വാട്ട്‌സ്ആപ്പ് പേ ദാ വന്നു, ദേ പോയി; വാട്‌സ്ആപ്പിലൂടെ പണം കൈമാറുവാനുള്ള സംവിധാനം ബ്രസീലിയന്‍ കേന്ദ്ര ബാങ്ക് നിര്‍ത്തലാക്കി

June 25, 2020 |
|
News

                  വാട്ട്‌സ്ആപ്പ് പേ ദാ വന്നു, ദേ പോയി; വാട്‌സ്ആപ്പിലൂടെ പണം കൈമാറുവാനുള്ള സംവിധാനം ബ്രസീലിയന്‍ കേന്ദ്ര ബാങ്ക് നിര്‍ത്തലാക്കി

ബ്രസീലിയ: വാട്ട്‌സ്ആപ്പ് ദിവസങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിച്ച പേമെന്റ് സംവിധാനം ബ്രസീലിയന്‍ കേന്ദ്ര ബാങ്ക് നിര്‍ത്തലാക്കി. വാട്ട്‌സ്ആപ്പ് വഴി ചാറ്റ് ചെയ്ത് പണം കൈമാറുവാനുള്ള സംവിധാനമാണ് ബ്രസീലില്‍ ലോകത്ത് ആദ്യമായി വാട്ട്‌സ്ആപ്പ് നടപ്പിലാക്കിയത്. ഇതിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. ബ്രസീലിലെ ഓണ്‍ലൈന്‍ പേമെന്റ് മേഖലയിലെ മത്സരാന്തരീക്ഷം, കാര്യക്ഷമത, ഡാറ്റ സംരക്ഷണം എന്നീ കാര്യങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ പ്രശ്‌നം ഉണ്ടാക്കുന്നതാണ് വാട്ട്‌സ്ആപ്പ് പേമെന്റ് ഫീച്ചര്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനമെന്ന് ബ്രസീലിയന്‍ കേന്ദ്ര ബാങ്ക് പത്രകുറിപ്പിലൂടെ അറിയിച്ചു.

നേരത്തെ തന്നെ ലിബ്‌റ എന്ന പേമെന്റ് സിസ്റ്റം ആഗോളതലത്തില്‍ അവതരിപ്പിക്കാനുള്ള വാട്ട്‌സ്ആപ്പ് ഉടമകളായ ഫേസ്ബുക്കിന്റെ ശ്രമത്തിന് ആഗോളതലത്തില്‍ തന്നെ തിരിച്ചടികള്‍ നേരിടേണ്ടി വന്നിരുന്നു. ലിബ്‌റ പ്രഖ്യാപിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും കാര്യമായ പുരോഗതിയൊന്നും ഫേസ്ബുക്കിന് ഉണ്ടാക്കാന്‍ സാധിച്ചില്ല. അതേ സമയം പല പങ്കാളികളും ഈ പദ്ധതിയില്‍ നിന്നും പിന്‍മാറി.

ഇതേ സമയം തന്നെയാണ് വാട്ട്‌സ്ആപ്പിനെ പേമെന്റ് രീതിയിലേക്ക് മാറ്റുവാനുള്ള ശ്രമം ഫേസ്ബുക്ക് നടത്തിയത്. ഇന്ത്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുള്ള രാജ്യമാണ് ബ്രസീല്‍. ഇവിടുത്തെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണം 120 ദശലക്ഷമാണ്. ഇതിനാല്‍ തന്നെയാണ് ഇവിടെ പുതിയ സംവിധാനം അവതരിപ്പിക്കാന്‍ വാട്ട്‌സ്ആപ്പ് ശ്രമിച്ചത്.

എന്നാല്‍ ഇപ്പോഴുണ്ടായ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് വാട്ട്‌സ്ആപ്പ് എന്നാണ് അവരുടെ വക്താവ് പ്രതികരിച്ചത്. തങ്ങളുടെ പ്രദേശിക പങ്കാളികളുമായും, ബ്രസീലിയന്‍ കേന്ദ്ര ബാങ്കുമായും ആശയവിനിമയത്തിലാണ് എന്നാണ് വാട്ട്‌സ്ആപ്പ് പറയുന്നത്. അതേ സമയം ബ്രസീലിയന്‍ കേന്ദ്രബാങ്കിന്റെ അനുമതി തേടാതെയാണ് വാട്ട്‌സ്ആപ്പ് ബ്രസീലില്‍ പേമെന്റ് സംവിധാനം ആരംഭിച്ചത് എന്ന റിപ്പോര്‍ട്ടും ഉണ്ട്.

Related Articles

© 2024 Financial Views. All Rights Reserved