മൂന്നാം പാദത്തിലെ അറ്റവരുമാനത്തില്‍ 16 ശതമാനം വര്‍ധന നേടി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്

February 03, 2022 |
|
News

                  മൂന്നാം പാദത്തിലെ അറ്റവരുമാനത്തില്‍ 16 ശതമാനം വര്‍ധന നേടി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്

ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 967.38 കോടി രൂപ ഏകീകൃത അറ്റവരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 835.04 കോടി രൂപയില്‍ നിന്ന് ഇത്തവണ 16 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ പാദത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 53.92 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേപാദത്തില്‍ ഇത് 78.25 കോടി രൂപയായിരുന്നു.

എല്ലാ വിഭാഗങ്ങളിലും വളര്‍ച്ച കൈവരിച്ചു. കിച്ചന്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങളുടെ വില്‍പ്പനയില്‍ മികച്ച വര്‍ധനയുണ്ടായി. പണപ്പെരുപ്പവും ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതും ഏകീകൃത വരുമാനത്തെ സ്വാധീനിച്ചു. 2021 ഏപ്രില്‍ മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഒമ്പതു മാസത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റവരുമാനം 31 ശതമാനവും ഏകീകൃത അറ്റാദായം 4 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. 1866.04 കോടി രൂപയായിരുന്ന ഏകീകൃത അറ്റവരുമാനം 2439.97 കോടി രൂപയായും 133.50 കോടി രൂപയായിരുന്ന ഏകീകൃത അറ്റാദായം 138.86 കോടി രൂപയായുമാണ് ഈ കാലയളവില്‍ വര്‍ധിച്ചത്.

ഈ ത്രൈമാസം മികച്ച പ്രകടനത്തോടെയാണ് തുടങ്ങിയതെങ്കിലും കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാദം അവസാനത്തോടെ വളര്‍ച്ച കുറഞ്ഞു. ചരക്കു വിലകളുടെ വര്‍ധന മൊത്ത ലാഭത്തെ സ്വാധീനിച്ചിട്ടുണ്ട്. പണപ്പെരുപ്പത്തിന്റെ ആഘാതം മൂലമുള്ള ചെലവിന്റെ വലിയൊരു ഭാഗം നികത്താന്‍ വില പുനര്‍ക്രമീകരണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വരും മാസങ്ങളിലും തുടര്‍ നടപടികളുണ്ടാകുമെന്ന് വി-ഗാര്‍ഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved