സര്‍ക്കാരിനെതിരെ നിലപാടെടുത്ത് സുപ്രീം കോടതി; നവംബര്‍ 2നുള്ളില്‍ പിഴപ്പലിശ ഒഴിവാക്കാനുള്ള ഉത്തരവിറക്കണം

October 14, 2020 |
|
News

                  സര്‍ക്കാരിനെതിരെ നിലപാടെടുത്ത് സുപ്രീം കോടതി;  നവംബര്‍ 2നുള്ളില്‍ പിഴപ്പലിശ ഒഴിവാക്കാനുള്ള ഉത്തരവിറക്കണം

ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കടുത്ത നിലപാടെടുത്തു. നവംബര്‍ രണ്ടിനുള്ളില്‍ പിഴപ്പലിശ ഒഴിവാക്കാനുള്ള ഉത്തരവിറക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ വര്‍ഷത്തെ സാധാരണക്കാരന്റെ ദീപാവലി സര്‍ക്കാരിന്റെ കയ്യിലാണെന്നും കോടതി പറഞ്ഞു. രണ്ട് കോടി വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രം അറിയിച്ചു. തീരുമാനം നടപ്പാക്കാന്‍ എന്താണ് താമസമെന്നായിരുന്നു കോടതിയുടെ മറുചോദ്യം.

മോറട്ടോറിയം കാലത്തെ രണ്ട് കോടി രൂപ വരെയുള്ള ബാങ്കുവായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര നിലപാട് തൃപ്തികരമല്ലെന്നായിരുന്നു അന്ന് സുപ്രീംകോടതിയുടെ മറുപടി. മോറട്ടോറിയം കാലത്തെ ബാങ്ക് വായ്പകള്‍ക്ക് പിഴപ്പലിശ ഒഴിവാക്കുന്നതില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സാമ്പത്തിക നയങ്ങളില്‍ കോടതി ഇടപെടരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു. മോറട്ടോറിയം കാലത്ത് വായ്പകള്‍ക്ക് പലിശയും പിഴപ്പലിശയും എങ്ങനെ ഈടാക്കുമെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനായിരുന്നു കേന്ദ്രത്തിന്റെ ഈ മറുപടി.

പിഴപ്പലിശ ഒഴിവാക്കുന്നതിന് അപ്പുറത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാനാകില്ല, സര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍  കോടതി ഇടപെടരുത്, മേഖലകള്‍ തിരിച്ച് ഇളവുകള്‍ നല്‍കണമെന്ന് കോടതിക്ക് ആവശ്യപ്പെടാനാകില്ല, പലിശ മുഴുവന്‍ ഒഴിവാക്കിയാല്‍ അത് സമ്പദ്ഘടനയെ ബാധിക്കും ബാങ്കുകള്‍ പ്രതിസന്ധിയിലാകും തുടങ്ങിയ വാദങ്ങളാണ് സത്യവാങ്മൂലത്തില്‍ കേന്ദ്രം നിരത്തിയത്. മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ ബാങ്കുകള്‍ വായ്പകള്‍ക്ക് പലിശയും പിഴപ്പലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. പിഴപ്പലിശയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുമ്പോള്‍ ഇനി സുപ്രീംകോടതി തീരുമാനം തന്നെയാകും നിര്‍ണായകം.

Related Articles

© 2024 Financial Views. All Rights Reserved