കൊറോണ പ്രതിസന്ധിയെ മറികടക്കാൻ 3.2 ബില്യൺ ഡോളർ പാക്കേജുമായി സൗദി സോഷ്യൽ ഡവലപ്മെന്റ് ബാങ്ക്; സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കും പിന്തുണ

March 23, 2020 |
|
News

                  കൊറോണ പ്രതിസന്ധിയെ മറികടക്കാൻ 3.2 ബില്യൺ ഡോളർ പാക്കേജുമായി സൗദി സോഷ്യൽ ഡവലപ്മെന്റ് ബാങ്ക്; സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കും പിന്തുണ

റിയാദ്: നിലവിലെ കൊറോണ വൈറസ് പകർച്ചാവ്യാധി സമയത്ത് സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും കുറഞ്ഞ വരുമാനമുള്ള മറ്റ് കുടുംബങ്ങൾക്കും പിന്തുണ നൽകുന്നതിനായി സൗദി സോഷ്യൽ ഡവലപ്മെന്റ് ബാങ്ക് (എസ്ഡിബി) 12 ബില്ല്യൺ സൗദി റിയാൽ (3.2 ബില്യൺ ഡോളർ) ചെലവ് വരുന്ന പദ്ധതി പ്രഖ്യാപിച്ചു.

സൗദി പ്രസ് ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, മൊത്തം 100,000 ചെറുകിട കുടുംബങ്ങൾക്ക് എസ്ഡിബിയുടെ പിന്തുണയിൽ 4 ബില്ല്യൺ സൗദി റിയാൽ വരെ ​ഗുണമുണ്ടാകും. മൈക്രോ, ചെറുകിട സംരംഭങ്ങൾക്കുള്ള പിന്തുണയുടെ നിലവാരം 2 ബില്ല്യൺ സൗദി റിയാൽ (533 മില്യൺ ഡോളർ) വരെ ബാങ്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് 6,000 സംരംഭകർക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം 50,000 ചെറുകിട സ്ഥാപനങ്ങൾക്ക് കൂടി ചെറുകിട, ഇടത്തരം ആരോഗ്യ സൗകര്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് 2 ബില്ല്യൺ സൗദി റിയാൽ വകയിരുത്തിയിട്ടുണ്ട്. ദേശീയ വികസന ഫണ്ടിന്റെ (എൻ‌ഡി‌എഫ്) പിന്തുണയോടെ ബാങ്ക് പരിപാടി നടപ്പിലാക്കും. ഇതിനുപുറമെ, 2019 ലും 2020 ലും ധനസഹായം നൽകിയ എല്ലാ പ്രോജക്റ്റുകളുടെയും ഗ്രേസ് പിരീഡ് ആറുമാസത്തേക്ക് കൂടി നീട്ടി. മാറ്റിവച്ച പ്രീമിയങ്ങളുടെ ആകെ മൂല്യം 2 ബില്ല്യൺ സൗദി റിയാലിലേക്ക് എത്തുകയാണ്.

അതേസമയം, സൗദി റിയൽ എസ്റ്റേറ്റ് ഡവലപ്മെന്റ് ഫണ്ട് (REDF) മാർച്ചിലെ ‘സക്കാരി’ പ്രോഗ്രാമിൽ 327.5 മില്യൺ ഡോളർ നീക്കിവച്ചിട്ടുണ്ട്. സബ്സിഡി റിയൽ എസ്റ്റേറ്റ് കരാറുകളുടെ ലാഭത്തിനായി ഏകദേശം 106 മില്യൺ ഡോളർ അനുവദിച്ചിട്ടുണ്ടെന്നും സൈനിക സഹായ സംരംഭത്തിന്റെ ഗുണഭോക്താക്കൾക്ക് 246.6 മില്യൺ ഡോളറും സിവിലിയൻ സപ്പോർട്ട് സംരംഭത്തിന് 32.4 മില്യൺ ഡോളറും അനുവദിച്ചിട്ടുണ്ടെന്നും REDF ജനറൽ സൂപ്പർവൈസർ മൻസൂർ ബിൻ മാദി പത്രസമ്മേളനത്തിൽ പറഞ്ഞു.

വൈറസിന്റെ ആഘാതത്തെ നേരിടാൻ, സൗദി അറേബ്യ വെള്ളിയാഴ്ച 32 ബില്യൺ ഡോളർ അടിയന്തര ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. ബിസിനസ്സുകളെ സഹായിക്കുന്നതിനുള്ള നടപടിയായി ചില സർക്കാർ ഫീസുകളുടെയും നികുതികളുടെയും ഇളവുകളും മാറ്റിവയ്ക്കലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ കൊറോണ വൈറസ് പ്രതിസന്ധി ബാധിച്ച ബാങ്കുകളെയും എസ്എംഇകളെയും സഹായിക്കുന്നതിന് 13.32 ബില്യൺ ഡോളർ പാക്കേജും മാറ്റിവച്ചിട്ടുണ്ട്. കൂടാതെ, രാജ്യത്തിന്റെ കടപരിധി ജിഡിപിയുടെ 30 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താൻ സൗദി അറേബ്യയിലെ സൽമാൻ രാജാവ് അനുമതി നൽകി.

സൗദി അറേബ്യയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 511 ആയതിനെത്തുടർന്ന് തിങ്കളാഴ്ച മുതൽ രാത്രി 7 മുതൽ രാവിലെ 6 വരെ 21 ദിവസത്തെ കർഫ്യൂ നടപ്പാക്കാൻ രാജ്യം ഒരുങ്ങുകയാണ്.

Related Articles

© 2024 Financial Views. All Rights Reserved