വന്‍ വിലക്കുറവില്‍ ഇന്ത്യക്ക് എണ്ണ വാഗ്ദാനം ചെയ്ത് റഷ്യന്‍ എണ്ണക്കമ്പനികള്‍

March 08, 2022 |
|
News

                  വന്‍ വിലക്കുറവില്‍ ഇന്ത്യക്ക് എണ്ണ വാഗ്ദാനം ചെയ്ത് റഷ്യന്‍ എണ്ണക്കമ്പനികള്‍

യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ റഷ്യ വന്‍ ഉപരോധങ്ങള്‍ നേരിടുന്നതിനിടെ, ഇന്ത്യക്ക് വന്‍ വിലക്കുറവില്‍ അസംസ്‌കൃത എണ്ണ നല്‍കാമെന്ന വാഗ്ദാനവുമായി റഷ്യന്‍ എണ്ണക്കമ്പനികള്‍. 27 ശതമാനം വരെ വിലക്കുറവില്‍ എണ്ണ നല്‍കാമെന്നാണ് റഷ്യന്‍ കമ്പനികള്‍ വാഗ്ദാനം നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ധന ഇറക്കുമതിക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്ന യുഎസിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യുക്രൈന്‍ വിഷയത്തില്‍ തങ്ങളോട് അനുഭാവപൂര്‍ണമായ നിലപാട് കൈക്കൊള്ളുന്ന ഇന്ത്യയെ കൂടുതല്‍ ആകര്‍ഷിക്കാനും ഉപരോധ ഭീഷണി മറികടക്കാനും റഷ്യയുടെ നീക്കം.

അതേസമയം, ഇക്കാര്യത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. യുക്രെയ്‌നുമായി യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യക്ക് യൂറോപ്യന്‍ യൂണിയന്റെയും യുഎസിന്റെയും നേതൃത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ സമസ്ത മേഖലകളിലും ഉപരോധം ഏര്‍പ്പെടുത്തിയതോടെ എണ്ണവില വന്‍ കുതിപ്പിലാണ്. 14 വര്‍ഷത്തിനിടയിലെ ഏറ്റവുമുയര്‍ന്ന വിലയായ ബാരലിന് 139 ഡോളര്‍ എന്ന നിരക്കാണ് അന്താരാഷ്ട്രവിപണിയില്‍.

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ, ആയുധങ്ങള്‍, വളം എന്നിവ എത്തുന്നത് റഷ്യയില്‍ നിന്നാണ്. റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനിയായ റോസ്‌നെറ്റ്ഫാണ് ഇപ്പോള്‍ ഏറ്റവും വലിയ ഇളവ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര വിനിമയ സംവിധാനമായ സ്വിഫ്റ്റില്‍ നിന്ന് റഷ്യയിലെ ബാങ്കുകളെ വിലക്കിയതിനാല്‍ റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണക്ക് ഇന്ത്യ എങ്ങനെ പണം നല്‍കുമെന്ന കാര്യം വ്യക്തമല്ല. സ്വിഫ്റ്റില്‍ നിന്ന് വിലക്കിയതിനാല്‍ ഡോളറില്‍ വിനിമയം സാധ്യമാകില്ല.

അതേസമയം, ഇന്ധന ഇറക്കുമതിക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്ന യുഎസിന്റെ പ്രഖ്യാപനത്തോട് റഷ്യ രൂക്ഷമായി പ്രതികരിച്ചിരുന്നു. എണ്ണവില ബാരലിന് 300 ഡോളറിന് മുകളിലെത്താന്‍ ഉപരോധം കാരണമാകുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില വന്‍ കുതിപ്പ് നടത്തിയിട്ടും ഇന്ത്യയില്‍ എണ്ണവില വര്‍ധിപ്പിച്ചിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് വിലവര്‍ധന വൈകുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഏത് നിമിഷവും വില വര്‍ധനവുണ്ടാകുമെന്നാണ് അഭ്യൂഹം.

Related Articles

© 2024 Financial Views. All Rights Reserved