രണ്ടാം ഘട്ട ലോക്ക്ഡൗണിൽ ഐടി, ഇ-കൊമേഴ്‌സ്, വ്യവസായ സംരംഭങ്ങൾക്ക് ആശ്വാസം; നിർദേശങ്ങൾ ഇങ്ങനെ

April 15, 2020 |
|
News

                  രണ്ടാം ഘട്ട ലോക്ക്ഡൗണിൽ ഐടി, ഇ-കൊമേഴ്‌സ്, വ്യവസായ സംരംഭങ്ങൾക്ക് ആശ്വാസം; നിർദേശങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: ദേശീയ ലോക്ക്ഡൗണിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിച്ച പശ്ചാത്തലത്തിൽ, എല്ലാ ഐടി, ഐടി അനുബന്ധ സേവനങ്ങളും (ഐടിഇഎസ്) ഇ-കൊമേഴ്‌സ് കമ്പനികളും ഏപ്രിൽ 20 മുതൽ പ്രവർത്തിക്കാൻ അനുവദിക്കുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നരേന്ദ്ര മോദി സർക്കാർ പുറപ്പെടുവിച്ചു. മുൻപ് ഉണ്ടായിരുന്ന വർക്ക് ഫോഴ്സിന്‌റെ 50 ശതമാനം വരെ തുറന്ന് പ്രവർത്തിക്കാൻ ഐടി മേഖലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, ഇ-കൊമേഴ്‌സ് കമ്പനികൾക്ക് അത്തരം പരിധിയില്ല. ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർ ഉപയോഗിക്കുന്ന വാഹനങ്ങൾക്കും ആവശ്യമായ അനുമതികൾ ലഭിച്ചശേഷം പ്രവർത്തിപ്പിക്കാൻ അനുവാദമുണ്ട്.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ സേവന മേഖലയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ദേശീയ വളർച്ചയ്ക്ക് അത് പ്രധാനമാണ്. അതനുസരിച്ച്, ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾ, ഐടി, ഐടി അനുബന്ധ സേവനങ്ങളുടെ പ്രവർത്തനങ്ങൾ, സർക്കാർ പ്രവർത്തനങ്ങൾക്കായുള്ള ഡാറ്റ, കോൾ സെന്ററുകൾ, ഓൺലൈൻ അദ്ധ്യാപനം, വിദൂര പഠനം എന്നിവയെല്ലാം ഇപ്പോൾ അനുവദനീയമായ പ്രവർത്തനങ്ങളാണ് എന്ന് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറപ്പെടുവിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു. അതേസമയം ഇൻഫർമേഷൻ ടെക്നോളജി, ബിസിനസ് പ്രോസസ് മാനേജ്മെന്റ് (ഐടി-ബിപിഎം) തുടങ്ങി കമ്പനികൾ മിക്ക ജീവനക്കാരോടും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊറോണ വൈറസ് അണുബാധയുടെ വ്യാപനം തടയുന്നതിനായി ലോക്ക്ഡൌൺ ഏർപ്പെടുത്തിയതിനെത്തുടർന്ന് ബിപിഎം, ജിസിസി, ഐടി വ്യവസായത്തിന്റെ 70 ശതമാനം പ്രവർത്തിക്കുന്നുണ്ടെന്ന് ഐടി, ഐടിഇഎസ് വ്യവസായ സംഘടന നാസ്കോം പറഞ്ഞു. ശമ്പളച്ചെലവ് കുറയ്ക്കുന്നതിന്, നിയമപരമായ അവകാശങ്ങൾക്കൊപ്പം ജീവനക്കാർക്ക് മിനിമം വേതനം മാത്രം നൽകാൻ ഐടി കമ്പനികളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2021 മാർച്ച് 31 വരെ കോവിഡ് -19 അനുബന്ധ ലോക്ക്ഡൗൺ നടപടികൾ കണക്കിലെടുത്ത് "ശമ്പളത്തോടുകൂടിയ അവധിയിലായിരുന്ന" ജീവനക്കാരുടെ ശമ്പളച്ചെലവ് ഈടാക്കണമെന്ന് നാസ്കോം കഴിഞ്ഞ ആഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നികുതി ഇളവ് ഉൾപ്പെടെയുള്ള മറ്റ് ഇളവുകളും സൗകര്യങ്ങളും നാസ്കോം തേടിയിട്ടുണ്ട്.

