ഓഹരി വിപണി ക്ഷീണിച്ചാലും നിക്ഷേപകര്‍ ഉന്‍മേഷത്തില്‍; ഒരു വര്‍ഷത്തിനിടെ ഓഹരിയിലേക്ക് ഒഴുകിയെത്തിയത് 41 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകള്‍; നിക്ഷേകരുടെ എണ്ണം 3.65 കോടി കവിഞ്ഞുവെന്ന് സെബി

July 17, 2019 |
|
Investments

                  ഓഹരി വിപണി ക്ഷീണിച്ചാലും നിക്ഷേപകര്‍ ഉന്‍മേഷത്തില്‍; ഒരു വര്‍ഷത്തിനിടെ ഓഹരിയിലേക്ക് ഒഴുകിയെത്തിയത് 41 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകള്‍; നിക്ഷേകരുടെ എണ്ണം 3.65 കോടി കവിഞ്ഞുവെന്ന് സെബി

മുംബൈ: ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ നിക്ഷേപകരുടെ എണ്ണത്തെ ബാധിക്കില്ലെന്ന് ഉറപ്പ് തരുന്നതാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മേഖലയിലേക്ക് ഒഴുകിയെത്തിയ നിക്ഷേപകരുടെ എണ്ണം. ജൂണ്‍ 30 വരെയുള്ള കണക്ക് നോക്കിയാല്‍ ആകെ 41 ലക്ഷം നിക്ഷേപകരാണ് ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിച്ച് ഓഹരി വിപണിയിലേക്ക് ഭാഗ്യ പരീക്ഷണത്തിനായി എത്തിയത്. ഇതോടെ രാജ്യത്തെ നിക്ഷേപകരുടെ എണ്ണം 3.65 കോടിയിലേക്ക് ഉയര്‍ന്നു. കണക്കുകള്‍ നോക്കിയാല്‍ രാജ്യത്ത് ഒറ്റ വര്‍ഷം കൊണ്ട് ഇത്രയധികം ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നത് ഈ വര്‍ഷമാണെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു.

മാത്രമല്ല ഓഹരി വിപണി ചാഞ്ചാടി നിന്നിരുന്ന സമയത്താണ് ഡീമാറ്റ് അക്കൗണ്ടുകളുടെ കുത്തൊഴുക്കുണ്ടായതെന്നാണ് മറ്റൊരു പ്രത്യേക. ജൂണ്‍ അവസാന പാദം വരെ വെറും ഏഴ് ശതമാനം റിട്ടേണ്‍ മാത്രം ഓഹരി നല്‍കിയിരുന്ന സമയത്തും ബിഎസ്ഇ മിഡ് ക്യാപ് സ്‌മോള്‍ ക്യാപ് സൂചികകള്‍ ആറ് ശതമാനവും 13 ശതമാനവും ഇടിഞ്ഞ വേളയിലും ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം വര്‍ധിച്ചും എന്നുള്ളതും അത്ഭുതപ്പെടുത്തുന്ന സംഗതിയാണ്.

എന്നാല്‍ ഇതിന് മുന്‍പുള്ള രണ്ട് വര്‍ഷങ്ങളില്‍ 35 ലക്ഷം നിക്ഷേപകരേയും 25 ലക്ഷം നിക്ഷേപകരേയുമാണ് ഓരോ വര്‍ഷവും ഓഹരി വിപണിയിലേക്ക് ലഭിച്ചത്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപകരായെത്തുന്നത് ഭൂരിഭാഗവും മുംബൈയില്‍ നിന്നാണെങ്കിലും ഐടി ഹബുകളായ ബംഗലൂരുവില്‍ നിന്നും ഹൈദരാബാദില്‍ നിന്നും വരുന്ന നിക്ഷേപകരുടെ എണ്ണവും ഇപ്പോള്‍ വര്‍ധിക്കുകയാണ്. 

ഡീമാറ്റ് അക്കൗണ്ട്

നിങ്ങളുടെ പണം ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതുപോലെ ഓഹരികള്‍ സൂക്ഷിക്കുന്ന ഇടമാണ് ഡീമാറ്റ് അക്കൗണ്ട്. ഓഹരി വാങ്ങിയാല്‍ നിങ്ങളുടെ പേരിലുള്ള ഡീമാറ്റ് അക്കൗണ്ടിലാണ് വരവ് വയ്ക്കുക. അതുപോലെതന്നെ വിറ്റാല്‍ അക്കൗണ്ടില്‍ നിന്ന് പ്രസ്തുത ഓഹരി പിന്‍വലിക്കുകയും ചെയ്യും. 

ഇന്ത്യയില്‍ എന്‍എസ്ഡിഎല്‍, സിഡിഎസ്എല്‍ എന്നീ രണ്ട് ഡെപ്പോസിറ്ററികളാണുള്ളത്. ഈവയിലേതെങ്കിലുമൊന്നില്‍ ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. നിക്ഷേപകന്‍ നേരിട്ടല്ല, ഓഹരി ബ്രോക്കര്‍ വഴിയാണ് ഡീമാറ്റ് അക്കൗണ്ട് എടുക്കുക.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved