ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കാന്‍ ഒരുങ്ങി ടിവിഎസ് മോട്ടോര്‍

March 08, 2021 |
|
News

                  ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കാന്‍ ഒരുങ്ങി ടിവിഎസ് മോട്ടോര്‍

കൊച്ചി: പ്രമുഖ ടൂ-ത്രീ വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി എല്ലാ ജീവനക്കാര്‍ക്കും തൊട്ടടുത്ത കുടുംബാംഗങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കുന്നു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള കുത്തിവയ്പ്പ് നേരിട്ടും പരോക്ഷമായും രാജ്യത്തുടനീളമുള്ള 35,000 ജീവനക്കാര്‍ക്ക് ഉപകാരപ്രദമാകും. ആദ്യ ഘട്ടത്തില്‍ 60 വയസിനു മുകളിലൂള്ള ജീവനക്കാര്‍ക്കും 45 വയസിനു മുകളിലുള്ള മറ്റു രോഗ ബാധിതര്‍ക്കുമായിരിക്കും കുത്തിവയ്പ്പ് നല്‍കുക.

ടിവിഎസ് കമ്പനി ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നുവെന്നും പകര്‍ച്ചവ്യാധിയുടെ കാലത്ത് ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഡോക്ടര്‍ ഓണ്‍കോള്‍, ആരോഗ്യ ബോധവല്‍ക്കരണം തുടങ്ങിയ പരിപാടികളിലൂടെ ആവശ്യമായ പിന്തുണ കമ്പനി നല്‍കി പോന്നിരുന്നുവെന്നും കുത്തിവയ്പ്പിലൂടെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ പരിരക്ഷയിലുള്ള ഉത്തരവാദിത്വം തുടരുമെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ഹ്യൂമണ്‍ റിസോഴ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആര്‍. അനന്തകൃഷ്ണന്‍ പറഞ്ഞു.

നേരത്തെ, റിലയന്‍സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, ആക്‌സെഞ്ചര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവരും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള വാക്‌സിനേഷന്‍ ചെലവ് വഹിക്കുന്നുണ്ട്. റിലയന്‍സില്‍ കമ്പനിയുടെ ഓയില്‍, കെമിക്കല്‍, റീട്ടെയില്‍ യൂണിറ്റ്, ടെലികോം വിഭാഗം ജിയോ, അവരുടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആശ്രിതര്‍ എന്നിവര്‍ക്കാണ് ഇതോടെ വാക്‌സിന്‍ പരിരക്ഷ ലഭിക്കുക.

ഇന്ത്യയില്‍ 60 വയസ്സിനും 45 വയസ്സിനും മുകളിലുള്ളവര്‍ക്ക് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ നല്‍കി വരുന്നതിനിടെയാണ് കമ്പനികളുടെ പ്രഖ്യാപനം. സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യമായി വാക്‌സിനേഷന്‍ നല്‍കി വരുന്നുണ്ടെങ്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 250 രൂപാനിരക്കില്‍ വാക്‌സിന്‍ നല്‍കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved