സ്പൈസ് ജെറ്റ് ജീവനക്കാർക്കും ഇനി ശമ്പളമില്ലാത്ത അവധി; അലവൻസുകളും വെട്ടിക്കുറച്ചു; അടുത്ത മൂന്ന് മാസത്തേക്ക് പുതിയ ക്രമീകരണം പിന്തുടരുമെന്ന് കമ്പനി

April 20, 2020 |
|
News

                  സ്പൈസ് ജെറ്റ് ജീവനക്കാർക്കും ഇനി ശമ്പളമില്ലാത്ത അവധി; അലവൻസുകളും വെട്ടിക്കുറച്ചു; അടുത്ത മൂന്ന് മാസത്തേക്ക് പുതിയ ക്രമീകരണം പിന്തുടരുമെന്ന് കമ്പനി

ന്യൂഡൽഹി: പ്രതിമാസം 50,000 രൂപയിൽ കൂടുതൽ വരുമാനം ലഭിക്കുന്ന ജീവനക്കാരെ റൊട്ടേഷൻ രീതിയിൽ ശമ്പളമില്ലാതെ അവധിയ്ക്ക് അയയ്ക്കാൻ സ്‌പൈസ് ജെറ്റ് തീരുമാനിച്ചു. കൊറോണ വൈറസ് ലോക്ക്ഡൗണിനെ തുടർന്ന് വിമാന സർവീസുകൾ മെയ് 3 വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിലാണ് കമ്പനി പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്ത മൂന്ന് മാസത്തേക്ക് ഈ രീതി പിന്തുടരുമെന്ന് കമ്പനി അറിയിച്ചു.

ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവസങ്ങളിലെ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം നൽകുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. കൊറോണ വൈറസ് അണുബാധ വ്യാപിക്കുന്നത് തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനാൽ മാർച്ച് 25 മുതൽ വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. രണ്ടാം ഘട്ട ലോക്ക്ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ മെയ് 3 വരെ സർവ്വീസുകൾ നടത്തില്ല.

കൊറോണ വൈറസിന്റെ പുതിയ കേസുകൾ രാജ്യത്തിനകത്തും പുറത്തും ഉയർന്നുവരുന്നതിനാൽ ജൂലൈക്ക് മുമ്പ് രാജ്യാന്തര വിമാന സർവീസുകൾ ഇന്ത്യയിൽ നിന്ന് പുറപ്പെടാൻ സാധ്യതയില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ, വിദേശത്തു നിന്നുള്ള ആളുകളുടെ അനിയന്ത്രിതമായ വരവാണ് വൈറസ് പടരുന്നതിന് പിന്നിലെ പ്രധാന കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് അന്താരാഷ്ട്ര യാത്രകൾക്കായി ആകാശം തുറക്കാൻ സർക്കാർ തിടുക്കപ്പെടില്ല. എന്നാൽ ആഭ്യന്തര യാത്രയ്ക്ക് നേരത്തെ തന്നെ സൗകര്യമൊരുക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം പറഞ്ഞു.

കഴിഞ്ഞ ദിവസം എയർ ഇന്ത്യ ബുക്കിംഗ് വീണ്ടും തുറന്നതിനെത്തുടർന്ന് ശനിയാഴ്ച രാത്രി തന്നെ വ്യോമയാന മന്ത്രാലയം ഇക്കാര്യത്തിൽ ഇടപെടാൻ നിർബന്ധിതരായി. ആഭ്യന്തര, അന്തർദ്ദേശീയ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി. സർക്കാർ തീരുമാനമെടുത്തതിന് ശേഷമേ വിമാനക്കമ്പനികൾ ബുക്കിംഗ് തുറക്കാൻ പാടുള്ളൂവെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് പുരി ശനിയാഴ്ച രാത്രി ട്വീറ്റിൽ പറഞ്ഞു. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം എങ്ങനെ കൊടുക്കുമെന്ന ആലോചനയിലാണ് വിമാനക്കമ്പനികള്‍. താത്കാലിക പൈലറ്റുമാരെ പിരിച്ചുവിട്ടും ജീവനക്കാരുടെ ശമ്പളം പിടിച്ചുവെച്ചും ഏതാനും ആഭ്യന്തര കമ്പനികള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാൽ അന്താരാഷ്ട്ര സർവ്വീസുകളും മറ്റും നീട്ടുന്നതോടെ കമ്പനികളുടെ പ്രതിസന്ധി രൂക്ഷമാകും.

Related Articles

© 2024 Financial Views. All Rights Reserved