Lifestyle

ഹമ്പോ...4.80 ലക്ഷം വിലയുള്ള സ്മാര്‍ട്ട് ഫോണ്‍! റെഡ്മി കെ 20 ഹാന്‍സെറ്റിന്റെ വില കേട്ട് അമ്പരന്ന് ടെക്ക് ലോകം; ആവരണത്തില്‍ വൈരക്കല്ലുകളും; സെല്‍ഫി ഷോട്ടുകള്‍ക്കായി മാത്രം 20 മെഗാപിക്‌സല്‍ മോട്ടോറൈസ്ഡ് പോപ്-അപ് ക്യാമറയും

കുറഞ്ഞ വിലയ്ക്ക് ഏവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാമെന്ന സ്വപ്‌നം സാഷാത്കരിച്ച കമ്പനിയാണ് ഷവോമി. വ്യത്യസ്തമായ മോഡലുകളില്‍ ഇന്ത്യയുടെ മനസ് കവര്‍ന്ന കമ്പനി ഇപ്പോള്‍ ശ്രദ്ധ പിടിച്ച് പറ്റുന്നത് ഏറ്റവും വിലയേറിയ സ്മാര്‍ട്ട് ഫോണ്‍ ഇറക്കിയാണ്. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന സ്മാര്‍ട്ട് ഫോണുകളുടെ കൂട്ടത്തിലുള്ള റെഡ്മി കെ 20 പ്രോ ഹാന്‍സെറ്റാണ് സ്മാര്‍ട്ട് ഫോണിലെ താരമാകാന്‍ പോകുന്നത്. 4.80 ലക്ഷം രൂപയാണ് ഇതിന്റെ വില വരിക. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 855 വച്ചിറക്കുന്ന മോഡലുകളില്‍ ഏറ്റവും വില കുറവ് ഇതിനാണെന്ന് കേട്ട് അമ്പരന്നിരിക്കുകയാണ് ഉപഭോക്താക്കളും. ഷവോമിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ച ഫോണിന്റെ വാര്‍ത്തയെ തേടി ഒട്ടേറെ കമന്റുകളും തേടിയെത്തിയിരുന്നു. 

ഫോണിന്റെ പിന്‍ഭാഗത്ത് സ്വര്‍ണ കളറിലുള്ള കവറിങ് ഉണ്ടെന്ന് മാത്രമല്ല പിന്നില്‍ വച്ചിരിക്കുന്ന കെ എന്ന അക്ഷരത്തില്‍ വൈര കല്ലുകളും പതിപ്പിച്ചിട്ടുണ്ട്. ഷോമിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടര്‍ മനു കുമാര്‍ ജെയിന്‍ പറഞ്ഞത് ഈ പുതിയ മോഡല്‍ അഭൗമികമാണ് ('something out of the world') എന്നാണ്. ഈ മോഡലിനൊപ്പം വില കുറഞ്ഞ കെ20 പ്രോയും അവതരിപ്പിക്കും. വില കൂടിയ മോഡല്‍ വില്‍പനയ്ക്കു വരുമോ, അതോ വെറുതെ കാണിക്കുകയേ ഉള്ളോ എന്ന കാര്യത്തില്‍ ഇപ്പോള്‍ തീര്‍ച്ചയില്ല. റെഡ്മി കെ20 പ്രോയ്ക്ക് 6.3-ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ഡി പ്ലസ് റെസലൂഷനുള്ള അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 

സ്നാപ്ഡ്രാഗണ്‍ 855 പ്രോസസറിനൊപ്പം അഡ്രെനോ 640 ഗ്രാഫിക്സ് കാര്‍ഡും ഉണ്ട്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജ് ശേഷിയുമുള്ള മോഡലുകളാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 9.0 പൈ കേന്ദ്രീകൃതമായ എംഐ യൂസര്‍ ഇന്റര്‍ഫെയ്സ് ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. 4,000 എംഎഎച് ബാറ്ററിയും ഒപ്പം ദ്രുത ചാര്‍ജിങ്ങിനായി 27w ചാര്‍ജറും ഉണ്ടാകുമെന്നു കരുതുന്നു. പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റ്-അപ് ആയിരിക്കും ഉണ്ടാകുക. 48 എംപി പ്രധാന ക്യാമറയ്ക്കൊപ്പം 12എംപി, 8എംപി സെന്‍സറുകളും ഉണ്ടായരിക്കും. സെല്‍ഫി ഷോട്ടുകള്‍ക്കായി 20എംപി റെസലൂഷനുള്ള മോട്ടൊറൈസ്ഡ് പോപ്-അപ് ക്യാമറകളാണ് നല്‍കിയിരിക്കുന്നത്.

Author

Related Articles