കാർഷിക സംബന്ധിയായ എല്ലാ പ്രവർത്തനങ്ങളും അനുവദിക്കുന്നതിനൊപ്പം, നിർമാണം, വ്യാവസായിക യൂണിറ്റുകൾ, കയറ്റുമതി അധിഷ്ഠിത യൂണിറ്റുകൾ, വ്യാവസായിക എസ്റ്റേറ്റുകൾ, ടൗൺഷിപ്പുകൾ തുടങ്ങിയ മേഖലകൾക്കും ഏപ്രിൽ 20 മുതൽ മന്ത്രാലയം ഇളവുകൾ നൽകിയിട്ടുണ്ട്. അനുവദനീയമായ മേഖലകളിൽ തൊഴിലാളികളോട് സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങൾ നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകളിലോ കണ്ടെയ്‌നർ സോണുകളിലോ ഏപ്രിൽ 20 മുതൽ നൽകുന്ന ഇളവുകൾ ബാധകമല്ലെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. മെയ് 3 വരെയാണ് രണ്ടാം ഘട്ട ലോക്ക് ഡൌൺ രാജ്യത്ത് നീട്ടിയിരിക്കുന്നത്. ഏപ്രിൽ 20 വരെ കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

വ്യവസായ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു. മുന്‍സിപ്പാലിറ്റികളുടെയും മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെയും പരിധിക്ക് വെളിയിലുള്ള വ്യവസായങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച്ച അനുമതി നല്‍കി. ഇതിന്റെ ഭാഗമായി ചരക്ക് ഗതാഗത നിയന്ത്രണത്തിലും ഇളവുകള്‍ വരും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. പുതിയ തീരുമാനം മുന്‍നിര്‍ത്തി രാജ്യത്തെ വ്യവസായ മേഖല ഉണരുമെന്ന കാര്യമുറപ്പായി. നിലവില്‍ വ്യവസായ മേഖല ഒന്നടങ്കം നിലച്ചു നില്‍ക്കുകയാണ്. മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയെങ്കിലും ഉത്പാദന മേഖലയിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. സ്റ്റീല്‍, വാഹന വ്യവസായങ്ങളെയായിരിക്കും ഈ നടപടി കൂടുതല്‍ സ്വാധീനിക്കുക. ലോക്ക് ഡൗണ്‍ കാരണം ഉത്പാദനം വെട്ടിക്കുറച്ച കമ്പനികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ എത്രയുംപെട്ടെന്ന് സാധാരണഗതിയില്‍ കൊണ്ടുവരാന്‍ കഴിയും. സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശം പ്രകാരം ഏപ്രില്‍ 20 -ന് ശേഷമുള്ള ഇളവുകള്‍ ചുവടെ കാണാം.

    -സാമൂഹിക അകലം പാലിച്ച്, മാസ്‌കുകള്‍ ഉപയോഗിച്ച് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനം നടത്താം.
    -ബാങ്കുകള്‍, എ.ടി.എമ്മുകള്‍, ആര്‍ബിഐ, ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്കും തുറന്നു പ്രവര്‍ത്തിക്കാം.
    -കാര്‍ഷികവൃത്തിക്ക് തടസമുണ്ടാവില്ല; കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണം നടത്തുകയും ചെയ്യാം.
    -കാര്‍ഷിക ഉപകരണങ്ങള്‍ ലഭിക്കുന്ന കടകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ എന്നിവ തുറക്കാം.
    -കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിതരണത്തിനും തടസമുണ്ടാവില്ല.
    -വളം, വിത്ത്, കീടനാശിനി കടകളും തുറന്നു പ്രവര്‍ത്തിക്കാം.
   - വിതക്കാനും കൊയ്യാനുമുള്ള യന്ത്രങ്ങളുടെ ഗാതാഗതത്തിന് തടസമുണ്ടാവില്ല.
    -സമുദ്ര മത്സ്യബന്ധനം, ഉള്‍നാടന്‍ മത്സ്യ ബന്ധനം എന്നിവയും നടത്താം.
    -മത്സ്യം ഒരിടത്തു നിന്ന് മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുകയും കച്ചവടം നടത്തുകയും ചെയ്യാം.
   -കാപ്പി, തേയില പ്ലാന്റേഷനുകള്‍, പാക്കിങ്, വിപണനം, മാര്‍ക്കറ്റിങ് എന്നിവ 50 ശതമാനം തൊഴിലാളികളെ വെച്ച് പ്രവര്‍ത്തിപ്പിക്കാം.
    -ആശുപത്രികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ ലാബുകള്‍, ഫാര്‍മസികള്‍, മരുന്ന്? നിര്‍മാണ സ്ഥാപനങ്ങള്‍ തുടങ്ങി ആരോഗ്യ സേവന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം
    -വളര്‍ത്തു മൃഗങ്ങളുടെ ഫാമുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം.

Related Articles

© 2024 Financial Views. All Rights Reserved