Trading

ഡിസംബറിലെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ മുന്നേറ്റം

മുംബൈ: ഡിസംബറിലെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ മുന്നേറ്റം. ഐടി, ഓട്ടോ, ധനകാര്യം തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ കരുത്തില്‍ നിഫ്റ്റി 17,150ന് മുകളിലെത്തി. നടപ്പ് സാമ്പത്തികവര്‍ഷം രണ്ടാം പാദത്തിലെ ആഭ്യന്തര മൊത്തം ഉത്പാദനം 8.4 ശതമാനമായി വര്‍ധിച്ചതാണ് നിക്ഷേപകരുടെ ആത്മവിശ്വാസമുയര്‍ത്തിയത്. കോവിഡിന്റെ രണ്ടാംതരംഗത്തെ അതിജീവിച്ച് സമ്പദ്ഘടന കുതിപ്പിന്റെ പാതയിലായത് വിപണി നേട്ടമാക്കി. ജിഎസ്ടി വരുമാനത്തിലെ കുതിപ്പും അതിന് തെളിവായി. ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും ആഗോള വിപണികളും മികച്ചനേട്ടത്തിലായിരുന്നു.

619.92 പോയിന്റാണ് സെന്‍സെക്സിലെ നേട്ടം. 57,684.79ലാണ് സൂചിക ക്ലോസ് ചെയ്തത്. നിഫ്റ്റി 183.70 പോയിന്റ് ഉയര്‍ന്ന് 17,166.90ലുമെത്തി. ഇന്‍ഡസിന്‍ഡ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, അദാനി പോര്‍ട്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍ ക്ലോസ്ചെയ്തത്. സിപ്ല, ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. ഫാര്‍മ ഒഴികെയുള്ള ഓഹരികള്‍ നേട്ടത്തിലായിരുന്നു. മെറ്റല്‍ സൂചിക രണ്ടുശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ് ക്യാപ് ഒരുശതമാനവും സ്മോള്‍ക്യാപ് 0.27ശതമാവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

Author

Related Articles