കൊറോണയിലുലഞ്ഞ് ലോകത്തെ വലിയ സാമ്പത്തിക ശക്തികളില്‍ ഒന്നായ സൗദിയും; സമ്പദ്ഘടനയില്‍ 7 ശതമാനം ഇടിവ്

October 01, 2020 |
|
News

                  കൊറോണയിലുലഞ്ഞ് ലോകത്തെ വലിയ സാമ്പത്തിക ശക്തികളില്‍ ഒന്നായ സൗദിയും; സമ്പദ്ഘടനയില്‍ 7 ശതമാനം ഇടിവ്

ലോകത്തെ വലിയ സാമ്പത്തിക ശക്തികളില്‍ ഒന്നായ സൗദി അറേബ്യയില്‍ കൊവിഡ് ദുരിതം തുടരുന്നു. നടപ്പു വര്‍ഷം രണ്ടാംപാദ കണക്കുകള്‍ പുറത്തുവരുമ്പോള്‍ 7 ശതമാനമാണ് സൗദി അറേബ്യയുടെ സമ്പദ്ഘടന ഇടിഞ്ഞത്. എണ്ണ മേഖലയിലും എണ്ണയിതര മേഖലയിലും വലിയ തകര്‍ച്ച സംഭവിച്ചു. നിലവില്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ കൊവിഡ് ഭീതി കാരണം ആഗോളതലത്തില്‍ ക്രൂഡ് ഓയിലിന് ഡിമാന്‍ഡ് കുത്തനെ കുറഞ്ഞതോടെ സൗദി അറേബ്യയുടെ പ്രധാന വരുമാനമാര്‍ഗ്ഗം വഴിമുട്ടി. ഒപ്പം കൊവിഡ് ഭീതിയില്‍ രാജ്യത്തെ പ്രവര്‍ത്തനങ്ങളെല്ലാം മന്ദഗതിയിലായതും സമ്പദ്ഘടനയ്ക്ക് വലിയ ക്ഷീണം ചെയ്തു.

സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും വീഴ്ച്ച ദൃശ്യമാണ്. സ്വകാര്യ മേഖലയുടെ വളര്‍ച്ച 10.1 ശതമാനം ഇടിഞ്ഞു. സര്‍ക്കാര്‍ മേഖലയുടെ വളര്‍ച്ചയാകട്ടെ 3.5 ശതമാനമായും ചുരുങ്ങി. ആദ്യപാദത്തില്‍ 1 ശതമാനം മാത്രമായിരുന്നു സൗദിയുടെ സമ്പദ്രംഗം തകര്‍ന്നത്. അന്ന് എണ്ണവിലയിലെ ഇടിവ് വീഴ്ച്ചയ്ക്ക് കാരണമായി. ഇതേസമയം, ആദ്യപാദം എണ്ണയിതര മേഖലകള്‍ 1.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയുണ്ടായി. മാര്‍ച്ചിന് ശേഷം കൊവിഡ് ഭീതി ലോകമെങ്ങും പിടിമുറുക്കിയ സാഹചര്യത്തിലാണ് സൗദി പാടെ പതറിയത്. എണ്ണയിതര മേഖലകളില്‍ നിന്നുള്ള വരുമാനം കൂട്ടാന്‍ ഭരണകൂടം ആവിഷ്‌കരിച്ച നീക്കങ്ങള്‍ കൊവിഡ് കാലത്ത് ഫലം കണ്ടില്ല. 8.2 ശതമാനം ഇടിവാണ് ഈ മേഖലയില്‍ സൗദി രേഖപ്പെടുത്തിയത്. എണ്ണ മേഖലയിലെ ഇടിവ് 5.3 ശതമാനവും.

ഇപ്പോഴും സൗദിയുടെ സമ്പദ്ഘടന പ്രതിസന്ധിയില്‍ തുടരുകയാണ്. കൊവിഡിന്റെ അലയൊലികള്‍ രാജ്യത്ത് തുടരുന്നു. ഒപ്പം എണ്ണവിലയും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. എണ്ണയിതര മേഖലകളില്‍ നിന്നുള്ള വരുമാനം കൂട്ടാനായി ജൂണില്‍ മൂല്യവര്‍ധിത നികുതി മൂന്നിരട്ടിയായി സൗദി അറേബ്യ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഈ നീക്കം ആഭ്യന്തര ഡിമാന്‍ഡ് പരിമിതപ്പെടുത്തുകയാണ്. കൂടാതെ സമ്പദ്ഘടനയുടെ തിരിച്ചുവരവും ഇതു മന്ദഗതിയിലാക്കുന്നു.

നികുതി വര്‍ധനവിനെ തുടര്‍ന്ന് ഓഗസ്റ്റില്‍ ഉപഭോക്തൃ വാങ്ങല്‍ ശേഷി 5.5 ശതമാനമാണ് ഇടിഞ്ഞത്. മറുഭാഗത്ത് പണപ്പെരുപ്പം 6.2 ശതമാനവും ഉയര്‍ന്നു. മൂല്യവര്‍ധിത നികുതി കൂട്ടിയ നടപടി ആഭ്യന്തര ഡിമാന്‍ഡ് വലിയ തോതില്‍ കുറയ്ക്കുകയാണെന്ന് അര്‍ക്കാം ക്യാപിറ്റല്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിലവില്‍ കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളെല്ലാം സൗദി അടച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് കുത്തനെ ഉയരും. പക്ഷെ മൂല്യവര്‍ധിത നികുതിയിലെ പരിഷ്‌കാരം വളര്‍ച്ചയ്ക്ക് തടസ്സമാവുകയാണ്.

Related Articles

© 2024 Financial Views. All Rights Reserved