വിദേശ വ്യാപാരം ശക്തിപ്പെടുത്താന്‍ യുഎഇ; പുതിയ 25 അന്താരാഷ്ട്ര വിപണികളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

June 29, 2021 |
|
News

                  വിദേശ വ്യാപാരം ശക്തിപ്പെടുത്താന്‍ യുഎഇ;  പുതിയ 25 അന്താരാഷ്ട്ര വിപണികളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ദുബായ്: വിദേശ വ്യാപാരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎഇ 25 പുതിയ അന്താരാഷ്ട്ര വിപണികളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വരും വര്‍ഷങ്ങളില്‍ കയറ്റുമതി 50 ശതമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് തീരുമാനം. അബുദാബിയിലെ ഖസര്‍ അല്‍ വതനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വിദേശ വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി 25 പുതിയ ആഗോള വിപണികളിലേക്ക് കൂടി എണ്ണ ഇതര കയറ്റുമതി വ്യാപിക്കുന്നതിനുള്ള ദേശീയ അജന്‍ഡയ്ക്ക് രൂപം നല്‍കിയതായി ഷേഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു.   

400 നഗരങ്ങളിലായി വ്യാപിച്ച് കിടക്കുന്ന അന്താരാഷ്ട്ര വ്യാപാര ശൃംഖലയിലൂടെ പ്രതിവര്‍ഷം 1.5 ട്രില്യണ്‍ ദിര്‍ഹത്തിന്റെ എണ്ണ ഇതര വ്യാപാരം യുഎഇ നടത്തുന്നുണ്ടെന്ന് ഷേഖ് മുഹമ്മദ് പറഞ്ഞു. ദേശീയ സമ്പദ് വ്യവസ്ഥയുടെ 70 ശതമാനവും എണ്ണ ഇതര മേഖലകളുടെ സംഭാവനയാണ്. വരും വര്‍ഷങ്ങളില്‍ രാജ്യത്ത് നിന്നുള്ള കയറ്റുമതിയില്‍ 50 ശതമാനം വര്‍ധനയാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. യുഎഇയില്‍ ദേശീയ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ആഗോള ബിസിനസ് ഹബ്ബെന്ന നിലയിലുള്ള യുഎഇയുടെ സ്ഥാനം ദൃഢപ്പെടുത്തുന്നതിനും ഒറ്റക്കെട്ടായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഷേഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.   

ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി രാജ്യം വന്‍ തോതില്‍ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ടെന്നും ഷേഖ് മുഹമ്മദ് അറിയിച്ചു. പൊതുമേഖലയിലെ ഗവേഷണ, വികസന ചിലവുകള്‍ അളക്കുന്നതിന് വേണ്ടിയുള്ള ദേശീയ മാനുവലിന് രാജ്യം അംഗീകാരം നല്‍കിയിട്ടുണ്ട്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.3 ശതമാനമാണ് യുഎഇ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുന്നത്. അറിവില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയെന്ന തങ്ങളുടെ ലക്ഷ്യത്തിന്റെ കാതല്‍ തന്നെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളാണെന്ന് ഷേഖ് മുഹമ്മദ് പറഞ്ഞു.

Read more topics: # UAE, # യുഎഇ,

Related Articles

© 2024 Financial Views. All Rights Reserved