ഇന്ത്യയുടെ വജ്ര നഗരം തകരുമ്പോള്‍!

December 14, 2019 |
|
Columns

                  ഇന്ത്യയുടെ വജ്ര നഗരം തകരുമ്പോള്‍!

ടി.കെ സബീന

ഇന്ത്യയുടെ വജ്രനഗരമാണ് ഗുജറാത്ത്. പ്രമുഖ വജ്ര വ്യാപാരികളും വജ്ര വ്യവസായ കേന്ദ്രങ്ങളുമൊക്കെയുള്ള പണം കായ്ക്കുന്ന സംസ്ഥാനം. രാജ്യത്തിന്റെ സമ്പദ് വളര്‍ച്ചയുടെ പ്രധാനപങ്ക് വഹിക്കുന്നതും ഈ വ്യവസായ മേഖലയില്‍ നിന്നാണ്. മൊത്തം ജിഡിപിയുടെ ഏഴ് ശതമാനം വജ്ര ,ആഭരണ വ്യവസായങ്ങളിലൂടെയാണ്. എന്നാല്‍ ഏഴ് മാസമായി വന്‍ തിരിച്ചടികളാണ് ഇന്ത്യന്‍ വജ്ര ,ആഭരണ വ്യവസായത്തിന് നേരിടുന്നത്. കയറ്റുമതിയില്‍ കനത്ത ഇടിവ് നേരിടുമ്പോള്‍ തന്നെ വ്യവസായ സ്ഥാപനങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടികൊണ്ടിരിക്കുന്നു. ഈ മേഖലയുടെ തകര്‍ച്ചയുടെ കാരണങ്ങള്‍ എന്തൊക്കെയാണ്?

വജ്ര വ്യവസായത്തിലൂടെ വന്‍ വിദേശനാണ്യമാണ് നൂറ്റാണ്ടുകളായി നേടിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ വജ്ര ഖനനമേഖലയില്‍ പതിനഞ്ച് വജ്രം ഖനനം ചെയ്താല്‍ അതില്‍ പതിനാലെണ്ണവും എത്തിയിരുന്നത് ഗുജറാത്തിലെ സൂററ്റിലെ വജ്ര പോളിഷ് കേന്ദ്രങ്ങളിലേക്കായിരുന്നു. അത്രയും വിദഗ്ധരായ തൊഴിലാളികളും  വ്യവസായികളും ഉള്ള പ്രമുഖ നഗരമാണ് സൂററ്റ്. ഈ സൂററ്റിലെ വജ്ര വ്യാപാരകേന്ദ്രങ്ങളില്‍ നിന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന വജ്രങ്ങള്‍ക്കും രത്‌നങ്ങള്‍ക്കുമാണ് ലോകമാര്‍ക്കറ്റില്‍ ഏറ്റവും ഉപഭോക്താക്കള്‍ ഉള്ളത്.

ഈ ഉപഭോക്താക്കളില്‍ യുഎസ് ആണ് മുമ്പന്‍. എന്നാല്‍ വിപണിയില്‍ ഇത്രയും സ്വാധീനമുള്ള ഇന്ത്യന്‍ വജ്രങ്ങളുടെ വ്യാപാരമേഖലയ്ക്ക് എന്തുപറ്റി? ഏഴ് മാസമായി വന്‍തോതിലാണ് വജ്ര കയറ്റുമതി ഇടിഞ്ഞതെന്ന് കണക്കുകള്‍ പറയുന്നു. 2019-20 വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 12.4 ബില്യണ്‍ ഡോളറിന്റെ വജ്ര,ആഭരണ കയറ്റുമതി മാത്രമാണ് നടന്നിട്ടുള്ളത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയിലേക്കുള്ള കാരണങ്ങളിലൊന്നില്‍ ഈ വജ്രത്തകര്‍ച്ചയും പങ്കുവഹിച്ചുവെന്ന് മനസിലാക്കാം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അസംസ്‌കൃത വജ്രക്കല്ലുകളുടെ ഇറക്കുമതി 22% കുറഞ്ഞുവെന്ന് ആഭരണ കയറ്റുമതി പ്രോത്സാഹന കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പറയുന്നു. പോളിഷ് ചെയ്ത രത്‌നങ്ങളുടെ കയറ്റുമതിയില്‍ 18% ഇടിവും നേരിട്ടു. ജിഡിപിയിലേക്ക് 7% വിഹിതം സംഭാവന ചെയ്തിരുന്ന വ്യവസായമാണ് ഇപ്പോള്‍ തിരിച്ചടികളുടെ പാതയിലേക്ക് നീങ്ങിയിരിക്കുന്നത്. 2017-18 വര്‍ഷത്തില്‍ 32.7 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയായിരുന്നു നടന്നത്. 2018-19ല്‍ വെറും 30.9% മാത്രമായി ഇടിഞ്ഞുതുടങ്ങി. പിന്നിടങ്ങോട്ടുള്ള മാസങ്ങളിലൊക്കെ വജ്ര,ആഭരണകയറ്റുമതിയില്‍ ഇടിവ് തന്നെ തുടരുന്നു.. 

 ഇന്ത്യയില്‍ തന്നെ ഗുജറാത്തിലെ ആഭരണവ്യവസായത്തിനാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി ലഭിച്ചിരിക്കുന്നത്. അമ്പത് ലക്ഷത്തില്‍പരം തൊഴിലാളികള്‍ ജോലി ചെയ്യുന്ന മേഖലയില്‍ നിരവധി സംരംഭങ്ങളാണ് തൊഴില്‍ നഷ്ടം നേരിടുന്നത്. ആഭരണ നിര്‍മാണമേഖലയുടെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന സൂററ്റില്‍ മാത്രം വിദഗ്ധ തൊഴിലാളികളുടെ വരുമാനം എഴുപത് ശതമാനം ഇടിഞ്ഞു. ഇന്ത്യയുടെ വിദേശ കയറ്റുമതിയുടെ 15% കൈയ്യാളുന്ന വ്യവസായത്തിനാണ് ഈ ദുരവസ്ഥ. സൂററ്റില്‍ മാത്രം പതിനഞ്ച് ലക്ഷത്തോളം വിദഗ്ധ തൊഴിലാളികളും ചെറുതും വലുതുമായ അയ്യായിരത്തോളം വജ്രമിനുക്കുന്ന തൊഴിലാളികളും ഉണ്ട്.. 

 പ്രതിസന്ധിയുടെ കാരണം പരിശോധിക്കാം

ലോകത്ത് ആകെ ഖനനം ചെയ്യുന്ന വജ്രങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ പതിനഞ്ചെണ്ണം ഖനനം ചെയ്താല്‍ പതിനാലും സൂററ്റില്‍ നിന്നാണ് പോളിഷ് ചെയ്തിരുന്നത്. ഇവ പ്രധാനമായും ചൈനയിലേക്ക് കയറ്റി അയച്ച് ആഭരണങ്ങളായും മൊത്തം വില്‍പ്പനയുമായിരുന്നു പതിവ്. യുഎസായിരുന്ന സുററ്റ് വജ്രങ്ങളുടെ പ്രധാന ഉപഭോക്താവ്. വ്യാപാരയുദ്ധം മൂര്‍ച്ചിച്ചതോടെ ചൈന വിപണിയില്‍ സൂററ്റ് വജ്രങ്ങള്‍ വിറ്റഴിയാതെയായി. ഇതും ഇന്ത്യന്‍ കയറ്റുമതിയ്ക്ക് വില്ലനായി. എന്നാല്‍ തകര്‍ച്ചയ്ക്ക് വ്യാപാരയുദ്ധം ഒരു കാരണമാണെങ്കിലും പ്രധാനകാരണം മറ്റൊന്നാണെന്ന് വ്യാപാരികള്‍ പറയുന്നു.

എട്ടുമാസത്തോളമായി ഈ മേഖലയില്‍ വന്‍ തിരിച്ചടികളാണ് നേരിടുന്നതെന്ന് സൂററ്റ് ഡയമണ്ട്  അസോസിയേഷന്‍ പ്രസിഡന്റ് ബാബുഭായ് കട്ടാരിയ പറഞ്ഞു. നീരവ് മോദി ഉള്‍പ്പെടെയുള്ളവരുടെ തട്ടിപ്പ് തങ്ങളുടെ ബിസിനസുകളെ ബാധിച്ചതായും അദേഹം പറഞ്ഞു. വജ്ര വ്യവസായി നീരവ് മോദി ബാങ്കുകളില്‍ വായ്പാതട്ടിപ്പ് നടത്തി രാജ്യംവിട്ട 2018ന് ശേഷമാണ് ഈ തളര്‍ച്ച തുടങ്ങിയത്. കാരണം നീരവ് മോദിയുടെ തട്ടിപ്പിന് ശേഷം വജ്ര വ്യവസായികളില്‍ ബാങ്കുകള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പതിമൂവായിരം കോടിയുടെ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ആരും വജ്ര,ആഭരണ വ്യവസായികള്‍ക്ക് വായ്പ അനുവദിക്കുന്നില്ലെന്നാണ് വിവരം. ഇതേതുടര്‍ന്ന് പല വ്യവസായികള്‍ക്കും നേരിട്ടത് വന്‍ തിരിച്ചടിയാണെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു. രാജ്യത്തിന്റെ ജിഡിപിയില്‍ നല്ലൊരുഭാഗം സംഭാവന ചെയ്തിരുന്ന വജ്ര ആഭരണ വ്യവസായം തകരുന്നതില്‍ ആശങ്കയിലാണ് അധികൃതര്‍.

Related Articles

© 2024 Financial Views. All Rights Reserved