ഇന്ത്യന്‍ ക്രിപ്റ്റോ നിക്ഷേപകര്‍ക്കിടയില്‍ സ്റ്റേബിള്‍ കോയിനുകള്‍ക്ക് പ്രിയമേറുന്നു

December 14, 2021 |
|
News

                  ഇന്ത്യന്‍ ക്രിപ്റ്റോ നിക്ഷേപകര്‍ക്കിടയില്‍ സ്റ്റേബിള്‍ കോയിനുകള്‍ക്ക് പ്രിയമേറുന്നു

ഇന്ത്യന്‍ ക്രിപ്റ്റോ നിക്ഷേപകര്‍ക്കിടയില്‍ സ്റ്റേബിള്‍ കോയിനുകള്‍ക്ക് പ്രിയമേറുന്നതായി റിപ്പോര്‍ട്ട്. പുറത്തിറക്കുന്ന ഓരോ കോയിനുകള്‍ക്കും തുല്യമായി യുഎസ് ഡോളറില്‍ റിസര്‍വ് സൂക്ഷിക്കുന്ന സ്റ്റേബിള്‍ കോയിനുകളിലേക്കാണ് നിക്ഷേപകര്‍ എത്തുന്നത്. ടെഥര്‍, യുഎസ്ഡി കോയിന്‍, ബിനാന്‍സ് യുഎസ്ഡി തുടങ്ങിയവ സ്റ്റേബിള്‍ കോയിനുകള്‍ക്ക് ഉദാഹരണമാണ്. മൂല്യത്തില്‍ വലിയ ചാഞ്ചാട്ടം ഉണ്ടാകില്ല എന്നതാണ്
ഇവയുടെ പ്രത്യേകത. യുഎസ് ഡോളര്‍ അടിസ്ഥാനമാക്കിയ സ്റ്റേബിള്‍ കോയിനുകളുടെ ആകെ വിതരണം ഏകദേശം 140 ബില്യണ്‍ ഡോളറാണ്.

ബിറ്റ് കോയിന്‍, എഥെറിയം തുടങ്ങിയ ക്രിപ്റ്റോ കറന്‍സികളുടെ വിലയിലുണ്ടാകുന്ന അപ്രതീക്ഷിത ഏറ്റക്കുറച്ചിലുകളാണ് സ്റ്റേബിള്‍ കോയിനുകളിലേക്ക് നിക്ഷേപകരെ എത്തിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ 0.86 ശതമാനം ഇടാവാണ് ബിറ്റ്കോയിന്റെ മൂല്യത്തിലുണ്ടായത്. എഥെറിയത്തിന്റെ മൂല്യവും 7.94 ശതമാനം ഇടിഞ്ഞിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ സ്വകാര്യ ക്രിപ്റ്റോകളെ നിരോധിക്കുമെന്ന വാര്‍ത്തകളും നിക്ഷേപകരെ സ്റ്റേബിള്‍ കോയിനുകളിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ക്രിപ്റ്റോ ബില്‍ വരുന്നതുവരെ താല്‍ക്കാലിക നിക്ഷേപമായി കരുതി സ്റ്റേബിള്‍ കോയിനെ തെരഞ്ഞെടുത്തവരും ഉണ്ട്.

റിസ്‌ക് കണക്കിലെടുത്ത് തങ്ങളുടെ നിക്ഷേപങ്ങള്‍ സ്റ്റേബിള്‍ കോയിനിലേക്ക് മാറ്റുന്ന പ്രവണതയുണ്ടെന്ന് ബൈയുകോയിന്‍ സിഇഒ ശിവരാം തക്രാല്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇന്ത്യന്‍ നിക്ഷേപകര്‍ വിപണി പ്രക്ഷുബ്ധമാവുമ്പോള്‍ നിക്ഷേപങ്ങളില്‍ മാറ്റം വരുത്തുന്നുണ്ടെന്ന് കോയിന്‍സ്റ്റോര്‍ മാര്‍ക്കറ്റിംഗ് ഹെഡ് ചാള്‍സ് ടാന്‍ വിലയിരുത്തി. സ്റ്റേബിള്‍ കോയിന്‍ നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കുന്ന ക്രിപ്റ്റോ എക്സ്ചേഞ്ചുകളും ഉണ്ട്.
ഒരു വിനിമയ മാധ്യമമായി മാറാന്‍ ക്രിപ്റ്റോ കറന്‍ിസകളെക്കാള്‍ കൂടുതല്‍ സാധ്യത സ്റ്റേബിള്‍ കോയിനുകള്‍ക്കാണെന്ന് വിസയും വ്യക്തമാക്കിയിരുന്നു. ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്‍പ്പടെയുള്ള ലോകത്തെ ഏറ്റവും വലിയ പേയ്മെന്റ് സേവനങ്ങള്‍ നല്‍കുന്ന വിസ ഇപ്പോള്‍ ബാങ്കുകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ക്രിപ്റ്റോ അഡൈ്വസറി സേവനങ്ങള്‍ നല്‍കുന്നുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved