വോഡാഫോന്‍ ഇന്ത്യ വിട്ടേക്കുമെന്ന സൂചന; കേന്ദ്രസര്‍ക്കാറിന് കുടിശ്ശികയായി നല്‍കാനുള്ള തുക മൂന്ന് മാസത്തിനകം നല്‍കണമെന്ന് സുപ്രീം കോടതി; സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ ഓപ്പറേഷന്‍സ് നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് കമ്പനി രംഗത്ത്

November 13, 2019 |
|
News

                  വോഡാഫോന്‍ ഇന്ത്യ വിട്ടേക്കുമെന്ന സൂചന; കേന്ദ്രസര്‍ക്കാറിന് കുടിശ്ശികയായി നല്‍കാനുള്ള തുക മൂന്ന് മാസത്തിനകം നല്‍കണമെന്ന് സുപ്രീം കോടതി; സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ ഓപ്പറേഷന്‍സ് നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച്  കമ്പനി രംഗത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഇനിയുള്ള കാലം മുകഷ് അംബാനിയുടെ റിലയന്‍സ് ജിയോക്ക് മാത്രമാകും നേട്ടം. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയും, ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോണ്‍ ഇന്ത്യയിലെ സേവനങ്ങള്‍ നിര്‍ത്തിയേക്കും. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ആയിരക്കണക്കിന് കോടി രൂപ നിയമപരമായ കുടിശ്ശിക നല്‍കാന്‍ നിര്‍ബന്ധിതരായാല്‍ ഇന്ത്യയിലെ കച്ചവടം വോഡഫോണ്‍ അവസാനിപ്പിക്കും. 69.2 കോടി യൂറോയുടെ പ്രവര്‍ത്തന നഷ്ടമാണ് ഏപ്രില്‍-സെപ്റ്റംബര്‍ മുതല്‍ കമ്പനിക്കുണ്ടായത്. രജ്യത്തെ ടെലികോം മേഖല വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട് ഈയിടെ പുറത്തു വന്നിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കാര്യമായ നേട്ടമുണ്ടാക്കിയിരിക്കുന്നത് മുകേഷ് അംബാനിയുടെ ജിയോ മാത്രമാണ്. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളെ എല്ലാം കീഴടക്കി കഴിഞ്ഞ പാദത്തിലെ വരുമാനത്തിലും ജിയോ മുന്നിലെത്തി. രാജ്യത്തെ മൊത്തം ടെലികോം കമ്പനികള്‍ നേരിടുന്നത് ഏകദേശം എട്ട് ലക്ഷം കോടിയുടെ കടമാണ്. വന്‍ നഷ്ടം സഹിക്കാനാവാതെ ഐഡിയ കമ്പനിക്കൊപ്പം ചേര്‍ന്ന വോഡഫോണ്‍ കമ്പനി ഈ സാഹചര്യത്തിലാണ് ഇന്ത്യ വിടാനൊരുങ്ങുന്നത്.

ഇന്ത്യന്‍ വിപണിയില്‍ കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വോഡഫോണ്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്തകള്‍ക്ക് അടിവരയിടുന്നതാണ് കമ്പനിയുടെ പുതിയ പ്രസ്താവനകള്‍. ജിയോയുടെ വരവോടെയാണ് വോഡഫോണ്‍ പ്രതിസന്ധിയിലാകുന്നത്. കമ്പനിയുടെ ഇന്ത്യയിലുള്ള സംയുക്ത സംരംഭമായ വോഡഫോണ്‍-ഐഡിയയ്ക്ക് ഇനി ഒരു ഭാവിയുണ്ടാകണമെങ്കില്‍ കുടിശിക ബാധ്യത ലഘൂകരിക്കാന്‍ സര്‍ക്കാര്‍ സഹായം ആവശ്യമാണ് എന്ന് വോഡഫോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് റീഡ് പറഞ്ഞു. സുപ്രീംകോടതി വിധിക്കുമേല്‍ പിന്തുണയില്ലാത്ത നിയന്ത്രണങ്ങളും ഉയര്‍ന്ന നികുതികളുമായതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് കമ്പനിക്ക് ഇന്ത്യയിലുള്ളത്. ഇത് ഒരു ഗുരുതരാവസ്ഥയാണ് എന്നും നിക്ക് റീഡ് പറഞ്ഞു. ലൈസന്‍സും റഗുലേറ്ററി ഫീസുകളും സംബന്ധിച്ച തര്‍ക്കത്തിലെ കോടതി വിധിയാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കമ്പനിക്ക് സഹായം ലഭിക്കാന്‍ സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വോഡഫോണ്‍ പറയുന്നു.

ഇന്ത്യന്‍ വിപണിയിലേക്ക് റിലയന്‍സ് ജിയോ കടന്നുവന്നതോടെയാണ് മറ്റ് ടെലികോം കമ്പനികള്‍ നഷ്ടം നേരിടാന്‍ തുടങ്ങിയത്. ടെലികോം വ്യവസായത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കര്‍ശനമായ നിയന്ത്രണങ്ങള്‍ കൂടി വന്നതോടെ വലിയ സാമ്പത്തിക നഷ്ടമാണ് കമ്പനികള്‍ക്കുണ്ടായത്. നഷ്ടം പരിഹരിക്കാനായി വോഡഫോണും ഐഡിയയും ഒന്നിച്ചെങ്കിലും അതും ലക്ഷ്യം കണ്ടില്ല. ജിയോയെ തോല്‍പ്പിക്കാനായിരുന്നു ഈ ലയനവും. ഉയര്‍ന്ന നികുതി, വലിയ ലൈസന്‍സ് ഫീസ് തുടങ്ങിയവ ടെലികോം മേഖലയിലെ ലാഭകരമായ പ്രവര്‍ത്തനത്തിനു തടസമാണെന്നു ബ്രിട്ടനിലെ മാതൃകമ്പനി വിലയിരുത്തുന്നു. ഭീമമായ ബാധ്യത വരുത്തിയ സുപ്രീംകോടതി വിധി ഇതിനു പുറമെയാണ്. ഈ വിധിമൂലമുള്ള അധിക ബാധ്യത മാതൃകന്പനിക്ക് 190 കോടി യൂറോ (15,000 കോടി രൂപ)യുടെ അര്‍ധവാര്‍ഷിക നഷ്ടത്തിനു വഴിതെളിച്ചു. ഇന്ത്യയില്‍ കുമാര്‍ മംഗളം ബിര്‍ളയുമായി ചേര്‍ന്ന് വോഡഫോണ്‍ ഐഡിയ എന്ന മൊബൈല്‍ ടെലികോം കമ്പനി നിലവിലുണ്ട്. മൊത്തം മൊബൈല്‍ വരിക്കാലില്‍ 30 ശതമാനത്തോളം ഈ കമ്പനിക്കുണ്ട്.

സ്പെക്ട്രം ചാര്‍ജ് അടയ്ക്കല്‍ രണ്ടു വര്‍ഷം മോറട്ടോറിയം നല്‍കുക, ലൈസന്‍സ് ഫീസ് താഴ്ത്തുക, സുപ്രീംകോടതി വിധി പ്രകാരമുള്ള ബാധ്യതയില്‍ പലിശയും പിഴയും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വോഡഫോണ്‍ ഐഡിയ ഗവണ്‍മെന്റിനു സമര്‍പ്പിച്ചിട്ടുണ്ട്. ലോകത്തില്‍ രണ്ടാമത്തെ വലിയ മൊബൈല്‍ കമ്പനിയാണു വോഡഫോണ്‍. ഇന്ത്യയില്‍ റിലയന്‍സ് ജിയോയില്‍ നിന്നുള്ള മത്സരവും ഉയര്‍ന്ന സ്പെക്ട്രം ഫീസും ലൈസന്‍സ് ഫീസുമാണ് അവരെ തളര്‍ത്തുന്നത്. ജിയോ വന്നതിനു ശേഷം ചെറുതും വലുതുമായ കമ്പനികള്‍ പൂട്ടുകയോ മറ്റു കമ്പനികളുടെ ഭാഗമാകുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പിടിച്ചുനില്‍ക്കുന്നത് എയര്‍ടെലും വോഡഫോണ്‍ ഐഡിയ കമ്പനികള്‍ മാത്രമാണ്. ഇതിനിടെയാണ് ബ്രിട്ടിഷ് കമ്പനിയായ വോഡഫോണ്‍ ഇന്ത്യ വിടുമെന്ന റിപ്പോര്‍ട്ട് വരുന്നത്. വോഡഫോണ്‍ കമ്പനി എപ്പോള്‍ വേണമെങ്കിലും ഇന്ത്യയിലെ സേവനം മതിയാക്കി മടങ്ങുമെന്നാണ് അറിയുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള കമ്പനിയാണ് വോഡഫോണ്‍ ഐഡിയ. എന്നാല്‍ ഓരോ മാസവും ശരാശരി 40 ലക്ഷം വരിക്കാരെ വരെ നഷ്ടപ്പെടുന്നുണ്ട്. വരിക്കാരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ടവറുകളോ മറ്റു സേവനങ്ങളോ കുറയ്ക്കാന്‍ കമ്പനിക്ക് സാധിക്കുന്നില്ല. വരിക്കാരില്‍ നിന്നുള്ള വരുമാനവും കുത്തനെ കുറഞ്ഞു. ഇതാണ് പ്രതിസന്ധിക്ക് കാരണം.

ഇതിനിടെയാണ് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍) നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ് വന്നത്. വിധി പ്രകാരം വോഡഫോണ്‍ ഐഡിയ 28,309 കോടി രൂപ കുടിശിക സര്‍ക്കാരിന് നല്‍കണം. അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഈ തുക നല്‍കണമെന്നാണ് ഉത്തരവ്. കടം തിരിച്ചുപിടിക്കാനായി വോഡഫോണ്‍ ഐഡിയ തങ്ങളുടെ കടക്കാരെ സമീപിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കടം തിരിച്ചുപിടിക്കുന്നതിനായി വോഡഫോണ്‍ ഐഡിയ അതിന്റെ വായ്പക്കാരെ സമീപിച്ചുവെന്ന് ആരോപിച്ച് ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved