അവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്തും: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിന്റെ മൂന്നാം ഘട്ടം

May 16, 2020 |
|
News

                  അവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്തും: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിന്റെ മൂന്നാം ഘട്ടം

കൊറോണ പകര്‍ച്ചവ്യാധിയില്‍ പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 1955 ലെ അവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് നിര്‍മല സീതാരാമന്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' പാക്കേജിന്റെ മൂന്നാംഘട്ടത്തിലാണ് നിയമഭേദഗതിയെപ്പറ്റി ധനമന്ത്രി പരാമര്‍ശിച്ചത്.

ഈ നിയമഭേദഗതിയിലൂടെ ഭക്ഷ്യധാന്യങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, എണ്ണക്കുരുക്കള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഉള്ളി, തക്കാളി എന്നിവ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ അവശ്യ വസ്തുക്കളുടെ പട്ടികയില്‍ നിന്നും ഒഴിവാകും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില മികച്ചതാക്കുകയാണ് ഈ പ്രഖ്യാപനങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യം. മൂന്നാം ഘട്ട പ്രഖ്യാപനങ്ങളില്‍ കൃഷി, അനുബന്ധ മേഖലകള്‍ക്കായുളള പദ്ധതികളാണ് ധനമന്ത്രി നടത്തിയത്. മൊത്തം 11 പദ്ധതികളാണ് മൂന്നാം ഘട്ടത്തില്‍ ഇടം നേടിയത്. ഇതില്‍ എട്ട് പ്രഖ്യാപനങ്ങള്‍ സംഭരണം, ചരക്ക് നീക്കം, മറ്റ് അടിസ്ഥാന സൗകര്യ വികസനം എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുളളവയായിരുന്നു. ശേഷിക്കുന്ന മൂന്നണ്ണം മേഖലയിലെ ഭരണപരിഷ്‌കാരവുമായി ബന്ധപ്പെട്ട നടപടികളാണ്.

ഇന്നും നേരിട്ട് ഗുണഭോക്താക്കളിലേക്ക് പണം കൈമാറുന്ന പദ്ധതികളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ല. 20 ലക്ഷം കോടി രൂപയുടെ പാക്കേജിനായുളള ധനസമാഹരണത്തെ സംബന്ധിച്ച പ്രഖ്യാപനങ്ങളോ സൂചനകളോ ഇന്നും ധനമന്ത്രി നിര്‍മല സീതാരാമനില്‍ നിന്നുണ്ടായില്ല. ലോക്ക്ഡൗണിനിടെ സംഭരണം നടക്കാതിരുന്നതിനാല്‍ ക്ഷീര കര്‍ഷകര്‍ റോഡില്‍ പാല്‍ ഒഴുക്കിക്കളഞ്ഞ സംഭവം ധനമന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ പരാമര്‍ശിച്ചു. ഇക്കാലയളവില്‍ പാലിന്റെ ആവശ്യകതയില്‍ 20 -25 ശതമാനം വരെ കുറവുണ്ടായതായി അവര്‍ പറഞ്ഞു. 

ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി വിപുലീകരിക്കും

ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് രണ്ട് ശതമാനം വാര്‍ഷിക പലിശയില്‍ വായ്പ ലഭ്യമാക്കും. രണ്ടുകോടിയോളം ക്ഷീരകര്‍ഷര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുകയും, ഏകദേശം അയ്യായിരം കോടിയുടെ അധിക പണലഭ്യത മേഖലയിലുണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. മൃ?ഗ സംരക്ഷണ മേഖലയ്ക്കായി 15,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് സര്‍ക്കാര്‍ നീക്കിവച്ചു. ഈ തുക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലെ പരിമിതികള്‍ പരിഹരിക്കുന്നതിനായി വിനിയോഗിക്കും. നാഷണല്‍ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പദ്ധതി പ്രകാരം രോ?ഗ നിര്‍മാര്‍ജനത്തിന് 1,343 കോടി രൂപയാണ് വകയിരുത്തിയത്.

തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കു മാത്രമായി നടപ്പാക്കിയിരുന്ന ''ഓപ്പറേഷന്‍ ഗ്രീന്‍'' പദ്ധതിയിലേക്ക് മുഴുവന്‍ പച്ചക്കറികളെയും പഴങ്ങളെയും ഉള്‍പ്പെടുത്തി. പച്ചക്കറി മേഖലയ്ക്ക് 500 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയത്. ഉല്‍പ്പന്നങ്ങള്‍ അധികമുളള വിപണികളില്‍ നിന്ന് ഉല്‍പ്പന്ന ക്ഷാമം നേരിടുന്ന ഇടങ്ങളിലേക്ക് പച്ചക്കറിയും അനുബന്ധ ഉല്‍പ്പന്നങ്ങളും എത്തിക്കുന്നതിനുളള ഗതാഗതത്തിന് 50 ശതമാനം സബ്‌സിഡി ഏര്‍പ്പെടുത്തി. വിപുലമായ ലോജിസ്റ്റിക്‌സ് ഗ്രിഡ് സംവിധാനം നിര്‍മിക്കാന്‍ സഹായകരമായ തീരുമാനമാണിത്. ഇത് മേഖലയില്‍ നേരിടുന്ന വിലയിടിവ് പരിഹരിക്കാനും ഭക്ഷ്യവസ്തുക്കള്‍ ഉപയോഗ ശൂന്യമാകുന്നത് ഒഴിവാക്കാനും സഹായകരമായേക്കും.

ആയുര്‍വേദം, ഔഷധ നിര്‍മാണം എന്നിവയ്ക്ക് സഹായകരമായ രീതിയിലുളള പദ്ധതികളും മൂന്നാം ഘട്ടത്തില്‍ ഇടം നേടി. ഔഷധ സസ്യക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ 4,000 കോടി രൂപ മാറ്റിവച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ 10 ലക്ഷം ഹെക്ടറിലേക്ക് ഔഷധ സസ്യകൃഷി വിപുലീകരിക്കാനാണ് സര്‍ക്കാരിന്റെ ആലോചന. ഗംഗാ തീരത്തെ 800 ഹെക്ടറില്‍ ഔഷധ സസ്യ ഇടനാഴിയും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നു.

പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് പിന്നാലെ !

'വോക്കല്‍ ഫോര്‍ ലോക്കല്‍' വിത്ത് ഗ്ലോബല്‍ ഔട്ട് റീച്ച് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി അസംഘടിത മേഖലയിലെ സൂക്ഷ്മ ഭക്ഷ്യ സംരംഭങ്ങള്‍ക്കായി (എംഎഫ്ഇ) 10,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഭക്ഷ്യ സംസ്‌കാരണ മേഖലയില്‍ ഉണര്‍വ് സൃഷ്ടിച്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ആഗോള ലക്ഷ്യത്തോടെ നടപ്പാക്കുന്നതിന്റെ ഭാഗമായി രണ്ട് ലക്ഷം സൂക്ഷ്മ ഭക്ഷ്യ സംരംഭങ്ങളെ സഹായിക്കാന്‍ ഒരു പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി മത്സ്യ സമ്പാദന്‍ യോജനയ്ക്ക് കീഴില്‍ സമുദ്ര -ഉള്‍നാടന്‍ മത്സ്യക്കൃഷിക്ക് 20,000 കോടിയുടെ പദ്ധതി നടപ്പാക്കും. ഇതില്‍ 11,000 കോടി സമുദ്ര -ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയ്ക്കും അക്വാകള്‍ച്ചറിനുമാണ്. 55 ലക്ഷം പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ പദ്ധതിയുടെ ഭാഗമായി 9,000 കോടി രൂപ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഉപയോഗിക്കും.

Related Articles

© 2024 Financial Views. All Rights Reserved