Lifestyle

മഹീന്ദ്രയുടെ ഇലക്ട്രിക്ക് എക്‌സ്‌യുവി 300 ഇറങ്ങാന്‍ അധികം വൈകില്ലെന്ന് സൂചന; ത്രീ വീലര്‍ വൈദ്യുതി വാഹനങ്ങളുടെ വിപണിയും ഉഷാറാക്കും; ഇ-വെരീറ്റോയുടെ വിലയില്‍ 80,000 രൂപയുടെ കിഴിവ്

മുംബൈ: രാജ്യത്ത് വൈദ്യുതി വാഹനങ്ങളുടെ വിപണി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്ന വേളയിലാണ് പുതിയ മോഡല്‍  വൈദ്യുതി ഫോര്‍ വീലറുകളും ഇറക്കുമെന്ന് മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കും അനുബന്ധ സാമഗ്രികള്‍ക്കും ജിഎസ്ടി കുറച്ചതിന് പിന്നാലെയാണ് രാജ്യത്തെ വാഹന ഭീമന്റെ പുത്തന്‍ നീക്കം. മാത്രമല്ല കമ്പനി ഇറക്കുന്ന ത്രീ വീലര്‍ വൈദ്യുതി വാഹനങ്ങളുടേയും വിപണി ഉഷാറാക്കാനും ഇപ്പോള്‍ തങ്ങള്‍ ശ്രമിക്കുകയാണെന്ന് മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്രാ എംഡി പവന്‍ ഗോയങ്ക അറിയിച്ചു.

അടുത്തിടെയായി കമ്പനിയുടെ ത്രീ വീലര്‍ വാഹന വിപണി താഴ്ന്നതിനെ തുടര്‍ന്നാണ് നീക്കം. മാത്രമല്ല പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ് യുവി 300 ഉം ഉടന്‍ നിരത്തിലിറങ്ങുമെന്നും സൂചനകള്‍ പുറത്ത് വരുന്നുണ്ട്. മാത്രല്ല 2019 അവസാനത്തോടെ ഇലക്ട്രിക്ക് കെയുവി ഇറക്കുമെന്നും സൂചനയുണ്ട്.  ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി താഴ്ന്നതോടെ ബാറ്ററിയില്‍ ഓടുന്ന 'ഇ വെരിറ്റൊ വിലയില്‍ 80,000 രൂപയുടെ വരെ ഇളവാണു മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇ വെരിറ്റൊയുടെ വില ഡല്‍ഹി നിരത്തില്‍ 10.71 ലക്ഷം രൂപയായി;

ഫെയിം രണ്ട് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ ശേഷമുള്ള വിലയാണിത്. വൈദ്യുത ത്രിചക്രവാഹനമായ ട്രിയൊയുടെ വിലയില്‍ 20,000 രൂപയുടെ ഇളവും മഹീന്ദ്ര പ്രഖ്യാപിച്ചു; ഇതോടെ ട്രിയൊ ശ്രേണിയുടെ ഓണ്‍ റോഡ് വില 2.05 ലക്ഷം രൂപ മുതലായി. ജിഎസ്ടി നിരക്ക് ഇളവിന്റെ ആനുകൂല്യം ഉടനടി പ്രാബല്യത്തോടെ വൈദ്യുത വാഹന ശ്രേണിയില്‍ പൂര്‍ണമായി തന്നെ ലഭ്യമാക്കുമെന്നു മഹീന്ദ്ര ഇലക്ട്രിക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മഹേഷ് ബാബു അറിയിച്ചു. ജിഎസ്ടി ഇളവിനൊപ്പം 'ഫെയിം രണ്ട്' പദ്ധതിയുടെ ആനുകൂല്യം കൂടിയാവുന്നതോടെ രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന ഗണ്യമായി ഉയരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Author

Related Articles