'ഇതുവരെയുള്ള വളര്‍ച്ചയുടെ ഇരട്ടി തിളക്കമുള്ള ഭാവി വിപ്രോയ്ക്കുണ്ട്'; പടിയിറങ്ങും മുന്‍പ് അസിം പ്രേംജി ഓര്‍മ്മിപ്പിച്ചത് വെജിറ്റബിള്‍ ഓയില്‍ കമ്പനിയില്‍ നിന്നുള്ള ഐടി ഭീമന്റെ വളര്‍ച്ച; റിഷാദ് പ്രേംജി ചുമതലയേല്‍ക്കുന്നത് 31ന്

July 17, 2019 |
|
News

                  'ഇതുവരെയുള്ള വളര്‍ച്ചയുടെ ഇരട്ടി തിളക്കമുള്ള ഭാവി വിപ്രോയ്ക്കുണ്ട്'; പടിയിറങ്ങും മുന്‍പ് അസിം പ്രേംജി ഓര്‍മ്മിപ്പിച്ചത് വെജിറ്റബിള്‍ ഓയില്‍ കമ്പനിയില്‍ നിന്നുള്ള ഐടി ഭീമന്റെ വളര്‍ച്ച; റിഷാദ് പ്രേംജി ചുമതലയേല്‍ക്കുന്നത് 31ന്

ഡല്‍ഹി: ഇന്ത്യന്‍ ഐടി വമ്പനായ വിപ്രോയുടെ തലപ്പത്ത് നിന്നും പടിയിറങ്ങും മുന്‍പ് കമ്പനിയ്ക്ക് ശോഭനമായ ഭാവി ഉറപ്പ് പറഞ്ഞ് ചെയര്‍മാന്‍ അസിം പ്രേംജി. ഇതു വരെയുള്ള വളര്‍ച്ചയുടെ ഇരട്ടി തിളക്കമുള്ള ഭാവി വിപ്രോയ്ക്കുണ്ടെന്നും ആശംസിച്ച അസിം ചെറിയ വെജിറ്റബിള്‍ ഓയില്‍ കമ്പനിയില്‍ നിന്നും ഐടി ഭീമനായി മാറിയതിന് പിന്നിലുള്ള ചരിത്രവും ഓര്‍മ്മിപ്പിച്ചു. ഈ മാസം അവസാനമാണ് അസിം പ്രേംജി ഔദ്യോഗിക പദവിയില്‍ നിന്നും ഒഴിയുന്നത്.

53 വര്‍ഷം കമ്പനിയെ നയിച്ച ശേഷം 74കാരനായ അസിം പ്രേംജി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഈ മാസം 30നാണ് വിരമിക്കുന്നത്. പിന്നാലെ മകന്‍ റിഷാദ് പ്രേംജി കമ്പനിയുടെ ചുമതല ഏറ്റെടുക്കും. '1966 മുതല്‍ ഇന്നുവരെ വിപ്രോയെ നയിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവിയാണെന്നും ഇത് ഒരു അസാധാരണ യാത്രയാണെന്നും'അസിം പ്രേജി വ്യക്തമാക്കിയിരുന്നു. വിപ്രോ കമ്പനി ജീവനക്കാരടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു അസിം പ്രേംജി ഇക്കാര്യം പങ്കുവെച്ചത്. 

റിഷാദ് പ്രേംജി ചുമതലയേറ്റെടുക്കുന്നതോടെ കമ്പനിയില്‍ അഴിച്ചു പണി നടക്കുമെന്നും സൂചനകളുണ്ട്. എന്നാല്‍ റിഷാദ് പ്രേംജി നേരത്തെ വഹിച്ചിരുന്ന ചുമതലകള്‍ മൂന്ന് എക്സിക്യൂട്ടീവുകള്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തു. കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കൂടുതല്‍ അഴിച്ചുപണികള്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. നടപ്പുവര്‍ഷം  വിപ്രോ കൂടുതല്‍ വളര്‍ച്ച കൈവരിക്കാനള്ള ലക്ഷ്യമാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് റിഷാദ് പ്രേംജി വഹിച്ചിരുന്ന മൂന്ന് ചുമതലകള്‍ കമ്പനിയുടെ പ്രധാനികള്‍ക്ക് വീതിച്ചു നല്‍കിയത്. 

ചീഫ് എക്സിക്യൂട്ടീവ് ഒഫീസറും. എക്സിക്യുട്ടീവ് ഡയറക്ടറുമായിരുന്ന ആബിദലി നിമുച്ച് വാലയ്ക്ക് വിവധി ഉപ കമ്പനികളുടെ ലയന ഏറ്റെടുക്കല്‍ ചുമതലയാണ് നല്‍കിയിട്ടുള്ളത്. സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിക്കുന്നത് ജതിന്‍ ദലാലാണ്. വിപ്രോ വെഞ്ചേഴ്സിന്റെ ചുമതല കൂടി ഇദ്ദേഹത്തിന് കൈമാറിയേക്കും. 100 മില്യണ്‍ ആസ്തി വരുന്ന കോര്‍പ്പറേറ്റ് സ്ഥാപനമാണ് വിപ്രോവെഞ്ചേഴ്സ്. 

അതേസമയം വിപ്രോയുടെ ചുമതലകളില്‍ നിന്ന് അസിം പ്രേംജി വിരമിക്കുമ്പോള്‍ മകന്‍ റിഷാദ് പ്രേംജിക്ക്  മുന്നില്‍ നിരവധി വെല്ലുവിളികളെ തരണം ചെയ്യേണ്ടത് അനിവാര്യമാണ്. വിപ്രോ ഇപ്പോള്‍ പല പ്രമുഖ കമ്പനികള്‍ക്കും പിറകിലാണ് ഉള്ളത്. രാജ്യത്തെ മൂന്നാമത്തെ ഐടി കമ്പനിയെന്ന ബഹുമതി എച്ച്‌സിഎല്‍ ടെക്‌നോളജി തട്ടിപ്പറിച്ച് കൊണ്ടുപോയത് അടുത്തിടെയാണ്.

നിലവില്‍ ചീഫ് സ്ട്രാറ്റജി ഓഫീസറും ബോര്‍ഡംഗവുമാണ് റിഷാദ് പ്രേംജി. വിപ്രോ സി.ഇ.ഒ. ആബിദലി ഇസഡ് നീമൂച്ച്വാലയ്ക്കായിരിക്കും മാനേജിങ് ഡയറക്ടറുടെ ചുമതല. ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചതിനു ശേഷമായിരിക്കും പുതിയ സ്ഥാനം ഏറ്റെടുക്കുക. അതേസമയം വിപ്രോ എന്റര്‍പ്രൈസസിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് അസിം പ്രേംജി തുടരും.

Related Articles

© 2024 Financial Views. All Rights Reserved