കൊറോണ വൈറസ് ആഘാതത്തില്‍ പച്ചക്കറി വിലയിടിഞ്ഞു; ഉള്ളി കിലോയ്ക്ക് എട്ട് രൂപയായി കുറഞ്ഞു

May 22, 2020 |
|
News

                  കൊറോണ വൈറസ് ആഘാതത്തില്‍ പച്ചക്കറി വിലയിടിഞ്ഞു; ഉള്ളി കിലോയ്ക്ക് എട്ട് രൂപയായി കുറഞ്ഞു

ന്യൂഡല്‍ഹി: കൊറോണ വൈറസ് ആഘാതത്തില്‍ പച്ചക്കറി വിലയിടിഞ്ഞു. ഡല്‍ഹിയില്‍ തക്കാളി വില കിലോഗ്രാമിന് 1-2 രൂപയായി കുറഞ്ഞു. അതേസമയം, ഉള്ളി കിലോയ്ക്ക് എട്ട് രൂപയായി കുറഞ്ഞു. കുറഞ്ഞ ഡിമാന്റും വിതരണ ശൃംഖലയിലെ തടസങ്ങളുമാണ് വിലയിടിയാനുള്ള പ്രധാന കാരണം. മാത്രമല്ല, കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്നതും മൊത്തക്കച്ചവടക്കാരെ ബാധിച്ചു.

രണ്ടാഴ്ച മുമ്പ് 8-10 രൂപയ്ക്കാണ് തക്കാളി വ്യാപാരം നടന്നതെന്ന് ആസാദ്പൂര്‍ മണ്ഡിയിലെ തക്കാളി ആന്‍ഡ് വെജിറ്റബിള്‍ ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുഭാ ചുഗ് പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിതരണം വര്‍ദ്ധിച്ചതും ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഹോസ്റ്റലുകള്‍, കാന്റീന്‍, വിരുന്നു ഹാളുകള്‍ എന്നിവയില്‍ നിന്നുള്ള ആവശ്യം കുറഞ്ഞതും തിരിച്ചടിയായതായി ചഗ് പറഞ്ഞു.

സൂപ്പ്, ഗ്രേവി, സാലഡ് എന്നിവ ഉണ്ടാക്കാന്‍ ഒരു ദിവസം 50 കിലോ മുതല്‍ 300 കിലോഗ്രാം വരെ വാങ്ങിയ ഹോട്ടലുകളില്‍ നിന്നുള്ള ആവശ്യം 50-60 ശതമാനം വരെ കുറഞ്ഞു. 1.5-2 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഹോസ്റ്റലുകളിലെ തക്കാളി, ഉള്ളി ഉപഭോഗം തകര്‍ന്നതായി വ്യാപാരികള്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ സവാളയുടെ വില പകുതിയായി കുറഞ്ഞുവെന്ന് ആസാദ്പൂര്‍ മണ്ഡിയിലെ ശ്രീ റാം ട്രേഡിംഗ് കോയിലെ രാം ബാരന്‍ പറഞ്ഞു. വ്യാപാരികള്‍ക്ക് ദിവസേന വരുന്നതിന്റെ പകുതി മാത്രമേ മാണ്ഡിയില്‍ വില്‍ക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. വാങ്ങുന്നവരുടെ എണ്ണത്തിനും ട്രക്കുകളുടെ സമയപരിധിക്കും ആസാദൂര്‍ എപിഎംസി നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും വാങ്ങുന്നവരെ നിരുത്സാഹപ്പെടുത്തുന്നുവെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെട്ടു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved