മെഡിക്കല്‍ ടൂറിസം: യുഎഇയില്‍ 2018ല്‍ മാത്രം ഒഴുകിയെത്തിയത് 12.1 ബില്യണ്‍ ദിര്‍ഹം; 2023ഓടെ 19.5 ബില്യണ്‍ ദിര്‍ഹമായി ഉയരുമെന്നും നിഗമനം

August 24, 2019 |
|
News

                  മെഡിക്കല്‍ ടൂറിസം: യുഎഇയില്‍ 2018ല്‍ മാത്രം ഒഴുകിയെത്തിയത് 12.1 ബില്യണ്‍ ദിര്‍ഹം; 2023ഓടെ 19.5 ബില്യണ്‍ ദിര്‍ഹമായി ഉയരുമെന്നും നിഗമനം

ദുബായ്: യുഎഇയില്‍ 2018ല്‍ മാത്രം മെഡിക്കല്‍ ടൂറിസം വഴി ഒഴുകിയെത്തിയത്  12.1 ബില്യണ്‍ ദിര്‍ഹമെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 5.5 ശതമാനം അധിക വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടു വന്ന പുതിയ പദ്ധതികളാണ് രാജ്യത്തെ മെഡിക്കല്‍ ടൂറിസത്തില്‍ വലിയ വളര്‍ച്ച സാധ്യമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദുബായ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 

2023ഓടെ ഇത് 19.5 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ നോക്കിയാല്‍ ചികിത്സ അടക്കമുള്ള കാര്യങ്ങള്‍ക്കായി യുഎഇയിലേക്ക് വരുന്ന വിദേശികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. 2020തോടെ അഞ്ചു ലക്ഷം മെഡിക്കല്‍ ടൂറിസ്റ്റുകള്‍ യുഎഇയിലേക്ക് വരുമെന്നാണ് കരുതുന്നത്. ഗള്‍ഫ് മേഖലയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ എത്തുന്നതെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) അറിയിച്ചു.

കഴിഞ്ഞ വര്‍ഷം 3.37 ലക്ഷം ഹെല്‍ത്ത് ടൂറിസ്റ്റുകള്‍ എത്തി. 2021 ആകുമ്പേഴേക്കും ഇത് 5 ലക്ഷം ആകുമെന്നാണു പ്രതീക്ഷ. ഈ മേഖലയില്‍ 116.3 കോടി ദിര്‍ഹത്തിന്റെ നേട്ടമുണ്ടായി. ലോകോത്തര സൗകര്യങ്ങളുള്ള ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളുമാണ് ദുബായിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതെന്ന് ഡിഎച്ച്എ ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി പറഞ്ഞു.

ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചറിയാനുള്ള പോര്‍ട്ടല്‍ നവീകരിച്ചു. വെബ്സൈറ്റ് അഡ്രസ്: DXH.ae. മെഡിക്കല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ 1,000 കിടക്കകള്‍ ഉള്ള ആശുപത്രിസമുച്ചയ പദ്ധതിക്കു തുടക്കം കുറിച്ചിട്ടുണ്ട്. 

 

Related Articles

© 2024 Financial Views. All Rights Reserved