'വി'യുടെ 4ജി ശൃംഖല-ജിഗാനെറ്റ് വരുന്നു; ഇന്ത്യയിലെ ഏറ്റവും ശക്തമായ ശൃഖലയെന്ന് വാദം

September 16, 2020 |
|
News

                  'വി'യുടെ 4ജി ശൃംഖല-ജിഗാനെറ്റ് വരുന്നു; ഇന്ത്യയിലെ ഏറ്റവും ശക്തമായ ശൃഖലയെന്ന് വാദം

കൊച്ചി: വോഡഫോണും ഐഡിയയും സംയോജിച്ച് പുതിയ ബ്രാന്‍ഡായി മാറിയ 'വി', 4ജി ശൃംഖലയായ ജിഗാനെറ്റ് അവതരിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും ശക്തമായ 4ജി ശൃഖലയാണ് ഇതെന്ന അവകാശവാദം വോഡഫോണ്‍ ഐഡിയ ഉയര്‍ത്തിക്കഴിഞ്ഞു. വേഗമാര്‍ന്ന ഇന്റര്‍നെറ്റ് ശേഷിയും ഉയര്‍ന്ന സ്പെക്ട്രവും ജിഗാനെറ്റിന്റെ സവിശേഷതയായി കമ്പനി ചൂണ്ടിക്കാട്ടുന്നുണ്ട്. നിര്‍മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള യൂണിവേഴ്‌സല്‍ ക്ലൗഡ് സാങ്കേതികവിദ്യയാണ് ജിഗാനെറ്റ് ഉപയോഗിക്കുന്നത്. അതിവേഗം വന്‍തോതിലുള്ള ഡേറ്റ ഉപയോഗവും കൈമാറ്റവും ഇതു സാധ്യമാക്കും.

കോളുകള്‍ വിളിക്കുന്നതിലോ നെറ്റ് സര്‍ഫിങിലോ ഒതുങ്ങുതല്ല ഇപ്പോള്‍ ടെലികോം ശൃംഖലകളുടെ പങ്കെന്ന് ജിഗാനെറ്റ് അവതരിപ്പിക്കവെ ഐഡിയ വോഡഫോണ്‍ ചീഫ് ടെക്നോളജി ഓഫിസര്‍ വിഷാന്ത് വോറ ചൂണ്ടിക്കാട്ടി. കണക്ടിവിറ്റിയെ ഡിജിറ്റല്‍ സമൂഹത്തിന്റെ അടിത്തറയാക്കി മാറ്റാനുള്ള വിയുടെ ശ്രമമാണ് ജിഗാനെറ്റ്. അതിവേഗ ഡൗണ്‍ലോഡുകളും അപ്ലോഡുകളും തല്‍സമയം സാധ്യമാക്കാന്‍ ഇതിലൂടെ കഴിയും. വ്യക്തിഗത സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്തക്കള്‍ക്കും വന്‍കിട കോര്‍പറേറ്റുകള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമെല്ലാം ആവശ്യമായ കണക്ടിവിറ്റി തടസ്സമില്ലാതെ ലഭ്യമാക്കാന്‍ ജിഗാനെറ്റിന് സാധിക്കുമെന്ന് വോറ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ സെപ്തംബര്‍ 30 -ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് വോഡഫോണ്‍ ഐഡിയ. പൊതുയോഗത്തില്‍ വായ്പയെടുക്കല്‍ പരിധി ഉയര്‍ത്താന്‍ ഓഹരിയുടമകള്‍ സമ്മതിക്കുമെന്ന പ്രതീക്ഷ കമ്പനിക്കുണ്ട്. നിലവില്‍ 25,000 കോടി രൂപയാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് വായ്പയെടുക്കാന്‍ അനുവദിച്ചിരിക്കുന്ന പരിധി. ഇത് ഒരു ലക്ഷം കോടി രൂപയായി ഉയര്‍ത്തണമെന്നാണ് കമ്പനിയുടെ ആവശ്യം. വാര്‍ഷിക പൊതുയോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് ഓഹരി ഉടമകളുടെ അനുവാദം വോഡഫോണ്‍ ഐഡിയ തേടും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കമ്പനിയെ അലട്ടുന്നുണ്ട്. ടെലികോം ബിസിനസില്‍ കാര്യമായ വരുമാനം വോഡഫോണ്‍ ഐഡിയക്കില്ല. ഇതിന് പുറമെ സര്‍ക്കാരിലേക്ക് 58,250 കോടി രൂപ ക്രമീകരിച്ച മൊത്തം വരുമാനം ഇനത്തില്‍ കുടിശ്ശികയായി തിരിച്ചടയ്ക്കേണ്ടതുമുണ്ട്. 7,854 കോടി രൂപയാണ് ഇതുവരെ എജിആര്‍ കുടിശ്ശികയില്‍ കമ്പനി ഒടുക്കിയത്. 10 വര്‍ഷംകൊണ്ട് മിച്ചമുള്ള അടച്ചുതീര്‍ക്കണം. വരിക്കാരുടെ കൊഴിഞ്ഞുപോക്കാണ് വോഡഫോണ്‍ ഐഡിയ നേരിടുന്ന മറ്റൊരു പ്രതിസന്ധി. എന്തായാലും വി എന്ന പേരില്‍ ബ്രാന്‍ഡ് പുനര്‍നാമകരണം ചെയ്ത് ടെലികോം മത്സരത്തില്‍ ശക്തമായി തിരിച്ചുവരാനുള്ള കരുനീക്കങ്ങള്‍ കമ്പനി തുടങ്ങിക്കഴിഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved