ലോക്ക്ഡൗണില്‍ യൂട്യൂബിന് നേട്ടം; വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

May 09, 2020 |
|
News

                  ലോക്ക്ഡൗണില്‍ യൂട്യൂബിന് നേട്ടം; വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബില്‍ പരസ്യങ്ങളോടു കൂടിയും പണം നല്‍കിയും സിനിമകള്‍ കാണുന്നവരുടെ എണ്ണത്തില്‍ 800 ശതമാനം വര്‍ധന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പ്രകടമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ടിവി ഷോകള്‍ യൂട്യൂബില്‍ കാണുന്നവരില്‍ 125 ശതമാനം വര്‍ധനയുണ്ട്. യൂട്യൂബിലെ തത്സമയ സംപ്രേഷണങ്ങള്‍ കാണുന്ന പ്രേക്ഷകരില്‍ 250 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. കോവിഡ് 19നെ തുടര്‍ന്ന് ആഗോള വ്യാപകമായി സാമൂഹിക അകലത്തിലേക്ക് ജനങ്ങള്‍ നീങ്ങിയപ്പോള്‍ യൂട്യൂബിലെ കാഴ്ചയുടെ സമയം 80 ശതമാനം ഉയര്‍ന്നു. യൂട്യൂബ് ഉള്ളടക്കങ്ങള്‍ ടിവി സ്‌ക്രീനുകളില്‍ കാണുന്നത് വര്‍ധിച്ചിട്ടുണ്ടെന്നും ഉപയോക്തൃ പെരുമാറ്റത്തില്‍ സംഭവിക്കുന്ന വലിയ മാറ്റമാണിതെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

'സമീപകാലത്തു നടന്ന ഒരു നീല്‍സണ്‍ പഠനത്തില്‍, യൂട്യൂബ് ടിവിയില്‍ കാണുന്ന 26 ശതമാനത്തോളം സമയത്തിലും ഒന്നിലധികം പേര്‍ ഒരുമിച്ചിരുന്നാണ് കണ്ടിട്ടുള്ളത്. ലീനിയര്‍ ടിവിയിലെ 22 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കൂടുതലാണ്,' ഗ്ലോബല്‍ വീഡിയോ, യൂട്യൂബ് സൊല്യൂഷന്‍സ് വൈസ് പ്രസിഡന്റ് ഡെബി വെയ്ന്‍സ്റ്റൈന്‍ പറഞ്ഞു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ പരിതസ്ഥിതിയില്‍ പരസ്യദാതാക്കള്‍ക്ക് കൂടുതല്‍ മികച്ച അവസരങ്ങള്‍ നല്‍കുന്നതിനുള്ള ടിവി സ്‌ക്രീനുകള്‍ക്ക് അനുയോജ്യമായ സൗകര്യപ്രദമായ പരസ്യ ഫോര്‍മാറ്റുകളും ബ്രാന്‍ഡിംഗ് രീതികളും യൂട്യൂബ് വ്യാഴാഴ്ച പ്രഖ്യാപിച്ചു.

Related Articles

© 2024 Financial Views. All Rights Reserved