മൂന്നാം പാദത്തില്‍ മികച്ച അറ്റാദായം രേഖപ്പെടുത്തി എസ്ബിഐ

February 05, 2022 |
|
News

                  മൂന്നാം പാദത്തില്‍ മികച്ച അറ്റാദായം രേഖപ്പെടുത്തി എസ്ബിഐ

ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ മികച്ച അറ്റാദായം രേഖപ്പെടുത്തി എസ്ബിഐ. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ ബാങ്കിന്റെ അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 62 ശതമാനം ഉയര്‍ന്ന് 8,431.9 കോടി രൂപയായി. അനലിസ്റ്റുകള്‍ പ്രവചിച്ച 7,957.4 കോടി രൂപയ്ക്ക് ഏറെ മുകളിലാണ് ഫലങ്ങള്‍.

മൂന്നാം പാദത്തില്‍ അറ്റ പലിശ വരുമാനം 6.5 ശതമാനം വര്‍ധിച്ച് 30,687 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6 ബേസിസ് പോയിന്റ് മെച്ചപ്പെട്ട് 3.4 ശതമാനത്തിലേക്ക് ഉയര്‍ന്നു. വായ്പാ വളര്‍ച്ച മൂന്നാം പാദത്തില്‍ 6.5 ശതമാനം വര്‍ധിച്ച് 8.5 ശതമാനമായതായും എസ്ബിഐ അറിയിച്ചു. റീറ്റെയ്ല്‍ വായ്പകളുടെ വളര്‍ച്ചയാണ് ബാങ്കിനെ സഹായിച്ചത്. വാര്‍ഷികാടിസ്ഥാനത്തില്‍ ഭവന വായ്പ മാത്രം 11.2 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. കോര്‍പ്പറേറ്റ്, സ്മോള്‍ ബിസിനസ് സെഗ്മെന്റും മെച്ചപ്പെട്ടതായി ബാങ്ക് രേഖപ്പെടുത്തുന്നു.

ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം കഴിഞ്ഞ പാദത്തിലെ 4.9 ശതമാനത്തില്‍ നിന്ന് ഈ പാദത്തില്‍ 4.5 ശതമാനമായി ഉയര്‍ന്നതിനാല്‍ ബാങ്കിന്റെ ആസ്തി ഗുണനിലവാരം ശക്തമായ പുരോഗതി തുടര്‍ന്നു. അതുപോലെ, അറ്റ എന്‍പിഎ അനുപാതം മുന്‍ പാദത്തിലെ 1.52 ശതമാനത്തില്‍ നിന്ന് 1.34 ശതമാനമായി മെച്ചപ്പെട്ടതായും ബാങ്ക് പുറത്തുവിട്ട ഫലങ്ങളില്‍ പറയുന്നു. ബാങ്കിംഗ് പ്രൊവിഷനിംഗിലെ കുത്തനെയുള്ള ഉയര്‍ച്ച 32.6 ശതമാനമായി കുറഞ്ഞ്, 6,974 കോടി രൂപയായി. പ്രൊവിഷന്‍ 6,173 കോടി രൂപയായിരിക്കുമെന്നായിരുന്നു വിശകലന വിദഗ്ധരുടെ പ്രവചനം. വാര്‍ഷികാടിസ്ഥാനത്തില്‍ പ്രൊവിഷനില്‍ കുറവു വരുത്തിയെങ്കിലും ഈ ത്രൈമാസത്തിലെ വായ്പാ-നഷ്ടം മുന്‍വര്‍ഷത്തെ 2,290 കോടി രൂപയില്‍ നിന്ന് 3,096 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

Read more topics: # SBI, # എസ്ബിഐ,

Related Articles

© 2024 Financial Views. All Rights Reserved