ടിസിപിഎല്‍ അറ്റാദായത്തില്‍ മൂന്ന് മടങ്ങ് വര്‍ധന

May 05, 2022 |
|
News

                  ടിസിപിഎല്‍ അറ്റാദായത്തില്‍ മൂന്ന് മടങ്ങ് വര്‍ധന

ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ (ടിസിപിഎല്‍) കണ്‍സോളിഡേറ്റഡ് അറ്റാദായം മൂന്ന് മടങ്ങ് വര്‍ധിച്ച് 239.05 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ജനുവരി-മാര്‍ച്ച് കാലയളവില്‍ കമ്പനിയുടെ അറ്റാദായം 74.35 കോടി രൂപയായിരുന്നുവെന്ന് നേരത്തെ ടാറ്റ ഗ്ലോബല്‍ ബിവറേജസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന ടിസിപിഎല്‍ ബിഎസ്ഇ ഫയലിംഗില്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 3,037.22 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 4.54 ശതമാനം ഉയര്‍ന്ന് 3,175.41 കോടി രൂപയായി.

ടാറ്റ ഗ്രൂപ്പിന്റെ എഫ്എംസിജി വിഭാഗത്തിന്റെ ആകെ ചെലവ് 2,819.60 കോടി രൂപയായിരുന്നു, മുന്‍വര്‍ഷത്തെ പാദത്തില്‍ ഇത് 2,818.34 കോടി രൂപയായിരുന്നു. ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള ടിസിപിഎല്ലിന്റെ വരുമാനം ഈ പാദത്തില്‍ 6.07 ശതമാനം ഉയര്‍ന്ന് 1,953.66 കോടി രൂപയായി. ഇന്ത്യ ബിവറേജസ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം 1,190 കോടി രൂപയായപ്പോള്‍ ഇന്ത്യ ഫുഡ്‌സ് 764 കോടി രൂപ സംഭാവന ചെയ്തു. അന്താരാഷ്ട്ര ബിസിനസ് വരുമാനം 879.91 കോടി രൂപയില്‍ നിന്ന് 1.16 ശതമാനം വര്‍ധിച്ച് 890.19 കോടി രൂപയിലാണ്.

തേയില, കാപ്പി, മറ്റ് ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്ലാന്റേഷന്‍, എക്സ്ട്രാക്ഷന്‍ ബിസിനസ്സ് ഉള്‍പ്പെടുന്ന ബ്രാന്‍ഡഡ് ഇതര ബിസിനസില്‍ നിന്നുള്ള വരുമാനം ഈ പാദത്തില്‍ 344.64 കോടി രൂപയായിരുന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ടിസിപിഎല്ലിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 9.10 ശതമാനം ഉയര്‍ന്ന് 1,015.16 കോടി രൂപയായി. 2020-21ല്‍ ഇത് 930.46 കോടി രൂപയായിരുന്നു.  ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡും സ്റ്റാര്‍ബക്‌സ് കോര്‍പ്പറേഷനും തമ്മിലുള്ള 50:50 സംയുക്ത സംരംഭമായ ടാറ്റ സ്റ്റാര്‍ബക്‌സ് ഈ വര്‍ഷം 76 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തി.

Related Articles

© 2024 Financial Views. All Rights Reserved