ഇ-സിഗരറ്റിന് നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍; 460 കമ്പനികള്‍ക്ക് പൂട്ട് വീഴും; കയറ്റുമതി ഇറക്കുമതിയിലടക്കം നിരോധനം

September 18, 2019 |
|
Investments

                  ഇ-സിഗരറ്റിന് നിരോധനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍; 460 കമ്പനികള്‍ക്ക് പൂട്ട് വീഴും; കയറ്റുമതി ഇറക്കുമതിയിലടക്കം നിരോധനം

ന്യൂഡല്‍ഹി: ഇ-സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും നിരോധിച്ചുകൊണ്ട് കേന്ദ്ര മന്ത്രിസഭാ തീരുമാനം എടുത്തതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ഇ-സിഗരറ്റിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ധനമന്ത്രി നിരോധനം പ്രഖ്യാപിച്ചത്. ഇ-സിഗരറ്റിന്റെ കയറ്റുമതി, നിര്‍മ്മാണം, വിപണനം, കയറ്റുമതി, പരസ്യം എന്നിവയിലെല്ലാം നിരോധനം ഏര്‍പ്പെടുത്തി. ഇ-സിഗരറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഒരുവര്‍ഷം പരാമവധി ശിക്ഷയും, ഒരു ലക്ഷം രൂപ പിഴയും ചുമത്തിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. അതേസമയം ഇന്ത്യയില്‍ ഇ-സിഗരറ്റ് ഉത്പ്പാദിപ്പിക്കുന്നില്ലെങ്കിലും വിവിധ ബ്രാന്‍ഡുകളില്‍ വിപണനം നടത്തുന്നുണ്ടെന്നും കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് സൂചന. സാധാരണ സിഗരുറ്റുകളില്‍ നിന്ന് മോചനം നേടാനാണ് ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നത്.

എന്താണ് ഇ-സിഗരറ്റ് 

പുകവലിയുടെ ദൂഷ്യവശങ്ങള്‍ നിന്നും മോചനം അവകാശപ്പെട്ടു കൊണ്ടാണ് ഇലക്ട്രോണിക് സിഗരറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നത്. എന്നാല്‍ ഇതില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ട് എന്ന ഗവേഷണം ഇനിയും നടന്നു വരുന്നതേയുള്ളൂ. ഒരു സാധാരണ സിഗരറ്റ് പോലെയോ, ഒരു പേന പോലെയോ തോന്നിപ്പിക്കുന്ന ഒരു ഉപകരണമാണ് ഇ-സിഗരറ്റ്. ചെറിയ ബാറ്ററിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഇ-സിഗില്‍ ദ്രാവകരൂപത്തിലാകും നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ടാവുക. ഒപ്പം വിവിധങ്ങളായ ഫ്ളേവറുകളും മറ്റു രാസവസ്തുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ടാകും. പല ഫ്ളേവറുകളില്‍ ഇവ ലഭ്യമാകുന്നു എന്നുള്ളതും ആകര്‍ഷകമായ ഒരു പരസ്യമാണ്.അറബി നാടുകളില്‍ കണ്ടിട്ടുള്ള ഹുക്കയുടെ ഒരു ചെറിയ പതിപ്പാണ് ഇ-സിഗ് എന്ന് വേണമെങ്കില്‍ പറയാം. ഇതിനുള്ളിലെ ദ്രാവകം ചൂടാകുമ്പോള്‍ ലഭിക്കുന്ന ആവിയാണ് പുകവലിക്കുമ്പോള്‍ ശ്വസിക്കുന്നത്. ഇതിനെ പൊതുവേ 'വാപിങ്' എന്നാണ് പറയപ്പെടുക.

