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു തുടങ്ങിയതോടെ റബര്‍ വില ഏപ്രില്‍ അവസാന വാരം മുതല്‍ മെച്ചപ്പെടാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ബുള്ളറ്റിനില്‍ പറയുന്നു. വീണ്ടെടുക്കല്‍ മന്ദഗതിയിലാണ്. അപകട സാധ്യതാ ഘടകങ്ങള്‍ ഇപ്പോഴുമുണ്ട്- എ.എന്‍.ആര്‍.പി.സി. സെക്രട്ടറി ജനറല്‍ ആര്‍.ബി പ്രേമദാസ പറഞ്ഞു.ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്‍മര്‍, പപ്പുവ ന്യൂ ഗ്വിനിയ, ഫിലിപ്പിന്‍സ്, സിംഗപ്പൂര്‍, ശ്രീലങ്ക, തായ്ലന്‍ഡ്, വിയറ്റ്നാം, ബംഗ്ലാദേശ്, കംബോഡിയ, ചൈന,  എന്നീ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എ.എന്‍.ആര്‍.പി.സി. പ്രകൃതിദത്ത റബ്ബറിന്റെ ആഗോള ഉല്‍പാദനത്തിന്റെ 91 ശതമാനവും ഈ 13 രാജ്യങ്ങളിലാണ്.

ലോക്ഡൗണുകള്‍ മാറുന്നതും കോവിഡ് -19 വാക്‌സിനില്‍ ശുഭാപ്തിവിശ്വാസം വര്‍ദ്ധിക്കുന്നതും ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരുന്നതും റബര്‍ മേഖലയെ സംബന്ധിച്ച അനുകൂല ഘടകങ്ങളാണ്. അതേസമയം, ഹോങ്കോങ്ങ് വിഷയത്തിലെ ചൈനയുടെയും യുഎസിന്റെയും വിരുദ്ധ നിലപാടുകള്‍ മെയ് അവസാനത്തോടെ വിപണി വികാരത്തെ ബാധിച്ചെന്നും പ്രേമദാസ അറിയിച്ചു. റബര്‍ മേഖലയില്‍ കോവിഡ് നാലു വിധത്തില്‍ പ്രത്യാഘാതം സൃഷ്ടിച്ചു. ഉല്‍പാദനത്തെയും ഉല്‍പന്ന നിര്‍മാണത്തെയും ബാധിച്ചു, അസംസ്‌കൃതവസ്തുക്കളുടെയും ഉല്‍പന്നങ്ങളുടെയും വിതരണശൃംഖല തടസപ്പെട്ടു, റബര്‍ കര്‍ഷകരും റബര്‍ വ്യവസായങ്ങളും പണ ഞെരുക്കത്തിലും കടക്കെണിയിലുമായി, പുത്തന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ബിസിനസ് ഉടച്ചുവാര്‍ക്കേണ്ടി വരുന്നു.

2020 ലെ പ്രകൃതിദത്ത റബറിന്റെ  ലോക ഉപഭോഗം ഏറ്റവും പുതിയ എഎന്‍ആര്‍പിസി ബുള്ളറ്റിന്‍ അനുസരിച്ച് 6 ശതമാനം ഇടിഞ്ഞ് 12.904 ദശലക്ഷം ടണ്ണായി കുറയും. ഏപ്രിലില്‍ കണക്കാക്കിയ 1.065 ദശലക്ഷം ടണ്ണില്‍ നിന്ന്  2020 ലെ ഇന്ത്യയുടെ ഉപഭോഗ എസ്റ്റിമേറ്റ് 0.9 ദശലക്ഷം ടണ്ണായി കുറച്ചു. എന്നാല്‍ 2020 ലെ ചൈനയുടെ ഉപഭോഗ അനുമാനം 5.21 ദശലക്ഷം ടണ്ണില്‍ നിന്ന് 5.24 ദശലക്ഷം ടണ്ണായി ഉയര്‍ത്തി. പ്രകൃതിദത്ത റബറിന്റെ മുഖ്യ ഉപഭോക്താക്കളായ ചൈനയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം കഴിഞ്ഞ വര്‍ഷം  നാലാം പാദത്തില്‍ 6 ശതമാനം വളര്‍ച്ച നേടിയിരുന്നു. എന്നാല്‍, കോവിഡിനെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യപാദത്തില്‍ അവരുടെ  ജിഡിപി 6.8 ശതമാനം ചുരുങ്ങിയിരിക്കുകയാണ്. ലോക സമ്പദ്വ്യവസ്ഥയിലും ഇതേ  തളര്‍ച്ച പ്രകടമാണ്.

ഈ വര്‍ഷം തന്നെ  കോവിഡ് നിയന്ത്രണവിധേയമാകുമെന്നും സാമ്പത്തികവളര്‍ച്ചയ്ക്ക് ഭരണകൂടങ്ങള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് റബര്‍ ഉല്‍പാദക രാജ്യങ്ങളുടെ സംഘടന കണക്കുകൂട്ടലുകള്‍ നടത്തിയിട്ടുള്ളത്.അതേസമയം, കോവിഡ് എത്ര കാലം തുടരുമെന്നും ഇനി എത്രമാത്രം നാശമുണ്ടാക്കുമെന്നും ഏറ്റവും മോശം കാലം കഴിഞ്ഞോയെന്നുമൊക്കെ ആര്‍ക്കും നിശ്ചയമില്ലാത്ത സാഹചര്യത്തില്‍ കോവിഡ് അനന്തര റബര്‍ വിപണിയുടെ സ്ഥിതി പ്രവചിക്കുക പ്രയാസമാണെന്നും വിദഗ്ധര്‍ പറയുന്നു.

അമേരിക്കയും ചൈനയും യൂറോപ്പുമാണ് ലോകമാകെയുള്ള റബര്‍ ഉപഭോഗത്തിന്റെ 57 ശതമാനവും നടത്തുന്നത്. മൂന്നിടങ്ങളെയും കോവിഡ് രൂക്ഷമായി ബാധിക്കുകയും ചെയ്തു. ചൈന സാധാരണ സ്ഥിതിയിലേക്കു മടങ്ങിത്തുടങ്ങിയെങ്കിലും മറ്റ് രണ്ടിടങ്ങളിലും കാര്യങ്ങള്‍ ഇനിയും അത്ര മെച്ചമല്ല. ഉപഭോഗത്തില്‍ നാലാം സ്ഥാനമുള്ള ഇന്ത്യയിലും കോവിഡ് രൂക്ഷം. ചൈനയിലെ റബര്‍ വ്യവസായം പ്രവര്‍ത്തനസജ്ജമായതുകൊണ്ടു മാത്രം കാര്യമില്ല. അവരുടെ  റബര്‍ ഉല്‍പന്നങ്ങളുടെ നല്ലൊരു ശതമാനവും  യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ കയറ്റുമതി ചെയ്യപ്പെടുകയാണ്. ആ രാജ്യങ്ങളില്‍  സ്ഥിതി സാധാരണഗതിയിലെത്തിയാലേ ചൈനീസ് റബര്‍ വ്യവസായത്തിന് പൂര്‍ണ ഉല്‍പാദനത്തിലേക്ക് നീങ്ങാനാവൂ.

Related Articles

© 2024 Financial Views. All Rights Reserved