വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം

April 19, 2021 |
|
Lifestyle

                  വീണ്ടും വില കൂട്ടി മാരുതി സുസുക്കി; അറിയാം

രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി കാര്‍ മോഡലുകളുടെ വില കൂട്ടി. തിരെഞ്ഞെടുത്ത ചില മോഡല്‍ കാറുകളുടെ വില 1.6 ശതമാനംവരെ വരെ കമ്പനി ഉയര്‍ത്തിയതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മാണ ചെലവിലെ ഉയര്‍ച്ചയാണ് വിലവര്‍ധനവിന് കാരണമായി പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സെലറിയോ, സ്വിഫ്റ്റ് എന്നിവയ്ക്ക് വില വര്‍ധന ബാധകമല്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പുതുക്കിയ വിലകള്‍ 2021 ഏപ്രില്‍ 16 മുതല്‍ പ്രാബല്യത്തില്‍ വന്നു. തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 1.6 ശതമാനംവരെ വില വര്‍ധിപ്പിക്കും. വ്യത്യസ്ത മോഡലുകള്‍ക്ക് അനുസരിച്ച് തുക വ്യത്യാസപ്പെടും. ഏകദേശം 22,500 രൂപ വരെയാണ് കൂടുക. മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ചാണ് ഈ  വിലവര്‍ധനവ്. നിലവില്‍ മാരുതി അരീന, നെക്‌സ ബ്രാന്‍ഡുകളിലായി 15 മോഡലുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞ മോഡലായ ആള്‍ട്ടോയുടെ വില 3 ലക്ഷം മുതല്‍ 4.60 ലക്ഷം വരെയാണ്. ഉയര്‍ന്ന മോഡലായ എസ്-ക്രോസിന് 8.39 ലക്ഷം മുതല്‍ 12.39 ലക്ഷം വരെയാണ് വില.  

ഈ വര്‍ഷം  ഇത് രണ്ടാം തവണയാണ് മാരുതി സുസുക്കി ഇന്ത്യ വാഹന വില ഉയര്‍ത്തുന്നത്. ജനുവരിയിലും വില വര്‍ധിപ്പിച്ചിരുന്നു. തിരഞ്ഞെടുത്ത മോഡലുകളുടെ വില 34,000 രൂപ വരെയായിരുന്നു 2021 ജനുവരിയില്‍ കമ്പനി കൂട്ടിയത്. മറ്റ് വാഹന നിര്‍മാതാക്കളില്‍, ടൊയോട്ട മോട്ടോര്‍, ഇസുസു ഇന്ത്യ തുടങ്ങിയവരും 2021 ഏപ്രില്‍ മുതല്‍ രാജ്യത്ത് വാഹന വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു.

Related Articles

© 2022 Financial Views. All Rights Reserved