സാധാരണ സിഗരറ്റിലും, ഇ-സിഗിലും നിക്കോട്ടിന്‍ തന്നെയാണ് അടങ്ങിയിട്ടുള്ളത്. അതിനാല്‍ തന്നെ ഇവ രണ്ടും സൃഷ്ടിക്കുന്ന ആസക്തി ഒന്നു തന്നെയാണ്. പുകവലിയുടെ ദൂഷ്യവശങ്ങള്‍ ഇതിനും ഉണ്ടാകും. ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ ഇത് ഉപയോഗിക്കരുത്. രക്തധമനികളിളും ഇത് സാരമായി ബാധിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.കൂടാതെ, ഗര്‍ഭിണികളായ സ്ത്രീകളും, ചെറുപ്പക്കാരും ഇവ പൂര്‍ണ്ണമായും ഉപേക്ഷിക്കണം എന്നും നിര്‍ദ്ദേശിക്കപ്പെടുന്നു. പുകവലിക്കാരുടെ ആരോഗ്യം മാറ്റിനിര്‍ത്തിയാല്‍, സാധാരണ പുകവലിയേക്കാള്‍ വാപിങ് മറ്റുള്ളവര്‍ക്ക് സൃഷ്ടിക്കുന്ന അന്തരീക്ഷമലിനീകരണം കുറവാണ് എന്ന് പറയാം. സിഗരറ്റ് കത്തിയെരിഞ്ഞു ഉയരുന്ന പുക പോലെ ഇ-സിഗില്‍ നിന്നും പുക ഉണ്ടാവുന്നില്ല എന്നുള്ളതാണ് അതിന്റെ പ്രധാന കാരണം.പുകവലി നിര്‍ത്താനുള്ള ഉപാധിയെന്ന നിലയിലാണ് ഇ-സിഗരറ്റ് വാണിജ്യവല്‍ക്കരിക്കപ്പെടുന്നതെങ്കിലും ഇതിനു ശാസ്ത്രീയ പിന്തുണ ഇനിയും നേടേണ്ടിയിരിക്കുന്നു.

മൂവായിരത്തിനും 30,000നും ഇടയിലാണ് ഇ-സിഗരറ്റിന്റെ വില. നിക്കോട്ടിന്‍ നിറയ്ക്കാന്‍ 700 മുതല്‍ ആയിരം രൂപവരെ മുടക്കണം. നിക്കോട്ടിന്‍ ട്യൂബ്, അതിന്റെ രുചി എന്നിവ അനുസരിച്ചാണു വില വ്യത്യാസം.കര്‍ണാടക, കേരളം, മിസോറം, മഹാരാഷ്ട്ര, ജമ്മു ആന്‍ഡ് കശ്മീര്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിരോധനമുണ്ട്.

ഇ-സിഗരറ്റ് അര്‍ബുദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്നു.കാന്‍സറിനു കാരണമാകുന്ന ബെന്‍സേന്‍ എന്ന ഘടകം ഇ-സിഗററ്റ് വേപ്പറുകളില്‍ അടങ്ങിയിട്ടുണ്ട്. ഇവ പുറപ്പെടുവിക്കുന്ന വാതകം ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും ഡിഎന്‍എഘടകങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യും. ചില ഇ-സിഗ് ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും ഏറെ അപകടം ഒരുക്കുന്നവയാണ്. ക്യാന്‍സറിനു കാരണമായേക്കാവുന്ന ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിധ്യവും ചില ഇ-സിഗുകളില്‍ ഉണ്ട്.പോപ്‌കോണ്‍ പോലെയുള്ളവയില്‍ ചേര്‍ക്കുന്ന ഡൈയസെറ്റയിളും ഇ-സിഗില്‍ ചേര്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് ഉയര്‍ന്നമര്‍ദ്ദത്തില്‍ ശ്വസിക്കുന്നതും നല്ലതല്ല. ഇതു മൂലമുണ്ടാകുന്ന കരള്‍ രോഗത്തെ പോപ്‌കോണ്‍ ലങ്ഗ്സ് എന്നാണ് പറയപ്പെടുക.

രാജ്യത്ത് 460 ഇ-സിഗരറ്റ് കമ്പനികള്‍

രാജ്യത്ത് 460 ഇ-സിഗരറ്റ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍. ഇവയുടെ നിര്‍മ്മാണം, ഇറക്കുമതി, വിപണനം എന്നിവ നിരോധിക്കുന്നതിനെ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് തയ്യാറാക്കിട്ടുണ്ട്. നേരത്തെ പല സംസ്ഥാനങ്ങളും ഇ-സിഗരറ്റുകളെ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. സാധാരണ സിഗരറ്റിനേക്കാള്‍ അര്‍ബുദ സാധ്യത കൂടുതലാണ് ഇ സിഗരറ്റുകള്‍ക്ക്. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണമാണിത്. സിഗരറ്റിലെ പോലെ നിക്കോട്ടിനും കൃത്രിമ രുചികളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. രണ്ടാം മോദി സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയില്‍ ഇവ നിരോധിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരുന്നു. 36 ബ്രാന്‍ഡ് ഇ- സിഗരറ്റുകള്‍ രാജ്യത്ത് ലഭ്യമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved