Lifestyle

ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ 20 ശതമാനം വർധനവ്

ന്യൂഡല്‍ഹി: ഇ-റിക്ഷകള്‍ ഒഴികെയുള്ള ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20 ശതമാനം വര്‍ധനവ്. ഇരുചക്ര വാഹനങ്ങള്‍ വില്‍പ്പനയില്‍ മികവ് കാട്ടിയതായും സൊസൈറ്റി ഓഫ് മാന്യുഫാക്‌ചേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (എസ്എംഇവി) വ്യക്തമാക്കി.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇവി വിഭാഗത്തില്‍ മൊത്തം 1.3 ലക്ഷം വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. എന്നാല്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 20 ശതമാനത്തോളം ഉയര്‍ന്ന് 1.56 ലക്ഷമായി മാറി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വില്‍പ്പനയില്‍ 1.52 ലക്ഷം ഇരുചക്ര വാഹനങ്ങള്‍, 3400 കാറുകള്‍, 600 ബസുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 2018-19ല്‍ ഇത് 1.26 ലക്ഷം ഇരുചക്ര വാഹനങ്ങളും 3600 കാറുകളും 400 ബസുകളുമാണുള്ളത്. കൂടുതല്‍ ഇ-റിക്ഷകളും അസംഘടിത വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ അവ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എകദേശം 90,000 ഇ-റിക്ഷകള്‍ വിറ്റഴിഞ്ഞതായാണ് സൂചന. മുന്‍ സാമ്പത്തിക വര്‍ഷത്തെ കണക്കുകളില്‍ ഇ-റിക്ഷ വില്‍പ്പന രേഖപ്പെടുത്തിയിട്ടു തന്നെയില്ല.

രാജ്യത്ത് ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ മുന്നിട്ടു നില്‍ക്കുന്നത് ഇലക്ട്രിക് 2 വീലര്‍ (ഇ2ഡബ്ല്യൂ) സെഗ്മെന്റിലാണ്. ഇ2ഡബ്ല്യൂവില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍, വില്‍പ്പന നടന്ന 97 ശതമാനം വാഹനങ്ങളും ഇലക്ട്രിക് സ്‌കൂട്ടറുകളാണ്. ഒരു ചെറിയ ശതമാനം മോട്ടോര്‍ സൈക്കിളുകളും ഇ-സൈക്കിളുകളുമാണ് ഈ വിഭാഗത്തില്‍ ശേഷിക്കുന്ന മൂന്നു ശതമാനത്തില്‍ വില്‍പ്പന നടന്നതെന്നും എസ്എംഇവി ഡാറ്റ സൂചിപ്പിക്കുന്നു. ഇലക്ട്രിക് ഫോര്‍വീലര്‍ സെഗ്മെന്റില്‍ 2019-20ല്‍ 3400 വാഹനങ്ങള്‍ വിറ്റഴിഞ്ഞപ്പോള്‍ 2018-19ല്‍ അത് 3600 വാഹനങ്ങളായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയില്‍ പ്രീമിയം സെഗ്മെന്റില്‍ ഇലക്ട്രിക് കാറുകളോടുള്ള സ്വീകാര്യത കൂടുതലായിരുന്നു. ഇത് 2020-21 കാലയളവിലും ആവര്‍ത്തിക്കുമെന്നും പ്രതീക്ഷിക്കാം. ഇ-ടാക്‌സി സെഗ്മെന്റിലും വലിയ തോതില്‍ വളര്‍ച്ചയുണ്ടായിട്ടില്ല. ഇ- ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകളുടെ അപര്യാപ്തതയാണ് ഈ വിഷയത്തില്‍ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്.

ഇ-ബസുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വന്‍തോതിലുള്ള വാഗ്ദാനങ്ങള്‍ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുന്നതിലേക്ക് എത്തിച്ചില്ല. ഇവി മേഖല പ്രകടനത്തില്‍ മികവ് കാട്ടി വരികയാണെന്നും 2020-21 സാമ്പത്തിക വര്‍ഷം മേഖലയിലെ എല്ലാ സെഗ്മെന്റുകളിലും ഗുണകരമാകുമെന്നും എസ്എംഇവി ഡയറക്റ്റര്‍ ജനറല്‍ സൊഹീന്ദര്‍ ഗില്‍ പറഞ്ഞു. എന്നാൽ എല്ലാ മേഖലകളിലുമെന്നപോലെ കോവിഡ് 19 പ്രതിസന്ധി ഇവിയിലും ആഘാതമേല്‍പ്പിക്കും. എന്നാല്‍ ഇ-മൊബിലിറ്റിയിലേക്കുള്ള മാറ്റം പ്രകൃതിക്കും മനുഷ്യനും ഒരുപോലം ഗുണം ചെയ്യുമെന്ന ചിന്ത മേഖലയോടുള്ള ആകര്‍ഷണീയത കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഇ-ടാക്‌സികള്‍ വഴി ചെലവ് കുറയ്ക്കാമെന്ന ചിന്ത ഭാവിയില്‍ മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Author

Related Articles