Trading

ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 15,750ന് മുകളിലെത്തി

മുംബൈ: ഐടി, ഇന്‍ഫ്ര, എനര്‍ജി ഓഹരികളുടെ ബലത്തില്‍ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 15,750ന് മുകളിലെത്തി. വൈകീട്ട് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന അറിയിപ്പ് വന്നതോടെ ഉച്ചയ്ക്കുശേഷമാണ് വിപണിയില്‍ കുതിപ്പുണ്ടായത്. സമ്പദ്ഘടനയ്ക്ക് അനുകൂലമായ പ്രഖ്യാപനമുണ്ടായേക്കാമെന്ന പ്രതീക്ഷയും വാക്സിനേഷന്റെ കാര്യത്തില്‍ വ്യക്തത വരുത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തിയത്.

സെന്‍സെക്സ് 228.46 പോയിന്റ് നേട്ടത്തില്‍ 52,328.51ലും നിഫ്റ്റി 81.40 പോയിന്റ് ഉയര്‍ന്ന് 15,751.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2284 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 961 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികള്‍ക്ക് മാറ്റമില്ല. അദാനി പോര്‍ട്സ്, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, ശ്രീസിമെന്റ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

മെറ്റല്‍, ഫാര്‍മ സൂചികകളാണ് നേരിയ തോതില്‍ നഷ്ടം നേരിട്ടത്. മറ്റ് സൂചികകള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.7-1.4 ശതമാനം ഉയര്‍ന്നു. ഡോളറിനെതിരെ 19 പൈസ നേട്ടത്തില്‍ 72.84 നിലവാരത്തിലാണ് രൂപ ക്ലോസ് ചെയ്തത്. ഓഹരി വിപണിയില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് രൂപ നേട്ടമാക്കിയത്.

News Desk
Author

Related Articles