100 ശതമാനം ഫിനാന്‍സ് പിന്തുണയുമായി ടാറ്റ മോട്ടോഴ്സ്

August 07, 2021 |
|
News

                  100 ശതമാനം ഫിനാന്‍സ് പിന്തുണയുമായി ടാറ്റ മോട്ടോഴ്സ്

പാസഞ്ചര്‍ വാഹനം സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് 100 ശതമാനം ഫിനാന്‍സ് പിന്തുണ നല്‍കുന്ന പദ്ധതിയുമായി ടാറ്റ മോട്ടോഴ്സ്. സുന്ദരം ഫിനാന്‍സുമായി ചേര്‍ന്നാണ് ടാറ്റ മോട്ടോഴ്സിന്റെ വാഹന ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായും സാമ്പത്തിക പിന്തുണ ലഭ്യമാക്കുക. ടാറ്റയുടെ ഇന്ത്യയിലെ പാസഞ്ചര്‍ വാഹന സെഗ്മെന്റിലുടനീളം ഈ ഫിനാന്‍സിംഗ് ഓപ്ഷന്‍ ലഭ്യമാണ്. എന്നാല്‍ ടാറ്റയുടെ ജനപ്രിയ ഇലക്ട്രിക് വാഹനമായ നെക്സണ്‍ ഇവിക്ക് ബാധകമാവില്ല.

സുന്ദരം ഫിനാന്‍സുമായുള്ള ടാറ്റയുടെ പങ്കാളിത്തത്തിന്റെ ഭാഗമായി, ഉപഭോക്താക്കള്‍ക്ക് 6 വര്‍ഷം വരെ വായ്പകള്‍ ലഭിക്കും. കൂടാതെ, കര്‍ഷകര്‍ക്ക് വിപുലമായ തിരിച്ചടവ് ഓപ്ഷനുകളുള്ള ഒരു പ്രത്യേക കിസാന്‍ കാര്‍ സ്‌കീമും ലഭ്യമാണ്. ഈ സ്‌കീം അനുസരിച്ച്, കര്‍ഷകര്‍ക്ക് അവരുടെ വിളവെടുപ്പിനൊപ്പം ആറ് മാസത്തിലൊരിക്കല്‍ തവണകള്‍ ഒരുമിച്ച് അടച്ചാല്‍ മതിയാകും.

''ഞങ്ങള്‍ എല്ലായ്പ്പോഴും ഞങ്ങളുടെ ഉപഭോക്താക്കളെ പിന്തുണയ്ക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. സമീപകാലത്തെ കോവിഡ് വ്യാപനം എല്ലാവരെയും ബാധിച്ചിട്ടുണ്ട്. ഈ വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളില്‍ ഞങ്ങളുടെ പാസഞ്ചര്‍ കാര്‍ കുടുംബത്തെ സഹായിക്കാന്‍, പ്രത്യേക സാമ്പത്തിക പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി സുന്ദരം ഫിനാന്‍സുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്'' സാമ്പത്തിക പദ്ധതികളെക്കുറിച്ച് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ കെയര്‍ വൈസ് പ്രസിഡന്റ് രാജന്‍ അംബ അഭിപ്രായപ്പെട്ടതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

''ഏപ്രില്‍ മുതല്‍ പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്, ജൂലൈയിലെ വില്‍പ്പന സംഖ്യകളില്‍ പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ഇപ്പോള്‍ ഒരു വീണ്ടെടുക്കല്‍ കാണുന്നുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഫലമായി കഴിഞ്ഞ 12 മാസത്തിനിടെ 'വ്യക്തിഗത ഗതാഗത'ത്തിന്റെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്'' ടാറ്റ മോട്ടോഴ്സുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച സുന്ദരം ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ എ എന്‍ രാജു പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved