റഷ്യ-യുക്രൈന്‍ പോരാട്ടം: ഭക്ഷ്യ വിലക്കയറ്റ ഭീതിയില്‍ ലോകം; ഗോതമ്പ് കിട്ടാക്കനിയാകുമോ?

February 25, 2022 |
|
News

                  റഷ്യ-യുക്രൈന്‍ പോരാട്ടം: ഭക്ഷ്യ വിലക്കയറ്റ ഭീതിയില്‍ ലോകം; ഗോതമ്പ് കിട്ടാക്കനിയാകുമോ?

ന്യൂഡല്‍ഹി: റഷ്യ യുക്രൈനെതിരായ പോരാട്ടത്തെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയും സ്വര്‍ണ വിലയും കുത്തനെ വര്‍ധിപ്പിച്ചു. ഓഹരി വിപണിയിലും നിക്ഷേപകര്‍ക്ക് തിരിച്ചടി നേരിട്ടു. എന്നാല്‍ ഇപ്പോള്‍ ലോകരാഷ്ട്രങ്ങളെ അലട്ടുന്നത് ഭക്ഷ്യക്ഷാമമുണ്ടാകുമോ എന്ന ഭീതിയാണ്. സംഘര്‍ഷം ലോകമെമ്പാടുമുള്ള ധാന്യങ്ങളുടെ വിതരണത്തെ ബാധിച്ചേക്കാം. അതില്‍ ഗുരുതര പ്രതിസന്ധി നേരിടാന്‍ പോകുന്നത് ഗോതമ്പാകുമെന്നാണ് വിലയിരുത്തല്‍.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗോതമ്പ് കയറ്റി അയക്കുന്ന ഒന്നാമത്തെയും രണ്ടാമത്തെയും രാജ്യങ്ങള്‍ തമ്മിലാണ് ഇപ്പോള്‍ യുദ്ധം നടക്കുന്നത്. ഗോതമ്പിന്റെ ഫ്യൂചര്‍ വില നിലവാരം ഇന്ന് ഉയര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021 ജൂണ്‍ മുതല്‍ 2022 ജൂലൈ വരെയുള്ള ആഗോള തലത്തിലെ ഗോതമ്പ് കയറ്റുമതിയുടെ പ്രതീക്ഷിത കണക്കുകളില്‍ 23 ശതമാനവും റഷ്യയുടെയും യുക്രൈന്റെയും സംഭാവനയാണ്. യുദ്ധം തുടരുന്നത് ആഗോളതലത്തില്‍ വലിയ പ്രതിസന്ധിയാകുമെന്ന് ഉറപ്പാണ്.

മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും ഏറ്റവും കൂടുതല്‍ ഗോതമ്പ് കയറ്റി അയക്കുന്ന രാജ്യങ്ങളാണ് റഷ്യയും യുക്രൈനും. യുദ്ധം വ്യാപാര വാണിജ്യ ബന്ധങ്ങളെ സാരമായി ബാധിക്കുമെന്ന് മാത്രമല്ല, ചരക്ക് ഗതാഗതവും താറുമാറാക്കും. ഇതാണ് ഗോതമ്പിന്റെ പേരില്‍ ലോകം ഇന്ന് വലിയ ആശങ്ക രേഖപ്പെടുത്തുന്നതിന്റെ പ്രധാന കാരണം. ചിക്കാഗോ ബോര്‍ഡ് ഓഫ് ട്രേഡ് കണക്ക് പ്രകാരം ഗോതമ്പിന്റെ വില 48 സെന്റാണ് ഇന്ന് ഉയര്‍ന്നത്. ബഷലിന് 9.32 ഡോളറായിരുന്നു നേരത്തെയുണ്ടായിരുന്ന മൂല്യം. ഒരു ബഷല്‍ ഗോതമ്പെന്നാല്‍ 25.4 കിലോഗ്രാം തൂക്കം വരും. ഒരു രൂപയ്ക്ക് ഒരു പൈസ എന്നത് പോലെയാണ് ഡോളറിന് സെന്റ്.

മിനെപോളിസ് വീറ്റ് എക്‌സ്‌ചേഞ്ചിലും മൂല്യം ഉയര്‍ന്നു. 49 സെന്റ് വര്‍ധിച്ച് 9.63 ഡോളറാണ് ഫ്യൂചര്‍ പ്രൈസ്. യൂറോപ്പിലും ഗോതമ്പിന്റെ ഭാവി വില ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ചിലേക്കുള്ള വിലയും ഉയര്‍ന്നിട്ടുണ്ട്. യൂറോനെക്സ്റ്റില്‍ മെട്രിക് ടണ്ണിന് 287 യൂറോയാണ് ഇന്നലത്തെ കണക്ക് പ്രകാരം മാര്‍ച്ചിലെ ഗോതമ്പിന്റെ വില. യുദ്ധം തുടരുകയും റഷ്യയ്ക്ക് മേല്‍ ഉപരോധം ഉണ്ടാവുകയും ചെയ്താല്‍ ആഗോള തലത്തില്‍ തന്നെ ഗോതമ്പ് ലഭ്യത കുറയും. അത് നിലവിലെ ഉല്‍പ്പാദ രാജ്യങ്ങള്‍ക്ക് മേല്‍ ഡിമാന്റ് വര്‍ധിപ്പിക്കുകയും ഇപ്പോള്‍ ഈ രാജ്യങ്ങളെ ആശ്രയിക്കുന്ന മറ്റ് ലോകരാഷ്ട്രങ്ങളെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്യും. ഇങ്ങിനെ വന്നാല്‍ ഗോതമ്പിന് ലോകത്തെമ്പാടും വില ഉയരുന്ന സാഹചര്യമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved