തക്കാളിയുടെ മൊത്തവിലയില്‍ കുത്തനെ ഇടിവ്; കിലോഗ്രാമിന് 4 രൂപയായി

September 01, 2021 |
|
News

                  തക്കാളിയുടെ മൊത്തവിലയില്‍ കുത്തനെ ഇടിവ്; കിലോഗ്രാമിന് 4 രൂപയായി

ന്യൂഡല്‍ഹി: രാജ്യത്ത് തക്കാളിയുടെ മൊത്തവില കുത്തനെ ഇടിഞ്ഞു. തക്കാളി ഉല്‍പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലെല്ലാം വില താഴ്ന്നിരിക്കുകയാണ്. തക്കാളി ഉല്‍പ്പാദിപ്പിക്കുന്ന 23 സംസ്ഥാനങ്ങളിലെ വില 50 ശതമാനത്തിലും താഴെ പോയെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു. ഖാരിഫ് സീസണ്‍ വിളവെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. 2021 ജൂലൈ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലത്തേതാണ് വിളവെടുപ്പ്. മധ്യപ്രദേശിലെ ദേവാസില്‍ തക്കാളിക്ക് ഓഗസ്റ്റ് 28ന് എട്ട് രൂപയായിരുന്നു വില. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 11 രൂപയായിരുന്നു കിലോയ്ക്ക് മൊത്തവ്യാപാര വില.

നിലവില്‍ രാജ്യത്തെ ആറാമത്തെ വലിയ തക്കാളി ഉല്‍പ്പാദകരാണ് മഹാരാഷ്ട്രയിലെ ജല്‍ഗോണ്‍. ഇവിടെ വില 80 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് നാല് രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 21 രൂപയായിരുന്നു ഇവിടെ തക്കാളിയുടെ മൊത്തവ്യാപാര വില. ഔറംഗബാദില്‍ വില 9.50 രൂപയില്‍ നിന്ന് 4.50 രൂപയിലേക്ക് താഴ്ന്നു. സോലാപൂറില്‍ 15 രൂപയായിരുന്നത് അഞ്ച് രൂപയായി. കോല്‍ഹാപൂറില്‍ 25 രൂപയായിരുന്നത് 6.50 രൂപയായി. മികച്ച വിളവെടുപ്പ് കിട്ടിയിട്ടും വിതരണശൃംഖല തടസപ്പെട്ടതാണ് വില ഇടിയാന്‍ പ്രധാന കാരണമായി പറയുന്നത്.

സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഓഗസ്റ്റ് 28 ന് കര്‍ണാടകയിലെ കോലാറില്‍ തക്കാളിക്ക് വില കിലോയ്ക്ക് 5.30 ആയിരുന്നു. കഴിഞ്ഞ വര്‍ഷം 18.70 രൂപയായിരുന്നു. ചിക്കബല്ലാപുരയില്‍ വില കഴിഞ്ഞ വര്‍ഷം 18.50 ആയിരുന്നത് 7.30 രൂപയായാണ് താഴ്ന്നത്. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ വില കഴിഞ്ഞ വര്‍ഷം 40 രൂപയായിരുന്നത് ഇക്കുറി 18.50 രൂപയായി താഴ്ന്നു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ വര്‍ഷം 14 മുതല്‍ 28 രൂപ വരെ കിലോയ്ക്ക് കിട്ടിയിരുന്ന ഇടങ്ങളില്‍ ഇക്കുറി 8 രൂപ മുതല്‍ 20 രൂപ വരെയാണ് കിട്ടുന്നത്. പശ്ചിമബംഗാളില്‍ 34 മുതല്‍ 65 രൂപ വരെ കഴിഞ്ഞ വര്‍ഷം കിട്ടിയിരുന്നത് 25 മുതല്‍ 32 രൂപ വരെയാണ് കിട്ടുന്നത്.

Related Articles

© 2024 Financial Views. All Rights Reserved