ടാറ്റ മോട്ടോഴ്സിന് ജൂണ്‍ പാദത്തില്‍ 8,438 കോടി രൂപയുടെ നഷ്ടം

August 01, 2020 |
|
News

                  ടാറ്റ മോട്ടോഴ്സിന് ജൂണ്‍ പാദത്തില്‍ 8,438 കോടി രൂപയുടെ നഷ്ടം

ഇന്ത്യന്‍ വാഹന വിപണിയില്‍ നിര്‍മ്മാതാക്കളുടെ പ്രതിസന്ധി തുടരുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ത്രൈമാസപാദം (ഏപ്രില്‍ - ജൂണ്‍) 8,438 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന് സംഭവിച്ചത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 3,689 കോടി രൂപയായിരുന്നു ടാറ്റ നേരിട്ടിരുന്ന നഷ്ടം. ഇക്കുറി, കൊറോണ ഭീതിയെത്തുടര്‍ന്ന് കേന്ദ്രം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കമ്പനിക്ക് കനത്ത ആഘാതമായി.

ഇതേസമയം, ചൈനയിലും അമേരിക്കയിലും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നടത്തിയ ഭേദപ്പെട്ട വില്‍പ്പന ടാറ്റയ്ക്ക് കൈത്താങ്ങാവുന്നുണ്ട്. ചൈനയില്‍ ചെറി ഓട്ടോമൊബീല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്നാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ടാറ്റ വില്‍ക്കുന്നത്. ജൂണ്‍ പാദം പിന്നിടുമ്പോള്‍ 16,513 ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ യൂണിറ്റുകള്‍ വില്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. വടക്കെ അമേരിക്കയിലും യുകെയിലും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറി വരികയാണെന്ന് ടാറ്റ മോട്ടോര്‍സിന്റെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ പിബി ബാലാജി അറിയിച്ചു.

നിലവില്‍ ലോകത്തെ 98 ശതമാനം ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഷോറൂമുകളും പ്രവര്‍ത്തനം പൂര്‍ണമായോ ഭാഗികമായോ പുനരാരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം വിപണിയിലെത്തുന്ന ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിലാണ് കമ്പനിയുടെ പ്രതീക്ഷ മുഴുവന്‍. 30,000 -ത്തില്‍പ്പരം ബുക്കിങ്ങുകള്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ നേടിക്കഴിഞ്ഞതായി ബാലാജി വ്യക്തമാക്കി.

എന്തായാലും നിലവില്‍ ടാറ്റ മോട്ടോഴ്സിന്റെ സാമ്പത്തിക സ്ഥിതി ഒരല്‍പ്പം വഷളാണ്. ജൂണ്‍ പാദം കമ്പനിയുടെ മൊത്തം വരുമാനം 48 ശതമാനം ഇടിഞ്ഞു. 31,983 കോടി രൂപയിലാണ് നഷ്ടം എത്തിനില്‍ക്കുന്നത്. ലോക്ക്ഡൗണ്‍ മൂലം ഉത്പാദനം നിര്‍ത്തിവെച്ചതും വില്‍പ്പന കുറഞ്ഞതും വരുമാനമിടിയാനുള്ള പ്രധാന കാരണങ്ങളാണ്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യപാദം ടാറ്റ മോട്ടോഴ്സിന്റെ മൊത്തം വരുമാനത്തില്‍ 86 ശതമാനവും ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ നിന്നാണെന്ന് കാണാം. പറഞ്ഞുവരുമ്പോള്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറും നഷ്ടത്തില്‍ത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പോയവര്‍ഷം 2,391 കോടി രൂപയായിരുന്നു ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വരുത്തിയ നഷ്ടം. ഇത്തവണ നഷ്ടം 3,500 കോടി രൂപയായി ഉയര്‍ന്നു. ഉയര്‍ന്ന ചിലവുകളാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിന് വിനയാവുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved