Lifestyle

10,000 കോടിയുടെ ആള്‍ട്ടര്‍നേറ്റീവ് മൊബിലിറ്റി സൊലൂഷന്‍സുമായി ഹീറോ മോട്ടോ കോര്‍പ്പ്; വൈകാതെ ഇലക്ട്രിക് വാഹനങ്ങളും വിപണിയിലേക്ക്; വിപണിയില്‍ വന്‍ നേട്ടം കൊയ്യുമെന്ന് പ്രതീക്ഷ

ജയ്പൂര്‍: 10,000 കോടിയുടെ ആള്‍ട്ടര്‍നേറ്റീവ് മൊബിലിറ്റി സൊലൂഷന്‍സ് അവതരിപ്പിക്കാനൊരുങ്ങി ഹീറോ മോട്ടോ കോര്‍പ്പ്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോകുന്ന രണ്ടിലൊരു മോട്ടോര്‍ വാഹനം ഹീറോയുടേതാണ്. ഇന്ത്യന്‍ ടൂവീലര്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ഏറ്റവും വലിയ നിക്ഷേപമായ ഈ പ്രഖ്യാപനം ചൊവ്വാഴ്ചയാണ് ഔദ്യോഗികമായി പുറത്തുവന്നത്. 

അടുത്ത 5-7 വര്‍ഷങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കാന്‍ സാധ്യതയുള്ള ആള്‍ട്ടര്‍നേറ്റീവ് മൊബിലിറ്റി സൊലൂഷന്‍സിന്റെ പഠനങ്ങള്‍ക്കും വികസനത്തിനുമാണ് ഈ തുക ചെലവഴിക്കപ്പെടുക എന്ന് ഹീറോ മോട്ടോ കോര്‍പ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ പവന്‍ മുഞ്ജല്‍ പറഞ്ഞു. മാത്രമല്ല, സുസ്ഥിരമായ നിര്‍മ്മാണ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും, ശൃംഖല വിപുലീകരിക്കുന്നതിനും ബ്രാന്‍ഡ് ബില്‍ഡിങ്ങിനും കൂടി ഈ തുകയില്‍ നിന്ന് നീക്കിയിരുപ്പ് ഉണ്ടാകും. 

ഇലക്ട്രിക് വാഹനങ്ങളുള്‍പ്പടെയുള്ള ഉത്പാദനത്തില്‍ നിന്നും പിന്നിലേയ്ക്കില്ലെന്നും മുഞ്ജല്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലും ആഗോളതലത്തിലെ വിപണിയിലും മുന്നേറാനുള്ള ശ്രമങ്ങളും ഹീറോ തുടരുന്നുണ്ട്. കൃത്യമായ ഇടപെടലുകള്‍ കൊണ്ട് യൂറോപ്പും യുഎസും ഉള്‍പ്പെടെയുള്ള പാശ്ചാത്യ വിപണിയിലും കടന്നുകയറാനുള്ള ശ്രമങ്ങളിലാണ് ഹീറോ മോട്ടോ കോര്‍പ്പ്. 

അടുത്ത രണ്ട് പാദങ്ങളിലും പ്രാദേശിക ടൂവീലര്‍ വില്‍പ്പന സമ്മര്‍ദ്ദമ്മില്ലാതെ തന്നെ തുടരുന്നതാണ്. 2020 ലെ ആഘോഷസമയങ്ങളിലെല്ലാം വാഹന വില്‍പ്പന കുതിച്ചുയരുമെന്ന പ്രതീക്ഷയിലുമാണ് മുഞ്്ജല്‍. കൂടാതെ സര്‍ക്കാരിന്റെ വിവിധ പ്രഖ്യാപനങ്ങളും ഗുണം ചെയുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജിഎസ്ടി നിരക്കുകള്‍ അല്‍പ്പം കൂടി യുക്തിസഹമാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഞങ്ങളുടെ ഭൂരിപക്ഷം ഉത്പ്പന്നങ്ങളും സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ 28 ശതമാനം ജിഎസ്ടി സാധാരണക്കാര്‍ക്കുള്ളതല്ല എന്നും മുഞ്ജല്‍ കൂട്ടിച്ചേര്‍ത്തു. 

ഹീറോയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന്റെ അവതരണം എന്നുണ്ടാകുമെന്നതിന്റെ സ്ഥിതീകരണം ഇനിയും ഉണ്ടായിട്ടില്ല. കമ്പനി ലക്ഷ്യം വയ്ക്കുന്നത് ഒരു വലിയ വിപണിയാണെന്നും അത് തൃപ്തിപ്പെടുത്താന്‍ കഴിയുന്നത്രയും ഉത്പാദനം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഹീറോയുടെ ഉത്പാദനം ഒന്നില്‍ മാത്രം ഒതുങ്ങുന്നതാകില്ലെന്നും പുതിയ ഉത്പന്നങ്ങളും സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തിയുള്ള ഇ-മൊബിലിറ്റി സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും കമ്പനി അറിയിച്ചു. സ്‌കൂട്ടറും പ്രീമിയം ബൈക്കുകളും ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണം ആലോചിക്കുന്നുണ്ട്.

മാസ്‌ട്രോ 125, ഡെസ്റ്റിനി 125, എക്‌സ്പല്‍സ് 200, എക്‌സ്പല്‍സ് 200 ടി,എക്‌സ്ട്രീം 200എസ് എന്നിവ കമ്പനി ഇതിനോടകം തന്നെ അവതരിപ്പിച്ചവയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച എക്‌സ്ട്രീം 160ആര്‍ എന്ന പുതിയ മോഡലിന്റെ അനാവരണവും നടന്നിരുന്നു. സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പതുമാസങ്ങളിലെ 351,576 യൂണിറ്റ് വില്‍പ്പനയില്‍ 8 ശതമാനവും പ്രാദേശിക സ്‌കൂട്ടര്‍ വില്‍പ്പനയില്‍ നിന്നുമാണ് ലഭിച്ചിട്ടുള്ളത്. 125സിസി വാഹനങ്ങളുടെ പങ്ക് 2 ശതമാനം മാത്രമാണ്. കമ്പനിയുടെ കയറ്റുമതി ഡിസംബര്‍ മാസം വരെ 28,700 യൂണിറ്റുകളായി മാറ്റമില്ലാതെ തുടരുകയാണ്.

Author

Related Articles