മാന്ദ്യം മറികടക്കാന്‍ പുതിയ തന്ത്രങ്ങളുമായി എഫ്എംസിജികള്‍; പരസ്യച്ചെലവ് വന്‍തോതില്‍ വെട്ടിക്കുറച്ചു

November 14, 2019 |
|
News

                  മാന്ദ്യം മറികടക്കാന്‍ പുതിയ തന്ത്രങ്ങളുമായി എഫ്എംസിജികള്‍; പരസ്യച്ചെലവ് വന്‍തോതില്‍ വെട്ടിക്കുറച്ചു

വിപണിയിലെ മാന്ദ്യം പരസ്യമേഖലയെ സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. പരസ്യമേഖലയുടെ മികച്ച വിഹിതമായിരുന്നു എഫ്എംസിജികള്‍. എന്നാല്‍ ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനികള്‍ തങ്ങളുടെ പരസ്യവിഹിതം വലിയതോതില്‍ വെട്ടിക്കുറയ്ക്കുകയാണ്. ഉപഭോക്താക്കളിലേക്കുള്ള ഈസി റീച്ചായിരുന്ന പരസ്യമേഖലയില്‍ നിന്നുള്ള പിന്മാറ്റത്തിലേക്ക് നീങ്ങുന്നതിന്റെ കാരണങ്ങള്‍ എന്തായിരിക്കാം.?വിപണിയില്‍ നിലനില്‍ക്കാന്‍ പുതിയ തന്ത്രങ്ങള്‍ നടപ്പാക്കുകയാണ് കമ്പനികള്‍

ഉല്‍പ്പന്നങ്ങളുടെ ജനസ്വീകാര്യതയും വന്‍തോതിലുള്ള കച്ചവടവും ലക്ഷ്യമിട്ടാണ് എംസിജി മേഖല പരസ്യമേഖലയിലെ ചെലവഴിക്കലുകള്‍ നടത്തുന്നത്. പുതിയ ബ്രാന്റുകള്‍ പരിചയപ്പെടുത്താനും ഉപഭോക്താക്കളെ ആകര്‍ഷിക്കാനും കൂടിയാണിത്. എന്നാല്‍ മറ്റെല്ലാ മേഖലകളെയും പോലെ ഈ വിഭാഗവും സാമ്പത്തിക മാന്ദ്യത്തിന്റെ ഇരയാണ്. ഉപഭോക്തൃ ആവശ്യകത വന്‍തോതില്‍ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.  ഈസാഹചര്യത്തില്‍ പരസ്യമേഖലയില്‍ ചെലവിടുന്ന തുക വെട്ടിക്കുറച്ച് മിച്ചം പിടിക്കാനാണ് കമ്പനികളുടെ കണക്കുകൂട്ടല്‍. മാന്ദ്യവേളയില്‍ മത്സരം കടുക്കുമെന്നതിനാല്‍ ഡിസ്‌കൗണ്ടുകളും ഓഫറുകളും നല്‍കി ഉപഭോക്തൃ ശ്രദ്ധ ആകര്‍ഷിക്കുകയാണ് മെച്ചപ്പെട്ട വഴിയെന്ന് ഡാബര്‍ ലിമിറ്റഡ്  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മോഹിത് മല്‍ഹോത്ര പറയുന്നു. ഉപഭോക്താക്കളുടെ കൈവശം പണം കുറയുന്നതിന് അനുസൃതമായി വിപണിയില്‍ ഓഫറുകളുള്ള പ്രൊഡക്ടുകള്‍ക്കായിരിക്കും മുന്‍തൂക്കം. അതുകൊണ്ട് തന്നെ പരസ്യങ്ങളിലേക്ക് പോകുന്ന തുക ഓഫറുകള്‍ക്കും ഡിസ്‌കൗണ്ടുകള്‍ക്കും വേണ്ടി മാറ്റിവെച്ചാല്‍ കൂടുതല്‍ വിപണി സ്വന്തമാക്കാമെന്നും കമ്പനികള്‍ കണക്കുകൂട്ടുന്നു.

  ക്രഡിറ്റ് സൂസെയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പതിനഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വരുമാനവളര്‍ച്ചയാണ് ഉപഭോക്തൃചരക്ക് കമ്പനികള്‍ക്കുണ്ടായത്.മേഖലയിലെ മാന്ദ്യം ഫആം ആദായം കുറയ്ക്കാനും പണലഭ്യത ചുരുങ്ങാനും തൊഴില്ലായ്മ വര്‍ധിക്കാനും ഇടയാക്കിയിട്ടുണ്ട്.ഡാബറിന് പുറമേ ഗോദ്‌റജ് കണ്‍സ്യൂമര്‍ പ്രൊഡക്ട് ലിമിറ്റഡും സെപ്തംബര്‍ പാദത്തില്‍ പരസ്യചെലവില്‍ 22 ശതമാനം കുറച്ചു. 161.09 കോടി രൂപയാണ് കമ്പനിയുടെ പരസ്യച്ചെലവിനായി വകയിരുത്തിയിട്ടുള്ളത്. പ്രൊഡക്ടുകളുടെ യഥാര്‍ത്ഥ വിലയില്‍ നിന്നും വന്‍ ഇളവ് തന്നെയാണ് ഇപ്പോള്‍ കമ്പനി നല്‍കുന്നത്. ഈ തുക കോമ്പന്‍സേറ്റ് ചെയ്യാന്‍ വേണ്ടിയാണ് പ്രചരണത്തിനായുള്ള ചെലവ് കുറയ്ക്കുന്നതെന്ന് സാരം. അതേസമയം മാന്ദ്യം രൂക്ഷമാകുമ്പോഴും പരസ്യമേഖലയില്‍ തുക വെട്ടിക്കുറയ്ക്കാന്‍ തയ്യാറാകാത്ത കമ്പനികളും എഫ്എംസിജിയിലുണ്ട്. 

ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ ലിമിറ്റഡ്,മാരികോ ലിമിറ്റഡ്  എന്നിവര്‍ പരസ്യത്തുകയില്‍ വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. ഹിന്ദുസ്ഥാനന്‍ യൂനിലിവര്‍ പ്രൊമോഷനുകള്‍ക്കായി മാറ്റിവെച്ച തുക എട്ടുശതമാനം ഉയര്‍ത്തി 1196 കോടി രൂപയാക്കിയിട്ടുണ്ട്  .മാരികോ ലിമിറ്റഡ് 12 ശതമാനം വര്‍ധിപ്പിച്ച് 219 കോടി രൂപയാണ് പരസ്യമേഖലയ്ക്കായി വകയിരുത്തി. ഒരു വിഭാഗം കമ്പനികള്‍ പരസ്യച്ചെലവ് അടക്കം വെട്ടിക്കുറച്ച് നിലനില്‍ക്കാന്‍ പാടുപ്പെടുമ്പോള്‍ വന്‍കിട കമ്പനികളില്‍ ചിലത് പുതിയ പരീക്ഷണങ്ങളുമായി വിപണിയിലെ ആധിപത്യം തുടരാന്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. പുതിയ മാര്‍ക്കറ്റ് തന്ത്രങ്ങള്‍ കാലത്തിനനുയോജ്യമായി നടപ്പാക്കിയില്ലെങ്കില്‍ എഫ്എംസിജികള്‍ മാത്രമല്ല വ്യവസായ മേഖലയുടെ ഭാവി തന്നെ അനിശ്ചിതത്തത്തിലാകും.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved