സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് ഉടന്‍; ഇനി പലചരക്ക് സാധനങ്ങള്‍ 45 മിനിറ്റിനുള്ളില്‍ വീട്ടുപടിക്കലെത്തും

August 11, 2020 |
|
News

                  സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് ഉടന്‍;  ഇനി പലചരക്ക് സാധനങ്ങള്‍ 45 മിനിറ്റിനുള്ളില്‍ വീട്ടുപടിക്കലെത്തും

ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സ്വിഗ്ഗി, ഉപഭോക്താക്കള്‍ക്കായി പലചരക്ക്, വീട്ടിലെ ആവശ്യങ്ങള്‍ക്കായുള്ള സാധനങ്ങള്‍ എന്നിവ 45 മിനിറ്റിനുള്ളില്‍ എത്തിക്കുന്നതിന് വിര്‍ച്വല്‍ കണ്‍വീനിയന്‍സ് സ്റ്റോറുകളുടെ ഒരു ശൃംഖല ആരംഭിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കോവിഡ് 19 മഹാമാരി മൂലമുള്ള നിലവിലെ സാഹചര്യം, പ്രത്യേകിച്ചും മെട്രോ നഗരങ്ങളിലെ ഉപഭോക്താക്കളെ വാതില്‍പ്പടി ഡെലിവറി-സേവനങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാക്കിയ വേളയിലാണ് ഇന്‍സ്റ്റാമാര്‍ട്ട് എന്നറിയപ്പെടുന്ന ഈ സംരംഭം സ്വിഗ്ഗി ആരംഭിക്കാനൊരുങ്ങുന്നത്.

ഫ്ളിപ്പ്കാര്‍ട്ട് ക്വിക്ക്, ആമസോണ്‍, ബിഗ് ബാസ്‌കറ്റ്, ഡന്‍സോ എന്നിവരും ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് സ്വിഗ്ഗിയുടെ ഈ നീക്കം. 200 നഗരങ്ങളിലേക്ക് വ്യാപിച്ച റിലയന്‍സ് ജിയോമാര്‍ട്ടിന്റെ പ്രവേശനത്തിനിടയിലും പുതിയൊരു അംഗം കൂടി എത്തുന്നത് മേഖലയില്‍ കടുത്ത മത്സരമുണ്ടാക്കുമെന്നത് സുനിശ്ചയം. പങ്കാളിയായ 'ഡാര്‍ക്ക് സ്റ്റോറുകളില്‍' നിന്ന് 2,500 -ഓളം ഇനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ സ്വിഗ്ഗി പദ്ധതിയിടുന്നുവെന്ന് പദ്ധതികളെക്കുറിച്ച് അറിവുള്ള ചില വൃത്തങ്ങള്‍ അറിയിച്ചു.

ഈ ഡാര്‍ക്ക് സ്റ്റോറുകള്‍ക്ക് വാക്ക്-ഇന്‍ ലൊക്കേഷനുകള്‍ ഉണ്ടാവില്ല, ഇവ ആപ്ലിക്കേഷനില്‍ മാത്രമെ നിലനില്‍ക്കുകയുള്ളൂ. ആദ്യഘട്ടമായി സംരംഭം ഗുരുഗ്രാമില്‍ ആരംഭിക്കുകയും പിന്നീട് ബെംഗളൂരുവിലും ഇത് സജീവമാകുമെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമീപത്തുള്ള പ്രാദേശിക സ്റ്റോറുകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യുന്ന 'സ്വിഗ്ഗി സ്റ്റോറുകള്‍' കമ്പനി ഇതിനകം തന്നെ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അത് തുടരുമ്പോഴും, ഡെലിവറി അനുഭവത്തിനും ഉല്‍പ്പന്ന തിരഞ്ഞെടുപ്പിനും ഇന്‍സ്റ്റാമാര്‍ട്ട് നവ്യാനുഭവും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'30-45 മിനിറ്റ് ഡെലിവറികള്‍....പകലും രാത്രിയുമായുള്ള സേവനക്ഷമത (രാവില 7 മുതല്‍ രാത്രി 12 വരെ), തല്‍ക്ഷണ ഭക്ഷണം, ലഘുഭക്ഷണങ്ങള്‍, ഐസ്‌ക്രീമുകള്‍, പഴങ്ങളും പച്ചക്കറികളും മറ്റുമായി ഉപഭോക്താവിന് സൗകര്യപ്രദമായ ആവശ്യങ്ങള്‍ ഇന്‍സ്റ്റാമര്‍ട്ട് പരിഹരിക്കുന്നതായിരിക്കും,' സ്വിഗ്ഗി വക്താവ് വ്യക്തമാക്കി.

മേഖലയിലെ നിലവിലെ സേവനദാതാക്കളെ അപേക്ഷിച്ച് പകുതി സമയത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ഡെലിവര്‍ ചെയ്യാന്‍ സാധിക്കുമെന്നത് സ്വിഗ്ഗിയുടെ മാത്രം പ്രത്യേകതയും വിജയവുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ മിക്ക സേവനദാതാക്കളും 90-120 മിനിറ്റുകള്‍ക്കുള്ളിലാണ് ഡെലിവറി പൂര്‍ത്തിയാക്കുന്നതെന്നതാവും സ്വിഗ്ഗിയെ വ്യത്യസ്തമാക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles

© 2024 Financial Views. All Rights Reserved