Lifestyle

പ്രാദേശികവത്കരണം; ആന്ധ്രയില്‍ കിയാ മോട്ടോഴ്‌സിന്റെ ഫാക്ടറി ഉദ്ഘാടനം

ആന്ധ്രയില്‍ തങ്ങളുടെ  ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രമുഖ കാര്‍നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് .ഇന്ത്യയിലെ 1.1 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപത്തിന്റെ ഭാഗമായാണ് കമ്പനിയുടെ ആദ്യ പ്ലാന്റ് ആരംഭിച്ചിരിക്കുന്നത്. കിയയുടെ ആദ്യത്തെ ഇന്ത്യന്‍ ഉല്‍പ്പന്നമായ സെല്‍റ്റോസിന്റെ നിര്‍മ്മാണമാണ് ഈ പ്ലാന്റില്‍ പ്രധാനമായും നടക്കുന്നത്. എന്നാല്‍ ഭാവിയില്‍ മറ്റുമോഡലുകള്‍ക്കായും ഫാക്ടറി വിപുലീകരിക്കും. 

കിയയുടെ പ്രധാന നിര്‍മ്മാണശാല അനന്തപുരില്‍ തുടങ്ങാനായതില്‍ അഭിമാനമുണ്ടെന്നും വളരുന്ന ഇന്ത്യന്‍ കാര്‍ വിപണിക്കും കയറ്റുമതി മോഡലുകള്‍ക്കും സേവനം നല്‍കാന്‍ ഞങ്ങളുടെ പുതിയ പ്ലാന്റ് തയ്യാറായെന്നും കിയ മോട്ടോര്‍സ് കോര്‍പ്പറേഷന്‍ പ്രസിഡന്റും CEO-യുമായ ഹാന്‍ വൂ പാര്‍ക്ക് പറഞ്ഞു.പ്രതിവര്‍ഷം 300,000 യൂണിറ്റ് വരെ ഉത്പാദിപ്പിക്കാന്‍ അനന്തപുര്‍ നിര്‍മ്മാണശാലയ്ക്ക് കഴിയും. പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ക്ക് പുറമേ സെല്‍റ്റോസ്, ഭാവിയിലെ ഇലക്ട്രിക്ക്, ഹൈബ്രിഡ് വാഹനങ്ങള്‍ എന്നിവയുടെ ഉത്പാദനവും പ്രാദേശികവത്ക്കരിക്കാന്‍ പുതിയ പ്ലാന്റ് കിയ മോട്ടോര്‍സിനെ പ്രാപ്തമാക്കുന്നു.

ആഗസ്റ്റ് മാസം ഇന്ത്യന്‍ വിപണിയില്‍ എത്തിയ കിയസെല്‍റ്റോസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 2019 നവംബര്‍ വരെ മൊത്തം 40,649 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. എസ്യുവിക്കായുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനായി അനന്തപുര്‍ നിര്‍മ്മാണശാലയില്‍ രണ്ടാം ഷിഫ്റ്റിനും കമ്പനി സമീപകാലത്താണ് തുടക്കമിട്ടത്.

Author

Related Articles