
മുംബൈ: മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്സ് വീണ്ടും 54,000ന് മുകളിലെത്തി. സെന്‍സെക്സ് 503.27 പോയിന്റ് ഉയര്‍ന്ന് 54,253.53ലും നിഫ്റ്റി 144.40 പോയിന്റ് നേട്ടത്തില്‍ 16,170.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മെയ് മാസത്തെ ഫ്യൂച്ചര്‍ കരാറുകളുടെ കാലാവധി അവസാനിക്കുന്ന ദിവസമായിട്ടും വിപണിയില്‍ അനുകൂല പ്രതികരണമുണ്ടായി.
വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്പനയും അതിന് ആനുപാതികമായി ആഭ്യന്തര നിക്ഷേപമെത്താത്തതുമാണ് വിപണിയിലെ അനിശ്ചിതത്വത്തിന്റെ പ്രധാനകാരണം. ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ഐടിസി, യുപിഎല്‍, ഡിവീസ് ലാബ്, സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. മെറ്റല്‍, ഐടി, പവര്‍, റിയാല്‍റ്റി, ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 1-3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് 1.4ശതമാനവും സ്മോള്‍ ക്യാപ് 0.78 ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.